സ്വര ഭാസ്കർ
സിനിമയിലെ കാസ്റ്റിങ് കൗച്ചിന് എതിരേ നിരവധി നടിമാരാണ് ശബ്ദമുയർത്തിയിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടി സ്വര ഭാസ്കറിന്‍റെ വെളിപ്പെടുത്തലാണ്. കരിയറിന്‍റെ തുടക്കത്തിൽ സിനിമ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവമാണ് സ്വര തുറന്നു പറഞ്ഞത്. ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് നടിക്ക് മോശം അനുഭവമുണ്ടായത്. സംവിധായകൻ തന്നെ ഒറ്റയ്ക്ക് റിഹേഴ്സലിന് വിളിച്ചെന്നും രാത്രിയിൽ വാതിലിൽ മുട്ടിയെന്നുമാണ് സ്വര പറഞ്ഞത്.
റിയാലിറ്റി ഷോ ആയ റൈസ് ആൻഡ് ഫോൾ 2 വിലാണ് നടിയുടെ വെളിപ്പെടുത്തൽ. സൂപ്പർഹിറ്റായ തനു വെഡ്സ് മനുവിലൂടെ സ്വര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന സമയത്താണ് ഈ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. 56 ദിവസത്തെ ഡെയ്റ്റാണ് ചിത്രത്തിൽ സ്വരയ്ക്കുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ സംവിധായകൻ തന്നോട് അനാവശ്യമായി അടുക്കാൻ ശ്രമിച്ചിരുന്നു എന്നാണ് സ്വര പറയുന്നത്. അതിനിടെയാണ് ഒരു പ്രണയരംഗം റിഹേഴ്സൽ ചെയ്യണം എന്ന ആവശ്യവുമായി ഇയാൾ എത്തുന്നത്. മറ്റാരും ഇല്ലാതെ സ്വകാര്യമായി റിഹേഴ്സൽ ചെയ്യണമെന്നായിരുന്നു സംവിധായകന്‍റെ ആവശ്യം.
"റിഹേഴ്സലിന് വേറെ ആരൊക്കെയുണ്ട് എന്ന് ഞാൻ ചോദിച്ചു. 'നീയും ഞാനും മാത്രം, നമുക്ക് കാര്യങ്ങൾ ചർച്ച ചെയ്യാം' എന്നായിരുന്നു അയാളുടെ മറുപടി. എന്നാൽ മറ്റു നടന്മാരെയും ക്യാമറാമാനെയും വിളിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഇത് റിഹേഴ്സൽ ആണെങ്കിൽ എല്ലാവരും ഒന്നിച്ചല്ലേ ചെയ്യേണ്ടത്, നമ്മൾ രണ്ടുപേർ മാത്രം എന്തിന് ചെയ്യണം എന്ന് ഞാൻ തിരിച്ചു ചോദിച്ചു.- സ്വര പറഞ്ഞു.
അതിനു പിന്നാലെ സംവിധായകനും ക്യാമറാമാനും കൂടി ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. ഇതോടെ താൻ വല്ലാതെ പേടിച്ചെന്നും വേഗം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും സ്വര പറയുന്നു. എന്നാൽ സംവിധായകൻ വീണ്ടും ശല്യം ചെയ്യുന്നത് തുടർന്നു. മദ്യലഹരിയിൽ എത്ത് തന്‍റെ വാതിലിൽ നിരന്തരം മുട്ടാൻ തുടങ്ങി. വാതിൽ തകർക്കുമോ എന്ന് പോലും ഭയന്നു. ഒടുവിൽ വാതിൽ തുറന്നപ്പോൾ മദ്യലഹരിയിൽ ആടി നിൽക്കുന്ന അയാളെയാണ് കണ്ടത്. അയാളെ കെട്ടിപ്പിടിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞിട്ടും അയാൾ കെട്ടിപ്പിടിക്കാൻ നിർബന്ധിച്ചു. സിനിമയുടെ സംവിധായകനായതുകൊണ്ട് തനിക്ക് വേറെ ഒന്നും ചെയ്യാനായില്ല എന്നും സ്വര പറഞ്ഞു. എന്നാൽ സംവിധായകനന്‍റെ പേര് വെളിപ്പെടുത്താൻ താരം തയാറായില്ല.