അനുപമ പരമേശ്വരന്‍

 
Entertainment

കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതുന്ന സ്ത്രീകൾ അനുപമയെ കേൾക്കണം; എത്ര ദുഃസ്വപനരാത്രികൾ കഴിഞ്ഞാലാകും അവർക്ക് മോചനം കിട്ടുക!

"എന്തൊരു വേദനയാണ് അനുപമയുടെ നിസംഗതയുടെ ഭാഷയിൽ ഒളിച്ചിരിക്കുന്നത്! എന്തൊരുറപ്പാണ് വാക്കുകൾക്ക്"

Namitha Mohanan

താൻ നേരിടേണ്ടിവന്ന നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍റെ വാക്കുകള്‍ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. താരത്തെ ചേര്‍ത്തുപിടിച്ചും പിന്തുണ അറിയിച്ചും നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ അനുപമയുടെ അഭിമുഖത്തെക്കുറിച്ച് പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

വെറും സ്വാഭാവികമെന്ന മട്ടിലോ പെണ്ണിന്‍റെ അഹങ്കാരമെന്ന മട്ടിലോ നോർമൽ എന്ന മട്ടിലോ തള്ളിനീക്കിക്കളഞ്ഞിരുന്നതെല്ലാം കൂടി ഇപ്പോൾ തന്‍റെ തലയിലേക്ക് ക‍യറിവരികയാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

കാലം പെൺകുട്ടികൾക്ക് നൽകിയ തിരിച്ചറിവുകളാണ് അനുപമ പറഞ്ഞതിനും ധന്യ ഇടപെടലുകളില്ലാതെ പറയാനനുവദിച്ചതിനും പിന്നിലുള്ളതെന്നും കിട്ടിയിതൊക്കെ മഹാഭാഗ്യമെന്നു കരുതി അനുഗൃഹീതമായ ഒരജ്ഞതയിൽ കഴിഞ്ഞു കൂടിയ സ്ത്രീകൾ വൈകിപ്പോയെങ്കിലും അനുപമയെ കേൾക്കണമെന്നും ശാരദക്കുട്ടി കുറിച്ചു. നമ്മളെന്നാണ് നമ്മുടെ പെൺകുട്ടികളെ ജഡ്ജുമെന്‍റൽ ആയല്ലാതെ കേൾക്കാൻ തയ്യാറാവുകയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

അനുപമാ പരമേശ്വരൻ ധന്യാ വർമ്മയുമായി സംസാരിക്കുന്നത് കേട്ട് പല കാലങ്ങളിലെ ട്രോമകളിലൂടെ ശ്വാസം കിട്ടാതെ ഞാൻ ഞെരുങ്ങി നീങ്ങുകയായിരുന്നു.

വെറും സ്വാഭാവികമെന്ന മട്ടിലോ പെണ്ണിന്‍റെ അഹങ്കാരമെന്ന മട്ടിലോ normal എന്ന മട്ടിലോ തള്ളിനീക്കിക്കളഞ്ഞിരുന്നതെല്ലാം കൂടി എന്‍റെ തലമണ്ടയിലേക്ക് പെരുമഴയിൽ ഒറ്റനിമിഷത്തിൽ അയ പൊട്ടിക്കുടഞ്ഞു വീണ കനത്തിൽ ഞാൻ ഇരുന്നു പോയി.

ഓരോ ഫാമിലിയും ഒരുമിച്ചിരുന്ന് കേൾക്കേണ്ട ഒരഭിമുഖമാണത്. നമ്മളെന്നാണ് നമ്മുടെ പെൺകുട്ടികളെ judgemental ആയല്ലാതെ കേൾക്കാൻ തയ്യാറാവുക? എന്തൊരു വേദനയാണ് അനുപമയുടെ നിസ്സംഗതയുടെ ഭാഷയിൽ ഒളിച്ചിരിക്കുന്നത്!. എന്തൊരുറപ്പാണ് വാക്കുകൾക്ക്.

കാലം പെൺകുട്ടികൾക്ക് നൽകിയ തിരിച്ചറിവുകളാണ് അനുപമ പറഞ്ഞതിനും ധന്യ ഇടപെടലുകളില്ലാതെ പറയാനനുവദിച്ചതിനും പിന്നിലുള്ളത്.

