സുരേഷ് കൃഷ്ണ
വില്ലൻ വേഷത്തിലൂടെയും സഹനടനായും മലയാളികളുടെ മനസുകവർന്ന നടനാണ് സുരേഷ് കൃഷ്ണ. നിവിൻ പോളി നായകനായി എത്തിയ ബത്ലഹേം കുടുംബയൂണിറ്റിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുരേഷ് കൃഷ്ണ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇപ്പോഴത്തെ അല്ല, 38 വർഷം മുൻപത്തെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് താരം പോസ്റ്റ് ചെയ്തത്.
സിനിമ മോഹവുമായി നടന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ഫോട്ടോഷൂട്ടാണ് ഇത് എന്നാണ് സുരേഷ് കൃഷ്ണ കുറിക്കുന്നത്. ബൈക്കിൽ കൂളിങ് ഗ്ലാസും വച്ച് പോസ് ചെയ്യുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ബൈക്ക് ഒരു വഴിപോക്കന്‍റേതാണ് എന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്. ഇപ്പോൾ കാണുമ്പോൾ മുഖത്തൊരു ചെറു പുഞ്ചിരിയുണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസിലൂടെ കടന്നുപോകുന്നുണ്ടെന്നും താരം കുറിച്ചു.
ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പൊ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്... ഫോട്ടോ എടുത്തത് : പ്രിയപ്പെട്ട സുഹൃത്തുക്കൾ, Costume :പല സുഹൃത്തുക്കളുടെ, ബൈക്ക് : ഒരു വഴിപോക്കന്റെ, Makeup & Stylish : അതൊക്കെ അന്ന് വലിയ ചിലവാ, ഫിലിം റോൾ & ഫോട്ടോ : കടം- സുരേഷ് കൃഷ്ണ കുറിച്ചു.
പോസ്റ്റിന് താഴെ രസകരമായ കമന്‍റുകളാണ് നിറയുന്നത്. ബൈക്ക് വഴി പോക്കന്റെ... അപ്പോ അന്നേ അണ്ണൻ കൺവെൻസിങ് സ്റ്റാർ ആയി- എന്നായിരുന്നു ഒരാളുടെ കമന്‍റ്. വണ്ടിക്കാരനെ മുതൽ ക്യാമറമാനെ വരെ കൺവിൻസ് ചെയ്തു- എന്നാണ് മറ്റൊരാൾ കുറിച്ചത്. അതിനിടെ 40 ഇഡലി കഴിച്ചിരുന്ന സമയം ഇതായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്.