പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം, കൂടെയുണ്ടെന്ന് പറയാൻ പോലും സാധിക്കാത്ത വിധം ഞാനും തളർന്നിരിക്കുന്നു; ലിജുവിനെതിരേ സജിത

 

സജിത മഠത്തിൽ പങ്കുവച്ച ു പ്രതീകാത്മക ചിത്രം

Entertainment

പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം, കൂടെയുണ്ടെന്ന് പറയാൻ പോലും സാധിക്കാത്ത വിധം ഞാനും തളർന്നിരിക്കുന്നു; ലിജുവിനെതിരേ സജിത

കഴിഞ്ഞ ദിവസമാണ് ബലാത്സംഗ കേസിൽ ലിജു കൃഷ്ണയെ കോടതി വെറുതെവിട്ടിരുന്നു

Namitha Mohanan

സംവിധായകൻ ലിജു കൃഷ്ണക്കെതിരേ പരാതി നൽകിയ യുവതിയെ പിന്തുണച്ച് നടി സജിത മഠത്തിൽ രംഗത്ത്. ലിജു കൃഷ്ണയെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.

30 കിലോ തൂക്കം പോലുമില്ലാത്ത 20 കളിലുള്ള ഒരു പെൺകുട്ടി, അവൾക്ക് നടക്കാൻ പരസഹായം വേണമായിരുന്നു. ബലാൽസംഗത്തിനിടയിൽ അവളുടെ ബാക്കിന് പരുക്ക് പറ്റിയിരുന്നുവെന്നും പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലാണ് താൻ അവളെ കണ്ടെതെന്നും സജിത ഫെയ്സ് ബുക്കിൽ കുറിച്ചു.

പ്രതിയായ സിനിമാ സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അയാൾ കേസ് ജയിച്ചതിനെ തുടർന്നു മാധ്യമങ്ങളിൽ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോൾ അത്ഭുതം തോന്നി. ഞാൻ നേരിട്ടു കണ്ടത് അപ്പോൾ സത്യമല്ലെയെന്നും സജിത ചോദിക്കുന്നു.

ആരെയും കാണാൻ ഉള്ള അവസ്ഥ അവൾക്കില്ല എന്നറിയാം.എങ്കിലും മനസ്സുകൊണ്ട് ചേർത്ത് പിടിക്കുന്നു. പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം.

കൂടെ ഉണ്ട് എന്നു പോലും പറയാൻ സാധിക്കാത്തവിധം ഞാനും തളർന്നിരിക്കുന്നുവെന്നും താനിത് എഴുതിയാൽ തനിക്കു നേരെ ഉണ്ടാവാൻ ഇടയുള്ള സൈബർ അറ്റാക്ക് എന്തായിരിക്കുമെന്ന് അറിയാമെന്നും ചില ഓർമ ചിത്രങ്ങൾ മനസ്സിനെ വേവിക്കുമ്പോൾ എഴുതാതിരിക്കാൻ ആവുന്നില്ലെന്നും സജിതയുടെ കുറിപ്പിൽ പറയുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

എനിക്കറിയാം ഞാനിത് എഴുതിയാൽ എനിക്കു നേരെ ഉണ്ടാവാൻ ഇടയുള്ള സൈബർ അറ്റാക്ക് എന്തായിരിക്കും എന്ന്. ചില ഓർമ്മ ചിത്രങ്ങൾ മനസ്സിനെ വേവിക്കുമ്പോൾ എഴുതാതിരിക്കാൻ ആവുന്നില്ല.

അന്ന് സഹായം അഭ്യർത്ഥിച്ച് wcc ക്ക് വന്ന ഒരു ഇമെയിലിന്‍റെ തുടർച്ചയായാണ് ജീവിതത്തിൽ യാതൊരു പരിചയവുമില്ലാത്ത ആ പെൺകുട്ടിയെ കാക്കനാടുള്ള മജിസ്ട്രേറ്റിന്‍റെ വീട്ടുമുറ്റത്തു വെച്ച് ഞാൻ കാണുന്നത്. ഇരുപതുകളിലുള്ള ഒരു പെൺകുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവൾക്ക് നടക്കാൻ പരസഹായം വേണമായിരുന്നു. ബലാൽസംഗത്തിനിടയിൽ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളർത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവൾക്കുണ്ടായിരുന്നില്ല. ആ പരിചയപ്പെടൽ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ട്.

