നിതേഷ് തിവാരിയുടെ 'രാമായണം'; രാമനും രാവണനും വാങ്ങുന്നത് കോടികൾ
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 4,000 കോടി രൂപ ബജറ്റിലൊരുങ്ങി 2026 നവംബർ 8ന് തിയെറ്റർ റിലീസിന് തയാറെടുക്കുന്ന ചിത്രമാണ് രാമായണം. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
രാമനായി വേഷമിടുന്ന ബോളിവുഡ് താരം രൺബീർ കപൂറിന് മാധ‍്യമ റിപ്പോർട്ടുകൾ പ്രകാരം രണ്ട് ഭാഗങ്ങളിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന് 150 കോടി രൂപയാണ് പ്രതിഫലമായി നൽകിയത്.
എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. രാവണനായി വേഷമിടുന്ന കെജിഎഫ് സ്റ്റാർ യഷിന് രണ്ട് ഭാഗങ്ങളിലേക്കുമായി 100 കോടി രൂപ ലഭിക്കും. ചിത്രത്തിന്‍റെ സഹ നിർമാതാവായതിനാൽ ഇതുകൂടാതെയും വരുമാനം ലഭിക്കും.
ഹനുമാനായി വേഷമിടുന്ന സണ്ണി ഡിയോളിന് 40 കോടി രൂപയാണ് ലഭിക്കുക. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലാണ് സണ്ണി ഡിയോളിന് മുഴുനീള വേഷമുള്ളത്. ലക്ഷ്മണനായി എത്തുന്ന നടൻ രവി ദുബെയ്ക്ക് 2 മുതൽ 4 കോടി വരെ വാങ്ങുന്നു.
അദ്ദേഹത്തിന്‍റെ യഥാർഥ പ്രതിഫല കണക്കുകൾ പുറത്തുവന്നിട്ടില്ല. ദശരഥ മഹാരാജാവിന്‍റെ വേഷം കൈകാര‍്യം ചെയ്യുന്ന അരുൺ ഗോവിലിന് 2.5 കോടിയും സീതയായി വേഷമിടുന്ന സായ് പല്ലവിക്ക് രണ്ട് ഭാഗങ്ങളിലുമായി 12 കോടി രൂപയുമാണ് പ്രതിഫലം.
ശൂർപ്പണകയായി അഭിനയിക്കുന്ന രാകുൽ പ്രീത് സിങ്ങിന് ഒരു കോടി മുതൽ 2 കോടി രൂപ വരെയും കൈകേയി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാറ ദത്ത 3 കോടി കോടി രൂപയാണ് പ്രതിഫലം വാങ്ങുക. വിഭിഷന്‍റെ വേഷം ചെയ്യുന്ന വിവേക് ഒബ്രോയി ഇതുവരെ പ്രതിഫലം വാങ്ങാതെയാണ് ഈ വലിയ ചിത്രത്തിന്‍റെ ഭാഗമായതെന്നും റിപ്പോർട്ടുകളുണ്ട്.