വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന.
2026 ഒക്റ്റോബർ 26ന്, നടി രശ്മിക മന്ദന, ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കെതിരെ 'കോഫി വിത്ത് കരൺ' എപ്പിസോഡിനു ശേഷം ഉയർന്ന ട്രോളിങ്ങിന് മറുപടി നൽകി. 'പ്രൊപ്പോസ് ചെയ്യുന്നത് തന്റെ സ്വഭാവമല്ല' എന്ന ദേവരകൊണ്ടയുടെ പരാമർശത്തെ തുടർന്ന് അദ്ദേഹത്തെ 'റെഡ് ഫ്ലാഗ്' എന്നു വിളിച്ചവർക്കെതിരെ, ഫെമിനിസത്തിന്റെ വേഷമണിഞ്ഞ ബുള്ളിയിങ് എന്നാണ് മന്ദന ഇതിനെ വിശേഷിപ്പിച്ചത്. തന്നെക്കുറിച്ച് എന്തു പറഞ്ഞാലും സഹിക്കാമെന്നും, കുടുംബത്തെ അറിയാതെ വിമർശിക്കുന്നത് ഫെമിനിസമല്ലെന്നും അവർ വ്യക്തമാക്കി. ഇരുവരും 2026 ഫെബ്രുവരി 26ന് വിവാഹിതരായിരുന്നു.
ന്യൂഡൽഹി: 'കോഫി വിത്ത് കരൺ' എപ്പിസോഡിനു ശേഷം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന വിവാദത്തിന് രൂക്ഷമായ മറുപടിയുമായി രശ്മിക മന്ദാന. ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കെതിരേ ഉയർന്ന 'റെഡ് ഫ്ളാഗ്' ആരോപണങ്ങളെ ഫെമിനിസത്തിന്റെ വേഷമിട്ട ബുള്ളിയിങ് എന്നാണ് നടി വിശേഷിപ്പിച്ചത്.
ഷോയിൽ ദേവരകൊണ്ട പറഞ്ഞ വാക്കുകളായിരുന്നു വിവാദത്തിന്റെ തുടക്കം- 'പ്രൊപ്പോസ് ചെയ്യുക എന്നത് എന്റെ സ്വഭാവമല്ല. വിവാഹം കഴിക്കാമെന്ന് അവളാണ് പറഞ്ഞത്. നൂറു തവണയാണ് നീ എന്നോടു ചോദിച്ചത്.' സമ്മതിപ്പിക്കാൻ ഒരു വർഷമെടുത്തു എന്ന മന്ദനയുടെ മറുപടിയും ചേർന്നതോടെ, 'അർജുൻ റെഡ്ഡി' താരത്തെ 'റെഡ് ഫ്ലാഗ്' എന്നു വിളിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ആക്രമണം അഴിച്ചുവിട്ടു.
ഇതിനെതിരേ ദീർഘമായ ഒരു കുറിപ്പിലൂടെയാണ് രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
'ഇന്റർനെറ്റിലെ എന്റെ പ്രിയപ്പെട്ടവരേ... ആഴത്തിൽ സ്നേഹിക്കുന്നവരോടും, എന്നും കയ്പ്പു നിറഞ്ഞവരോടും. എന്നെയും വിജ്ജുവിനെയും സംബന്ധിച്ച ഈ മുഴുവൻ വിഷയത്തിലും എന്റെ ചെറിയ അഭിപ്രായം,' നടി എഴുതി.
'സാധാരണയായി ഞാൻ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ല, കാരണം എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ചിലപ്പോൾ, വ്യത്യസ്ത കാഴ്ചപ്പാടുകൾ കിട്ടാൻ വേണ്ടി അതൊക്കെ ഞാൻ വായിക്കാറുമുണ്ട്. പക്ഷേ, ഞങ്ങളുടെ അഭിമുഖത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ ഭ്രാന്ത്, അഭിപ്രായങ്ങൾ എന്നതിനെക്കാൾ, ദേഷ്യം തീർക്കാൻ ആരെയെങ്കിലും തേടുന്ന കോപാകുലരായ ആൾക്കൂട്ടത്തെപ്പോലെയാണ് തോന്നുന്നത്,' അവർ എഴുതി.
സ്നേഹത്തിൽ വിശ്വസിക്കുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്ന് രശ്മിക പറഞ്ഞു.
