ജോയ് മാത്യു

 
Entertainment

"മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാനുള്ള അർഹതയില്ല, ഈ അശ്ലില രാഷ്ട്രീയം അഞ്ചുവർഷം കൊണ്ട് തുടച്ചുമാറ്റപ്പെടും"

സലിം കുമാറിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ തന്നെ ഭയപ്പെടുത്തിയത് അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്

Manju Soman

നടൻ സലിം കുമാറിന്റെ മരണത്തെ ആക്ഷേപിച്ചവർക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. സലിം കുമാറിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ തന്നെ ഭയപ്പെടുത്തിയത് വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ മുഖമാക്കിയ അടിമക്കൂട്ടങ്ങൾ സലിം കുമാറിന്റെ മൃതദേഹത്തോട് അനാദരവിന്റെ അശ്ലീലം കാണിക്കുകയാണ്.

മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് എന്നാണ് ജോയ് മാത്യു കുറിക്കുന്നത്. ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല. ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നതെന്നും ജോയ് മാത്യു കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പ്

സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്.

സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.

മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം’ (ചിരിക്കരുത്) വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്?‌ ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നർത്തകരുടെ ചില എഫ്.ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്;അടിമകൾ ആഹ്ലാദിക്കട്ടെ!)

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനവും സുനാമിയും; 15 മരണം, 200 ഓളം പേർക്ക് പരുക്ക്

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര: ആദ്യത്തെ 100 ദിവസം ഓർഡിനറി ബസിൽ, പിന്നീട് മറ്റ് ബസുകളിലേക്ക്

പൈക്ക അഴിമതി: കാണാതായത് 12 കോടി രൂപ, വിശദമായ അന്വേഷണം വേണമെന്ന് ‌മന്ത്രി

''പങ്കാളി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിന് തുല്യം''; കോൺഗ്രസുമായി ഒരു രാഷ്ട്രീയ ബന്ധവും ഇനി ഉണ്ടാവില്ലെന്ന് ഡിഎംകെ

മന്ത്രിയുടെ മകനുമായി അവിഹിതമെന്ന് കെട്ടുകഥ; അപകീർത്തി കേസിൽ വിജയിച്ച് നടി സുകന്യ, സൺ ടിവി 10 ലക്ഷം രൂപ നൽകണം