രവി മോഹനും കെനിഷയും
ഗായിക കെനിഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ. നടനുമായി വേർപിരിയുന്നെന്നും താൻ ചെന്നൈ വിടുകയാണെന്നും പറഞ്ഞുകൊണ്ട് കെനിഷ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് രവി മോഹൻ മാധ്യമങ്ങളെ കണ്ടത്. ഭാര്യ ആർതിയുമായി വിവാഹബന്ധം വേർപെടുന്നതുവരെ താൻ സിനിമയിൽ അഭിനയിക്കില്ല എന്നും രവി മോഹൻ പറഞ്ഞു.
അനാവശ്യമായ അപമാനം സഹിച്ച് തനിക്ക് മടുത്തെന്നും ഇനി തനിക്ക് ഇത് സഹിക്കാനാവില്ലെന്നുമാണ് രവി മോഹൻ പറഞ്ഞത്. വിവാഹമോചനം കിട്ടുന്നതുവരെ ഞാൻ അഭിനയിക്കില്ല. വിവാഹമോചനം കിട്ടി, എന്‍റെ ജീവിതം സാധാരണപോലെയായി, ഈ സൈബർ ആക്രമണം അവസാനിച്ചതിനു ശേഷം മാത്രമായിരിക്കും ഞാൻ തിരിച്ചുവരിക.- രവി മോഹൻ പറഞ്ഞു.
ആർതി തന്നെ കണ്ടിരുന്നത് അടിമയെപ്പോലെയാണെന്നും അവരാണ് തന്നോട് ദേഷ്യപ്പെട്ടിരുന്നത് എന്നുമാണ് നടൻ പറയുന്നത്. മക്കൾക്കുവേണ്ടിയാണ് ഇത്രയും വർഷം താൻ അവർക്കൊപ്പം കഴിഞ്ഞത്. തന്‍റെ മക്കളെ കാണാൻ ആർതി അനുവദിക്കുന്നില്ല. ബോഡിഗാർഡിനെ വച്ചാണ് കുട്ടികളെ സ്കൂളിൽ അയക്കുന്നത്. മക്കൾക്കുവേണ്ടി 50 ലക്ഷം രൂപയാണ് താൻ സ്കൂൾ ഫീസ് നൽകുന്നത്. തന്‍റെ മക്കളെ സ്നേഹിക്കുന്നില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
കെനിഷ താനുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെക്കുറിച്ചും രവി മോഹൻ പറഞ്ഞു. സൈബർ ആക്രമണം നടത്തി കെനിഷയെ ഓടിച്ചു. ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല. എവിടെയായാലും അവൾ സന്തോഷമായിട്ടിരിക്കട്ടേ എന്നാണ് രവി മോഹൻ പറഞ്ഞത്. താൻ സ്വയം വേദനിപ്പിക്കാൻ തുടങ്ങിയെന്ന് പറഞ്ഞ താരം കൈ മുറിച്ച പാട് ഉയർത്തിക്കാട്ടി. ഒരു ദിവസം താൻ ഈ ലോകം വിട്ടുപോകുമെന്നും താരം പറയുന്നുണ്ട്.
രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് ഗായിക കെനിഷ ഫ്രാൻസിസ് പ്രഖ്യാപിച്ചിരുന്നു. കുറച്ചേറെ ദിവസങ്ങളായി രവി മോഹനുമായുള്ള ബന്ധത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുകയായിരുന്നു കെനിഷ. പാലക്കാട് പലശ്ശനയിൽ പരിപാടി അവതരിപ്പിക്കാൻ രവി മോഹനൊപ്പം കെനിഷ എത്തിയിരുന്നു. ഇതിന് ശേഷം രവി മോഹൻ തനിക്കാരാണെന്നും ഇരുവരും തമ്മിലുള്ള ബന്ധമെന്താണ് എന്നും വിശദീകരിച്ചുള്ള വിഡിയോയും കെനിഷ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് കെനിഷ ഈ വിഡിയോ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന വെളിപ്പെടുത്തലുമായി കെനിഷ കുറിപ്പ് പങ്കുവച്ചത്.