'ഒരു കാര്യം കൂടി. എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ. എനിക്കത് താങ്ങാനാകും. പക്ഷേ, എന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നതോ? അത് ഫെമിനിസമല്ല. അത് ഫെമിനിസത്തിന്റെ വേഷമണിഞ്ഞ ബുള്ളിയിങ് ആണ്. ആണായാലും പെണ്ണായാലും, മറ്റൊരാളെ താഴ്ത്തിക്കെട്ടുകയോ മേൽക്കോയ്മ സ്ഥാപിക്കുകയോ ചെയ്യുക എന്നതായിരുന്നില്ല ഒരിക്കലും ഫെമിനിസം. സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു അത്, എപ്പോഴും,' നടി പറഞ്ഞു.
പങ്കാളിയോടുള്ള അമിത സ്നേഹത്തെ ചൊല്ലിയുള്ള ആരോപണങ്ങൾക്കും രശ്മിക മറുപടി നൽകി- പങ്കാളിയുമായി പ്രണയത്തിലായിരിക്കുക എന്നത് എപ്പോൾ മുതലാണ് തെറ്റായതെന്ന് അവർ ചോദിച്ചു.
'ജീവിതകാലം മുഴുവൻ എന്റെ കൂട്ടുകാരനായിരിക്കും അദ്ദേഹം. സാധാരണ ദിവസങ്ങളിലും അസാധാരണ ദിവസങ്ങളിലും എന്റെ സുഹൃത്ത്. എന്റെ കുട്ടികളുടെ പിതാവ്. ഞാൻ വാർധക്യത്തിലേക്ക് ഒന്നിച്ചു നടക്കുന്ന മനുഷ്യൻ. വിവാഹശേഷവും, 'നമുക്ക് വിവാഹം കഴിക്കാം' എന്ന് വീണ്ടും പറയണമെന്ന് തോന്നിപ്പിക്കുന്നത്ര മനോഹരമായി നിങ്ങളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തൂ. നൂറല്ല, ആയിരം തവണ ഞാനതു ചെയ്യും.'
'സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം കെട്ടിപ്പടുത്തത്. എങ്ങനെ ജീവിക്കണമെന്നും ആരുമായി ജീവിതം പങ്കിടണമെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പ്രത്യേക അവകാശവും ലഭിച്ച, ബുദ്ധിശാലികളും കഴിവുള്ളവരുമായ മുതിർന്നവരാണ് ഞങ്ങൾ,' അവർ കൂട്ടിച്ചേർത്തു.
ഇതേ വർഷം ഫെബ്രുവരി 26നാണ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്. കരൺ ജോഹർ അവതരിപ്പിക്കുന്ന ജനപ്രിയ ചാറ്റ് ഷോയ്ക്കു ശേഷം ഇന്റർനെറ്റ് മുഴുവൻ ഇരുവരുടെയും ബന്ധം വിശകലനം ചെയ്യുന്ന തിരക്കിലായി.
ആവശ്യമില്ലാത്ത അഭിപ്രായങ്ങളും കമന്റുകളും ആവശ്യപ്പെടാത്ത ഉപദേശങ്ങളും കൊണ്ട് തങ്ങൾ ആക്രമിക്കപ്പെട്ടതായി രശ്മിക പറഞ്ഞു.
താൻ എന്താണ് ആഗ്രഹിക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നെന്നും, 37 വയസുള്ള ദേവരകൊണ്ടയ്ക്ക് 'ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉറപ്പു വരുത്താനും സമയം വേണമെന്നത്' ഒരുപോലെ ശരിയാണെന്നും മന്ദന പറഞ്ഞു.
'ഞങ്ങളെ സംബന്ധിച്ച്, വിവാഹം ഒരിക്കലും പ്രൊപ്പോസൽ, മുട്ടുകുത്തൽ, മോതിരമണിയിക്കൽ എന്നിവയെക്കുറിച്ചായിരുന്നില്ല. അതൊക്കെ അലങ്കാര ഭാഗം മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച്, ഇത് ഒരുമിച്ച് ഒരു ജീവിതവും ഭാവിയും കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചായിരുന്നു. ഇതുവരെ ഞങ്ങൾ അത് മനോഹരമായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്,' അവർ കൂട്ടിച്ചേർത്തു.