നിഗൂഢതയിൽ മുങ്ങി 'ഭൗമ'യിലെ സാമുവൽ; അമ്പരപ്പിച്ച് വിനീത്

 
Entertainment

നിഗൂഢതയിൽ മുങ്ങി 'ഭൗമ'യിലെ സാമുവൽ; അമ്പരപ്പിച്ച് വിനീത്

'ഭൗമ'യിൽ ഹൈറേഞ്ചിലെ റോസ് വില്ല എന്ന എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പരിപാലകനായാണ് വിനീത് അഭിനയിച്ചിരിക്കുന്നത്.

Entertainment Desk

പതിനഞ്ചാം വയസ്സിൽ പ്രണയ നായകനായി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ നടനാണ് വിനീത്. കാലം മാറുമ്പോള്‍ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലും വിനീത് വ്യത്യസ്തത തേടി. ഏറ്റവും ഒടുവിൽ 'ഭൗമ'യിലെ സാമുവലുമായി അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. പല അടരുകളിലുള്ള സാമുവൽ എന്ന വേഷത്തെ 'ഭൗമ'യിൽ അനശ്വരമാക്കിയിരിക്കുകയാണ് അദ്ദേഹം. ഓരോ നോക്കിലും വാക്കിലും നടപ്പിലും ശരീര ഭാഷയിലും അദ്ദേഹം കൊണ്ടുവന്നിരിക്കുന്ന സൂക്ഷ്മതയും കൃത്യതയുമായി നന്നായി രാകി മിനുക്കിയ കഠാര മൂർച്ചയോടെ ഈ കഥാപാത്രം പ്രേക്ഷക മനസ്സിലേക്ക് ആഴ്‍ന്നിറങ്ങിയിരിക്കുകയാണ്.

റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'ഭൗമ'യിൽ ഹൈറേഞ്ചിലെ റോസ് വില്ല എന്ന എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പരിപാലകനായാണ് വിനീത് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ നിഗൂഢമാണ് സാമുവൽ എന്ന കഥാപാത്രം. അയാൾക്ക് ചില രഹസ്യങ്ങളുണ്ട്, ആ രഹസ്യങ്ങൾ തേടിയുള്ള ചിലരുടെ യാത്രയും അതിനിടയിലെ സംഭവങ്ങളുമൊക്കെയാണ് ചിത്രം.

ഒരു ഗോഥിക് മിസ്റ്ററി ത്രില്ലറിന് വേണ്ട എല്ലാ ഭീതിജനകമായ അന്തരീക്ഷവും ഒരുക്കുന്നതിൽ സംവിധായകൻ റെജിൻ എസ്. ബാബുവും സംഘവും വിജയിച്ചിട്ടുണ്ട്. ശരൺ വേലായുധന്‍റെ മികവാർന്ന ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്‍റെ ഹോണ്ടിങ് ആയ പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. എഡിറ്റിംഗും കലാസംവിധാനവും ശബ്‍ദമിശ്രണവും തിയേറ്റർ അനുഭവം മികച്ചതാക്കുന്നുണ്ട്. സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു ഡാർക്ക് മിസ്റ്ററി ത്രില്ലറാണ് 'ഭൗമ'. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം.