കലേഷ് ഗോവിന്ദനും ഗൗരി ലക്ഷ്മിയും ഗണേഷ് വെങ്കട്ട രമണിക്കൊപ്പം
യുവ ഗായികയും സംഗീത സംവിധായകയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ ആണ് വരൻ. വിവാഹത്തിന്‍റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹമാണ്. മ്യൂസിക് ബാൻഡിലെ ഡ്രമ്മർ ഗണേഷ് വെങ്കട്ട രമണിയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രണ്ടാം വിവാഹം. കലേഷും ഗൗരിയും തമ്മിലുള്ള വിവാഹത്തിലും ഗണേഷ് സജീവ സാന്നിധ്യമായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽ പെട്ടവരായിരിക്കണമെന്നില്ല എന്ന കുറിപ്പോടെ ഗൗരിക്കും കലേഷിനുമൊപ്പമുള്ള ചിത്രവും ഗണേഷ് പങ്കു വച്ചിട്ടുണ്ട്.
അനവധി ആരാധകർ ഉള്ള ഗൗരി ലക്ഷ്മി വിവാദങ്ങളിൽ പെടുന്നതും പതിവാണ്. മോഹൻലാൽ ചിത്രമായ കാസനോവയിൽ സഖിയേ എന്ന പാട്ടിന്‍റെ സംഗീത സംവിധാനം നിർവഹിച്ചു കൊണ്ടാണ് ഗൗരിലക്ഷ്മി സിനിമാ ലോകത്തെത്തുന്നത്. അന്ന് 13 വയസായിരുന്നു.
പിന്നീട് തൃപ്പൂണിത്തുറ ആർഎൽവി കോളെജിൽ നിന്ന് സംഗീതത്തിൽ ബിഎയും കേരള സർവകലാശാലയിൽ നിന്ന് എംഎയും ലണ്ടനിലെ ട്രിനിറ്റി കോളെജിൽ നിന്ന് പെർഫോമേഴ്സ് സർട്ടിഫിക്കറും നേടി. ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.