വിവേക് ഒബ്രോയിയും അച്ഛൻ സുരേഷ് ഒബ്രോയിയും
രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിലെ മുന്‍നിര താരമായ നടനാണ് വിവേക് ഒബ്രോയ്. എന്നാല്‍ സിനിമയിലേക്കുള്ള മകന്റെ വരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് വിവേക് ഒബ്രോയിയുടെ അച്ഛന്‍ സുരേഷ് ഒബ്രോയ്. മകനെ സിനിമയിലേക്ക് എത്തിക്കാന്‍ താന്‍ എല്ലാ വാതിലിലും മുട്ടി എന്നാണ് സുരേഷ് പറയുന്നത്.
ഹിന്ദി സിനിമയിലെ ക്യാരക്റ്റര്‍ ആക്റ്ററായിരുന്നു സുരേഷ് ഒബ്രോയ്. തനിക്കു വേണ്ടി കഷ്ടപ്പെട്ടതുപോലെ തന്നെ മകനു വേണ്ടിയും ഓരോ വാതിലിലും മുട്ടി എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഫോട്ടോകള്‍ എടുത്തിരുന്നതുപോലെ മകന്റേയും ചിത്രങ്ങളെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം ജോലി ചെയ്യുമ്പോഴാണ് കമ്പനി എന്ന സിനിമയ്ക്കുവേണ്ടി പുതുമുഖത്തെ തേടുന്ന വിവരം അറിയുന്നത്. അങ്ങനെ ആക്റ്റിങ് സ്‌കൂളില്‍ വച്ച് പകര്‍ത്തിയ മകന്റെ ഒരു വിഡിയോ അദ്ദേഹത്തെ കാണിച്ചു. വിവേകിന്റെ പ്രകടനം ഇഷ്ടപ്പെട്ടാണ് അവസരം നല്‍കിയത്. നിരവധി സിനിമകളില്‍ മകന്‍ വേഷമിട്ടെങ്കിലും സാത്തിയയിലെ പ്രകടനമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എന്നാണ് സുരേഷ് ഒബ്രോയ് പറയുന്നത്.