സിത്താര വിജയൻ

 
Entertainment

ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് അന്ന് തീരുമാനിച്ചു: തുറന്നു പറഞ്ഞ് സിത്താര വിജയൻ

ടൈപ്പ് 1 ഡയബറ്റിക്സ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിവാഹിതയാവില്ലെന്ന് താൻ തീരുമാനിച്ചത് എന്നാണ് സിത്താര പറ‍യുന്നത്

Manju Soman

വിവാഹം കഴിക്കില്ലെന്ന് തീരുമാനമെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി നടിയും അവതാരകയുമായ സിത്താര വിജയൻ. ടൈപ്പ് 1 ഡയബറ്റിക്സ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിവാഹിതയാവില്ലെന്ന് താൻ തീരുമാനിച്ചത് എന്നാണ് സിത്താര പറ‍യുന്നത്. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നതിന്‍റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഡയബറ്റിക്സ് വന്നതിനു ശേഷമുള്ള ജീവിതത്തേക്കുറിച്ചും അതിജീവനത്തേക്കുറിച്ചും സിത്താര തുറന്നു പറഞ്ഞത്.

തനിക്ക് ഇപ്പോൾ 28 വയസായെന്നും ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനമെടുത്തത് 2021ൽ ഡയബറ്റിക്സ് സ്ഥിരീകരിച്ചപ്പോഴാണ് എന്നും സിത്താര പറയുന്നു. രോഗം വന്നപ്പോൾ ആദ്യം കേട്ട കമന്‍റ് തന്നെ കല്യാണം നടക്കില്ല എന്നായിരുന്നു. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരു മാറ്റമില്ല എന്നാണ് താരം പറയുന്നത്.

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാൻ ആരുമുണ്ടാകില്ല. രണ്ട് വർഷം മുൻപ് ഡയബറ്റിക്സിനെക്കുറിച്ച് വിഡിയോ ചെയ്തപ്പോൾ മുതിർന്നവരെക്കാൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നതെന്ന് മനസിലായി. രണ്ടും മൂന്നും വയസുള്ള കുട്ടികൾ തനിയെ ഇൻസുലിൻ എടുക്കുന്നതു കണ്ടു. അത്തരം അവസ്ഥയിലേക്ക് തന്നെ എത്തിച്ചില്ലല്ലോ എന്നോർത്ത് ദൈവത്തോട് നന്ദി പറയുന്നുവെന്നും സിത്താര പറഞ്ഞു. തന്‍റെ ഗ്ലൂക്കോസ് ലെവൽ നിയന്ത്രണത്തിൽ അല്ലെന്നും ജീവിതത്തിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും താരം കൂട്ടിച്ചേർത്തു. സൈജു കുറിപ്പ് നായകനായി എത്തുന്ന ഹരിവരാസനം എന്ന ചിത്രത്തിൽ സിത്താരയാണ് നായികയായി എത്തുന്നത്.