'ഹനുമാൻ അൻഷ്' ഒടിടിയിലേക്ക്; സോണി ലിവിൽ സ്ട്രീം ചെയ്യും
ന്യൂഡൽഹി: ആത്മീയ ഗുരു ബാബാ നീം കരോളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഹനുമാൻ അൻഷ് എന്ന സിനിമ ഒടിടിയിൽ റിലീസ് ചെയ്യും. നവംബർ 27 മുതൽ സോണി ലിവ് ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ മോശം പ്രകടനമായിരുന്നുവെങ്കിലും പിന്നീട് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. വിശാൽ ചതുർവേദിയാണ് ചിത്രം സംവിധാനം ചെയ്തത്. ശോഭിനാ സത്യ, വിഹാൻ ഷെഡ്ജ്, ചന്ദൻ കെ ആനന്ദ്, പൂർണിമ തീവാരി, അനിൽ രാസ്തോഗി, ഗുൽഷാൻ പാണ്ഡേ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 1900ലാണ് ബാബാ നീം കരോളി ജനിച്ചത്. ലക്ഷ്മൺ നാരായൺ ശർമ എന്നായിരുന്നു ആദ്യത്തെ പേര്.
അമ്മയുടെ മരണ ശേഷം ലക്ഷ്മൺ ദൈവത്തിലേക്കുള്ള ആത്മീയ യാത്ര തുടങ്ങുകയും ജീവിതത്തിന്റെ അർഥം തേടി ഉത്തരേന്ത്യയിലൂടെ സഞ്ചരിക്കുകയും, ഒടുവിൽ നീം കരോളി ബാബയായി മാറുകയായിരുന്നു. ജൂലിയ റോബർട്സ്, വിരാട് കോലി, അനുഷ്ക ശർമ എന്നിവരെല്ലാം ബാബയുടെ ഭക്തരാണ്.