നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്

 
Entertainment

തെന്നിന്ത്യൻ‌ സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; രജനികാന്തിനൊപ്പം 'ധർമൻ' ചിത്രത്തിൽ നയൻതാരയും

നയൻതാര തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിലെ പങ്കാളിത്തം അറിയിച്ചത്

Sarath Nath MS

സൂപ്പർതാരം രജനികാന്ത് നായകനാകുന്ന 'ധർമൻ' എന്ന ചിത്രത്തിൽ നടി നയൻതാരയും അഭിനയിക്കും. കമൽഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ (ആർകെഎഫ്ഐ) ആണ് ആർ. മഹേന്ദ്രനൊപ്പം ചിത്രം നിർമിക്കുന്നത്. ടർമറിക് മീഡിയയുടെ ബാനറിൽ എസ്. ഡിസ്നിയാണ് സഹനിർമാതാവ്.

'ഓ മൈ കടവുളേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തേ 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തിയെയായിരുന്നു ചിത്രത്തിനായി പരിഗണിച്ചിരുന്നത്.

രജനികാന്തും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2005ൽ പുറത്തിറങ്ങിയ 'ചന്ദ്രമുഖി', 2008ലെ 'കുസേലൻ', എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത 2020ലെ 'ദർബാർ', 2021ലെ 'അണ്ണാത്തെ' എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഞായറാഴ്ച നയൻതാര തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിലെ പങ്കാളിത്തം അറിയിച്ചത്. രജനികാന്തിന്‍റെയും നയൻതാരയുടെയും നിഴൽരൂപങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റാണ് പങ്കുവച്ചത്.

സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകൻ. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

നേരത്തേ 'തലൈവർ 173' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ചിത്രം രജനികാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്ന മറ്റൊരു സംരംഭമാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്.

വിഷ്ണു എടവൻ സംവിധാനം ചെയ്ത 'ഹായ്' ആണ് നയൻതാരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സീ5 പ്ലാറ്റ്‌ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദേവയാനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

'മൂക്കുത്തി അമ്മൻ 2' ആണ് നയൻതാരയുടെ അടുത്ത ചിത്രം. 2020ൽ പുറത്തിറങ്ങിയ 'മൂക്കുത്തി അമ്മന്‍റെ' തുടർച്ചയായ ചിത്രത്തിൽ നയൻതാര തന്‍റെ വേഷം വീണ്ടും അവതരിപ്പിക്കും. ദുനിയ വിജയ്, ഉർവശി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.