സനൽകുമാർ ശശിധരൻ |മഞ്ജു വാര്യർ
നടി മഞ്ജു വാര്യരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ് എന്നതാണ് അതിൽ പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന്. ഇതിൽ മുഖ്യമന്ത്രിക്ക് സനൽകുമാർ പരാതി നൽകിയിരുന്നു. ഇതിന് പൊലീസ് നൽകിയ മറുപടികത്ത് പുറത്തുവിട്ടുകൊണ്ട് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി സനൽകുമാർ രംഗത്തെത്തിയിരിക്കുകയാണ്.
"മഞ്ജു വാര്യർക്കെതിരേ അത്തരമൊരു ഭീഷണിയും നിലനിൽക്കുന്നതായി കണ്ടെത്താനായിട്ടില്ല. എന്നാൽ മഞ്ജുവാര്യരെ താങ്കൾ നിരന്തരമായി സോഷ്യൽ മീഡിയയിലടക്കം പിന്തുടരുന്നെന്ന് കാട്ടി 2 പരാതികൾ ലഭിച്ചിട്ടുണ്ട്. അതിൽ അന്വേഷണം തുടരുകയാണ്" എന്നാണ് പൊലീസിന്‍റെ നോട്ടീസിൽ പറയുന്നത്.
ഇതിനെതിരേയാണ് സനൽകുമാർ രംഗത്തെത്തിയിരിക്കുന്നത്. മഞ്ജു വാര്യരുടെ മാഫിയാ തടവിനെക്കുറിച്ച് അന്വേഷിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടുള്ള ശബ്ദരേഖകൾ സഹിതം പരാതി നൽകിയിട്ടും പൊലീസത് പരിഗണിച്ചില്ലെന്നാണ് സനൽകുമാർ പറയുന്നത്. പകരം അവർ തനിക്കെതിരായ പരാതിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സനൽകുമാറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ...
എനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ നൽകിയിട്ടുള്ള പരാതികൾ അവർ അറിഞ്ഞുകൊണ്ടുള്ളതല്ല എന്ന് എന്നോട് പറഞ്ഞുവെന്നും അവരുടെ മാഫിയാ തടവിനെക്കുറിച്ച് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ശബ്ദരേഖകൾ സഹിതം ഞാൻ നൽകിയ പരാതി പൊലീസ് ക്ലോസ് ചെയ്തത് എങ്ങനെയെന്ന് അറിയാമോ?
അവർ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നു എന്ന് കേസുകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് എന്‍റെ പരാതിയിൽ ഒരു അന്വേഷണവും നടത്തുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ്. എനിക്ക് കിട്ടിയിട്ടുള്ള മറുപടിയിൽ ആരാണ് അത് അയക്കുന്നത് എന്ന് പേരുപോലുമില്ല. അതിനു കാരണം അവർ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നവർക്ക് അറിയാം എന്നതാണ്. ഒരു സംസ്ഥാനത്തിന്‍റെ പൊലീസ് സേന തന്നെ നീതിയും നിയമവും അട്ടിമറിച്ച കേസാണിത്.