കിട്ടിയിതൊക്കെ മഹാഭാഗ്യമെന്നു കരുതി അനുഗൃഹീതമായ ഒരജ്ഞതയിൽ കഴിഞ്ഞു കൂടിയ സ്ത്രീകൾ വൈകിപ്പോയെങ്കിലും അനുപമയെ കേൾക്കണം.

നിങ്ങളെ എങ്ങനെയൊക്കെയാണ് കൂടെ നടന്ന നാർസിസിസ്റ്റുകൾ സ്നേഹം നടിച്ച് ചുരുക്കിക്കളഞ്ഞത്, നിങ്ങളുടെ സൗഹൃദങ്ങളെ. ബന്ധങ്ങളെ എങ്ങനെയൊക്കെയാണ് സ്‌നേഹം നടിച്ച് നിങ്ങളെ കൊണ്ടു തന്നെ ഈ നാർസിസിസ്റ്റുകൾ വെട്ടിച്ചു കളഞ്ഞത് എന്നൊക്കെ ആലോചിച്ച് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും.

നാർസിസിസ്റ്റുകൾ നശിപ്പിച്ച ജീവിതമായിരുന്നുവോ നമ്മൾ ഓരോരുത്തരും ജീവിച്ചു തീർത്ത പ്രണയ / ദാമ്പത്യജീവിതമെന്ന് ഒരു നിമിഷമെങ്കിലും തലക്കിട്ടടിച്ച് നമ്മൾ ചിന്തിച്ചു പോകും.

അനുപമ പറഞ്ഞതിന്‍റെ ചുരുക്കമിതാണ്.

"എല്ലാ തെറ്റുകളും നിന്‍റേതാണെന്നവർ കരുതലിന്‍റെ ഭാഷയിൽ ആദ്യമാദ്യം ഓർമ്മിപ്പിക്കും. നമുക്കും നമ്മളാണ് കുറ്റക്കാരി എന്ന തോന്നലിലേക്കെത്തിക്കും. ഒരു കാര്യവുമില്ലെങ്കിലും നമ്മൾ sorry പറഞ്ഞു കൊണ്ടേയിരിക്കും. കരഞ്ഞു തകർന്നുകൊണ്ടേയിരിക്കും.അങ്ങനെ അവർ പൂർണ്ണമായും നമ്മളെ തഴയുന്നത്, നമ്മുടെ കുറ്റം കൊണ്ടാണ് എന്ന് വരുത്തി വിജയിക്കും. നമ്മുടെ വീട്ടുകാർ പോലും മറുഭാഗത്തെ വിശ്വസിക്കുന്ന തലത്തിലേക്കെത്തിക്കഴിയും അപ്പോഴേക്കും. പൂർണ്ണമായും നമ്മൾ തകർന്നു തരിപ്പണമാകുന്ന തരം 'സ്‌നേഹ'മാണ് ഈ നാർസിസിസ്റ്റുകളുടേത്. അത്ര തന്ത്രശാലികളായ സ്റ്റ്രാറ്റജിസ്റ്റുകളാണവർ ".

രക്ഷപ്പെട്ട പെൺകുട്ടികളുണ്ടാകും. അവർക്കേറ്റ മുറിവുകളുടെ ആഴം നാം ചിന്തിക്കുന്നതിനുമെത്രയോ അപ്പുറമാണ്! എത്ര ദുഃസ്വപനരാത്രികൾ കഴിഞ്ഞാലാകും അവർക്ക് അതിൽ നിന്ന് മോചനം കിട്ടുക!

അവരുടെ ഇത്തരം തുറന്നു പറച്ചിലുകളോടെങ്കിലും സമൂഹം സഹിഷ്ണുത കാണിക്കണം. അവർ മറികടക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അവർ നീന്തിക്കടന്നത് പ്രണയ നിരാസത്തെയല്ല, ആധിപത്യവാസനയുടെ നാർസിസിസ്റ്റിക് തന്ത്രങ്ങളെയാണ്. സ്റ്റ്രാറ്റജികളെയാണ്.

ധന്യാ വർമ്മ, നിങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്ത ഏറ്റവും മികച്ച പരിഷ്കരണ ശ്രമങ്ങളിൽ ഒന്നായി ഞാൻ ഈ അഭിമുഖത്തെ കാണുന്നു. അനുപമ പരമേശ്വരനെ പണ്ടില്ലാത്ത വിധം ഞാൻ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ടത് ലക്ഷങ്ങൾ; തഹസിൽദാർ പിടിയിൽ