ബോക്സ് ഓഫിസ് റെക്കോഡുകൾ ഭേദിച്ച് രാമായണ കുതിക്കുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' (രൺബീർ കപൂർ, യഷ്, സായ് പല്ലവി) 2026 നവംബർ 5ന് റിലീസ് ചെയ്തു. അഞ്ചാം ദിനമായ തിങ്കളാഴ്ച ഇന്ത്യയിൽ 107.50 കോടി രൂപ നെറ്റ് കലക്ഷൻ നേടി, ഒറ്റ ദിവസം 100 കോടിയിലധികം നെറ്റ് നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി; ബോളിവുഡിലെ ഏറ്റവും വലിയ തിങ്കളാഴ്ചയും ഇതാണ്. ഇന്ത്യയിലെ നെറ്റ് കലക്ഷൻ 346 കോടി രൂപയും (ഗ്രോസ് 413 കോടി) ആഗോള ഗ്രോസ് 663 കോടി രൂപയുമാണ്. ജയിലർ (605 കോടി), സുൽത്താൻ (621 കോടി), ബാഹുബലി: ദ ബിഗിനിങ് (650 കോടി) എന്നിവയെ മറികടന്ന ചിത്രം, ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ 25 ചിത്രങ്ങളുടെ പട്ടികയിലെത്തി. വിദേശത്ത് ഇതുവരെ 26.7 ദശലക്ഷം ഡോളർ നേടി. രണ്ടാം ഭാഗം 2028 ദീപാവലിക്ക് റിലീസ് ചെയ്യും.
മുംബൈ: ഇത്രയും വലിയൊരു ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന ആ ദിവസം, ഒടുവിൽ 'രാമായണ'യ്ക്ക് ലഭിച്ചു. നിതേഷ് തിവാരിയുടെ രൺബീർ കപൂർ-യഷ് ചിത്രം റിലീസിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച, ഇന്ത്യയിൽ ഒറ്റ ദിവസം 100 കോടി രൂപയിലധികം നെറ്റ് കലക്ഷൻ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി. ഈ ഒറ്റ ദിവസം മാത്രം നേടിയത് 107.50 കോടി രൂപ-'ധുരന്ധർ: ദ റിവഞ്ച്' ഒഴികെ മറ്റൊരു ചിത്രത്തിനും ഇതുവരെ ഇന്ത്യയിൽ ഒറ്റ ദിവസം നൂറ് കോടി കലക്റ്റ് ചെയ്യാനായിട്ടില്ല. അതിനെയും മറികടന്നാണ് ബോളിവുഡിലെ എക്കാലത്തെയും വലിയ തിങ്കളാഴ്ച രാമായാണയുടെ പേരിൽ എഴുതിച്ചേർത്തത്.
ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കലക്ഷൻ 346 കോടി രൂപയായി (ഗ്രോസ് 413 കോടി രൂപ). അഞ്ച് ദിവസംകൊണ്ടുള്ള ആഗോള ഗ്രോസ് 663 കോടി രൂപയിലുമെത്തി.
വ്യാഴാഴ്ച മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷക പ്രതികരണങ്ങൾ പൊതുവേ പോസിറ്റീവായിരുന്നെങ്കിലും, തിയറ്ററിലേക്കുള്ള ഒഴുക്കിന് അത്ര കരുത്തുണ്ടായില്ല. ആദ്യ ദിനം ആഗോളതലത്തിൽ 128 കോടി രൂപ നേടിയ ചിത്രം, നാലു ദിവസത്തെ ഓപ്പണിങ് വാരാന്ത്യം പൂർത്തിയാക്കിയപ്പോൾ 500 കോടി രൂപയിലെത്തി. പക്ഷേ, 1600 മുതൽ 2000 കോടി രൂപ വരെയാണ് ബജറ്റെന്ന് റിപ്പോർട്ടുകൾ പറയുന്ന ഒരു ചിത്രത്തിന് ഇത് അൽപ്പം നിരാശാജനകമായ സംഖ്യയായിരുന്നു.
തിങ്കളാഴ്ച ആ സ്ഥിതി മാറി. ദീപാവലിക്കു ശേഷമുള്ള അവധി ഇടവേളയിൽ ടിക്കറ്റ് വിൽപ്പന അതിവേഗത്തിലായി. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിന്റെ ഏറ്റവും വലിയ ദിനമായി തിങ്കളാഴ്ച മാറി. മുതൽമുടക്ക് തിരിച്ചുപിടിക്കുന്നതിൽ ചിത്രം വീണ്ടും ട്രാക്കിലായി.
ആദ്യ മൂന്നു ദിവസം 'ആദിപുരുഷി'നു പിന്നിലായിരുന്ന 'രാമായണ', ദീപാവലി ദിനത്തിൽ അതിനെ അനായാസം മറികടന്നിരുന്നു. തിങ്കളാഴ്ച ആഗോളതലത്തിൽ മാത്രം 156 കോടി രൂപ കൂട്ടിച്ചേർത്തതോടെ, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ 25 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു- ഒറ്റ ദിവസംകൊണ്ട് 13 സ്ഥാനങ്ങൾ കയറി. രജനീകാന്തിന്റെ 'ജയിലർ' (605 കോടി രൂപ), സൽമാൻ ഖാന്റെ 'സുൽത്താൻ' (621 കോടി രൂപ), എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി: ദ ബിഗിനിങ്' (650 കോടി രൂപ) തുടങ്ങിയ എക്കാലത്തെയും വമ്പൻ ഹിറ്റുകളുടെ കലക്ഷൻ റെക്കോഡുകളാണ് ഇതോടെ പഴങ്കഥയായത്.
ചിത്രത്തിന്റെ വിദേശ കലക്ഷനാണ് ഇതുവരെ പ്രധാന പ്രശ്നമായി നിന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്ത ചിത്രം ലോകമെമ്പാടും 59,000 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്-ഏതൊരു വലിയ ഇന്ത്യൻ റിലീസിന്റെയും ഏകദേശം ആറിരട്ടി. എന്നിട്ടും വടക്കേ അമെരിക്കയിൽ 12.2 ദശലക്ഷം ഡോളറിനാണ് ചിത്രം ഓപ്പൺ ചെയ്തത്; മറ്റു വിപണികളിൽ 11 ദശലക്ഷം ഡോളർ കഷ്ടിച്ചു കടന്നു.
ഇന്ത്യയ്ക്കു പുറത്ത് ദീപാവലി അവധി ഇല്ലാതിരുന്നതിനാൽ, തിങ്കളാഴ്ച വിദേശ വിപണികളിൽ ചെറിയൊരു ഇടിവുണ്ടായി. എന്നാൽ, ഇതുവരെ വിദേശത്തുനിന്ന് 26.7 ദശലക്ഷം ഡോളർ നേടിയ ചിത്രത്തിന്റെ കലക്ഷൻ ക്രമാനുഗതമായി ഉയരുകയാണ്. ചൊവ്വാഴ്ച ഭായ് ദൂജ് അവധിയായതിനാൽ, ഇന്ത്യയിൽ ചിത്രത്തിന് മറ്റൊരു റെക്കോഡ് ദിനം കൂടി ലഭിച്ചേക്കാം.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്ന് നിർമിച്ച 'രാമായണ' രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. ആദ്യ ഭാഗം 2026 നവംബർ 5ന് ലോകമെമ്പാടും റിലീസ് ചെയ്തു; രണ്ടാം ഭാഗം 2028 ദീപാവലിക്ക് എത്തും.