പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് ശേഖർ സുമന്‍റെ 'ശേഖർ ടുനൈറ്റ്' എന്ന ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ 'ഇന്ത്യയിൽ സമാധാനമില്ല' എന്നു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച് കുറിപ്പിലൂടെയാണ് സഞ്ജയ് ദത്തിന്‍റെ പ്രതികരണം.
"ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ സ്ഥാപനത്തിന്‍റെയോ വികാരങ്ങളെ വ്രണപ്പെടുത്താനോ അവഹേളിക്കാനോ അനാദരിക്കാനോ എനിക്ക് ഒട്ടും ഉദ്ദേശ്യമുണ്ടായിരുന്നില്ല. തമാശ നിറഞ്ഞ ഒരു സംഭാഷണത്തിന്‍റെ ഭാഗമായാണ് ഞാൻ ആ പരാമർശങ്ങൾ നടത്തിയത്.
'മുന്നാ ഭായ്' പോലുള്ള സിനിമകളിലെ നർമവും ആക്ഷേപഹാസ്യവും പോലെയായിരുന്നു അതിന്‍റെയും അന്തഃസത്ത. പ്രത്യേകിച്ച് സ്നേഹം, ഊഷ്മളത, ഒത്തൊരുമ, സന്മനസ് എന്നിവയുടെ സന്ദേശം പകരുന്ന 'ഗാന്ധിഗിരി' എന്ന ആശയത്തെപ്പോലെ. നിർഭാഗ്യവശാൽ, അത് മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു."
ഗാന്ധി ജയന്തി ദിനത്തിൽ 'ശേഖർ ടുനൈറ്റ്' പരിപാടിയിൽ പങ്കെടുത്ത സഞ്ജയ് ദത്ത്, രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കവെ, രാജ്യത്ത് ഇപ്പോൾ തനിക്ക് "സമാധാനം" അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞിരുന്നു.
"ഈ രാജ്യത്തെ ജനങ്ങൾ വളരെ നല്ലവരാണ്. ഇവിടെ സമാധാനം ഉണ്ടാകണം. എന്നാൽ നമ്മുടെ രാജ്യത്ത് ആ സമാധാനം എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നില്ല. നമ്മൾ ഇന്ത്യക്കാർ വിശാലമനസ്കരും അതിഥികളെ സ്നേഹിക്കുന്നവരുമാണ്. നമ്മൾ ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്, എന്നും അങ്ങനെ തന്നെ തുടരുകയും വേണം. ആ കാലം എത്രയും വേഗം തിരിച്ചുവരണമെന്ന് ഞാൻ ശിവനോട് പ്രാർഥിക്കുന്നു." എന്നുമാണ് സഞ്ജയ് ദത്ത് പറഞ്ഞത്.