ഷാജി കുമാർ

 
Entertainment

"മരിക്കുന്നതിന് 14 മണിക്കൂർ മുൻപ് നേരിൽ കണ്ടപ്പോഴും ഷാജി പറഞ്ഞത് ഷൂട്ടിങ് പൂർത്തിയാക്കാൻ വരുമെന്ന്": കുറിപ്പ്

ഷാജി കുമാറിന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ

Manju Soman

പ്രിയ ഛായാഗ്രാഹകൻ ഷാജി കുമാറിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഇപ്പോൾ ഷാജി കുമാറിന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ. മരിക്കുന്നതിനു 14 മണിക്കൂർ കണ്ടപ്പോഴും ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിങ് പൂർ‌ത്തിയാക്കാൻ താൻ വരും എന്നാണ് ഷാജി പറഞ്ഞത് എന്നാണ് സിദ്ധു കുറിച്ചത്.

ഐസിയുവിൽ കിടക്കുന്ന ഷാജികുമാറിനെ കണ്ടപ്പോൾ കൊച്ചുകുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെയാണ് തനിക്ക് തോന്നിയത്. അപ്പോഴും ചിരിയോടെ തനിക്ക് കുഴപ്പമില്ല എന്ന് വിരലിൽ പിടിച്ചൊരു അമർത്തിലിലൂടെ ഉറപ്പുതന്നു. മോഹൻലാൽ ഷാജിയെ കാണാൻ എത്തിയ മുഹൂർത്തം വികാരനിർഭരമായിരുന്നു എന്നും സിദ്ധു കുറിപ്പിൽ പറയുന്നു. ഷാജിയുടെ നിർജീവമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ ലാലേട്ടന്‍റെ കണ്ണുകളിൽ നനവ് പടർന്നിരുന്നെന്നും അദ്ദേഹം കുറിച്ചു.

സിദ്ധു പനയ്ക്കലിന്‍റെ കുറിപ്പ് വായിക്കാം

ഒരു കൊച്ചുകുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. തുടുത്ത കവിളുകൾ, തിളങ്ങുന്ന കണ്ണുകൾ, പാൽ പുഞ്ചിരി പോലെയുള്ള നനുത്ത ചിരിയോടെ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് വിരലിൽ പിടിച്ചൊരു അമർത്തലിലൂടെയുള്ള ഉറപ്പും.

ഷാജിയെ അവസാനം സുരേഷേട്ടനോടും മാത്യുസ് തോമസിനോടുമൊപ്പം ഐസിയുവിൽ കയറി കണ്ടപ്പോൾ ആണ് ഈ അനുഭവം.

അത്ഭുതദ്വീപ്, നരൻ, ബാബാ കല്യാണി, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഒറ്റക്കൊമ്പൻ തുടങ്ങിയ സിനിമകളാണ് ഞാൻ ഷാജിയോടൊപ്പം വർക്ക് ചെയ്തത്.

തിരുവനന്തപുരത്ത് ഒറ്റക്കൊമ്പൻ സിനിമയുടെ ലൊക്കേഷൻ നോക്കാൻ ഒക്ടോബർ അവസാനം വന്ന്‌ തിരിച്ച് പോകാൻ കാറിൽ കയറുമ്പോൾ ഡയറക്ടർ മാത്യൂസ് തോമസിനോടും, അസോസിയേറ്റുമാരായ വിനയനോടും, ദീപക്കിനോടും എന്നോടുമായി ഷാജി പറഞ്ഞു. അടുത്ത ആഴ്ച ദിലീപിന്റെ പുതിയ പടം തുടങ്ങും നമ്മുടെ ഡേറ്റ് ആകുമ്പോൾ ഒരാഴ്ച മുമ്പ് അറിയിച്ചാൽ മതി ദിലീപിന്റെ പടത്തിന് മറ്റൊരു DOP യെ ഏർപ്പാടാക്കിയിട്ട് ഞാൻ വരും. ഈ പടം എനിക്കുതന്നെ ചെയ്തു തീർക്കണം.

മാത്യൂസ് തോമസ് ഇന്നലെ മുഴുവൻ, ബോഡി ചിതയിലേക്ക് എടുക്കും വരെ ഷാജിയോടൊപ്പം തന്നെയായിരുന്നു. ഒപ്പം തന്നെ ദുഃഖം ഘനീഭവിച്ച മുഖത്തോടെ അതിമനോഹരം എന്ന പടത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും.

തന്റെ ആദ്യ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച ഷാജിയേട്ടന്റെ ചലിക്കാത്ത ശരീരത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു മാത്യു തോമസ് എന്ന ഒറ്റക്കൊമ്പൻ ഡയറക്ടർ ഒരുപാട് നേരം.