പിന്നീട് ഒരിക്കലും ഞങ്ങൾ കണ്ടിട്ടില്ല. ചില സഹായങ്ങൾക്ക് വിളിച്ചിരുന്നു. പറ്റാവുന്നത് ചെയ്തിരുന്നു. ആറു വർഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവൾ കടന്നു പോയി. ഒറ്റക്കു തന്നെ. കൂടെ നിൽക്കേണ്ട സർക്കാർ നിയമിച്ച നിയമപാലകർ പോലും തീർത്തും അവളെ കേൾക്കുകപോലും ചെയ്യാതെ അശ്രദ്ധമായി കേസ് കൈകാര്യം ചെയ്തതായി തോന്നി. (എങ്കിലും അവൾ ശക്തമായി അവൾക്ക് പറയാനുള്ളത് പറഞ്ഞിരുന്നു.) ഇന്നും അവളുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ല. തുടർന്നു കേസ് നടത്താനോ ഇതിനോട് പ്രതികരിക്കാനോ സാധിക്കാത്ത വിധം അവൾ വല്ലാത്ത അവസ്ഥയിലാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത്.

പ്രതിയായ സിനിമാ സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അയാൾ കേസ് ജയിച്ചതിനെ തുടർന്നു മാധ്യമങ്ങളിൽ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോൾ അത്ഭുതം തോന്നി. ഞാൻ നേരിട്ടു കണ്ടത് അപ്പോൾ സത്യമല്ലെ?

ആരെയും കാണാൻ ഉള്ള അവസ്ഥ അവൾക്കില്ല എന്നറിയാം.എങ്കിലും മനസ്സുകൊണ്ട് ചേർത്ത് പിടിക്കുന്നു. പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം.

കൂടെ ഉണ്ട് എന്നു പോലും പറയാൻ സാധിക്കാത്തവിധം ഞാനും തളർന്നിരിക്കുന്നു.

കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് 2022ൽ ലിജുവിനെതിരേ കേസെടുത്തിരുന്നത്. 2020ൽ കാക്കനാട് ഫ്ലാറ്റിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇതേ തുടർന്ന് കണ്ണൂരിലെ സിനിമാ ലൊക്കേഷനിൽ നിന്നാണ് ലിജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിവിൻ പോളിയെ നായകനാക്കി ലിജു തിരക്കഥയും സംവിധാനവും നിർവഹിച്ച പടവെട്ട് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അറസ്റ്റ്.

ലിജു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു പടവെട്ട്. ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതേ വിട്ടത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ താനും കുടുംബവും നിരവധി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയതെന്നും മാതാപിതാക്കൾ വളരെയേറ് വിഷമിച്ചിരുന്നുവെന്നും തനിക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ലിജു പറഞ്ഞു.

പടവെട്ട് സിനിമയുടെ തുടക്കത്തിൽ ഗീതു മോഹൻദാസുമായി ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. അതു പിന്നീട് തർക്കമായി മാറി. അതിൽ നിന്നുണ്ടായ ഈഗോയുടെ പുറത്താണ് ഇത്തരമൊരു കള്ളക്കേസ് ചമച്ചതെന്നും കേസിൽ ഗീതുവിന്‍റെ ഇടപെടൽ കോടതിക്കു മനസിലായെന്നും ലിജു മാധ്യമങ്ങളോട് പറഞ്ഞു.

താൻ അറസ്റ്റിലായതിനു പിന്നാലെ പടവെട്ട് സിനിമയുടെ റിലീസ് തടയണമെന്നും തന്‍റെ പേര് അതിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധിസംഘടനകൾക്ക് ഫോൺകോളുകളും ഇമെയിലുകളും പോയി. ഡബ്ല്യു‌സിസി എന്ന സംഘടനയുടെ ഭാഗമായി നിന്നു കൊണ്ട് അതിനെ ദുരുപയോഗം ചെയ്യുകയായിരുന്നു ഗീതുവെന്നും ലിജു ആരോപിച്ചു. യഥാർഥത്തിൽ ഇരകളാക്കപ്പെടുന്ന പെൺകുട്ടികളുടെ പോരാട്ടത്തിന് ഇത്തരം കേസുകൾ വിലങ്ങുതടിയായി മാറുമെന്ന സാഹചര്യം നില നിൽക്കുന്നതിനാൽ ആണ് തുറന്നു പറച്ചിൽ നടത്തുന്നതെന്നും ലിജു വ്യക്തമാക്കി.