തുടരും എന്ന സിനിമ മനോഹരമായി ചിത്രീകരിച്ച ഷാജിയുമായുള്ള ചലച്ചിത്രയാത്ര അതിമനോഹരത്തിലും തുടർന്ന തരുൺമൂർത്തി ഇനിയും ആ കോമ്പിനേഷൻ തുടരും എന്ന് കരുതിയിരിക്കുമ്പോഴാണ് വലിയ സംവിധായകൻ ഷാജിയുടെ യാത്രയ്ക്ക് കട്ടുപറഞ്ഞത്.

ലാലേട്ടൻ ഷാജിയെ കാണാൻ എത്തിയ മുഹൂർത്തം വികാരനിർഭരമായിരുന്നു. തന്റെ നിരവധി വിജയ ചിത്രങ്ങൾക്ക് ജീവൻ പകർന്ന ഷാജിയുടെ നിർജീവമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

മന്ത്രിയുടെ ചുമതലകളും ഒരു എംപി എന്ന നിലയിലുള്ള ചുമതലകളും നിർവഹിക്കുന്നതിനിടയ്ക്ക് അപൂർവമായി കണ്ടെത്തുന്ന തന്റെ ഡേറ്റുകൾ പാഴായി പോകുന്നത് പോലും കണക്കാക്കാതെ ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് പ്ലാനിങ്ങിനിടയ്ക്ക് ഷാജിക്ക് ക്ലാഷ് വന്നപ്പോൾ ഷാജി വന്നിട്ട് മതി ഷൂട്ടിംഗ് എന്ന് നിർബന്ധം പിടിച്ചു സുരേഷ് ഗോപി ചേട്ടൻ. താൻ തന്നെ ഈ സിനിമ ചെയ്യണം എന്ന് ഷാജിക്കും നിർബന്ധമായിരുന്നു. അതിരാവിലത്തെ ഫ്ലൈറ്റിൽ ഡൽഹിയിൽ അതിപ്രധാനമായ ഒരു മീറ്റിങ്ങിനു പോകാനിരുന്ന സുരേഷേട്ടൻ യാത്ര ക്യാൻസൽ ചെയ്തു ഷാജിയെ കാണാൻ എത്തി.

അർദ്ധരാത്രി മരണവിവരം അറിഞ്ഞപ്പോൾ, ഹോസ്പിറ്റൽ മുതൽ പിറ്റേന്ന് വൈകിട്ട് ഷാജി യാത്രയാകുന്നത് വരെ ആന്റണി പെരുമ്പാവൂരും ദിലീപും ഗോകുലം കൃഷ്ണമൂർത്തിയും ഒപ്പം ഉണ്ടായിരുന്നു കാരണം അത്രമാത്രം എല്ലാവർക്കും പ്രിയപ്പെട്ട ആളായിരുന്നു ഷാജി. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് സംഘടനാ നേതാവ് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും B ഉണ്ണികൃഷ്ണേട്ടനും ഒപ്പം നിന്നു.

ഒരിക്കലെങ്കിലും ഷാജിയുടെ സിനിമയാത്രയിൽ പങ്കെടുത്തിട്ടുള്ള താരങ്ങൾ എല്ലാവരും തന്നെ ഷാജിയുടെ അവസാന യാത്രയിലും പങ്കെടുത്തു. ടെക്നീഷ്യന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ഷാജിയെ അവസാനമായി ഒന്ന് കാണാൻ.

ഒറ്റക്കൊമ്പൻ എനിക്ക് തന്നെ പൂർത്തിയാക്കണം എന്നാണ് ഷാജി അവസാനം നേരിൽ പറഞ്ഞു പിരിഞ്ഞത്. മരിക്കുന്നതിന് 14 മണിക്കൂർ മുമ്പ് നേരിൽ കണ്ടപ്പോൾ വിരൽ അമർത്തി പറഞ്ഞതും ഞാൻ വരും ഷൂട്ടിംഗ് പൂർത്തിയാക്കാൻ എന്ന് തന്നെയാണ്.

മിനിഞ്ഞാന്ന് രാത്രി മുതൽ ഞങ്ങളുടെ യൂണിയൻ പ്രസിഡണ്ടായ ബാദുഷയും സെക്രട്ടറിയായ ഷിബു ജി സുശീലനും ജോയിൻ സെക്രട്ടറിയായ ഷാജി പട്ടിക്കരയും ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും തന്നെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു. റീത്തു വയ്ക്കുമ്പോഴും പൊതുപ്രദർശനത്തിലും വീട്ടിൽ അവസാനത്തെ ചടങ്ങ് നടക്കുമ്പോഴും ഞാൻ കുറച്ച് പിന്നിൽ തന്നെയാണ് നിന്നത്.

ഷാജി നിശബ്ദനായി കിടക്കുന്നത് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. ഒരു കൊച്ചു കുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെ തുടുത്ത കവിളുകളോടെ തിളങ്ങുന്ന കണ്ണുകളോടെ പാൽ പുഞ്ചിരി പോലെ നനുത്ത ചിരിയോടെ ഷാജിയെ അവസാനമായി ജീവനോടെ കണ്ട ആ ചിത്രം ഓർമ്മയിൽ അവശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.