തനിഷ മുഖർജി
വൈവിധ്യമാർന്ന വിഷയങ്ങളിൽ പലപ്പോഴും തന്‍റെ വേറിട്ട ചിന്താഗതികൾ പങ്കുവയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടി കജോളിന്‍റെ സഹോദരിയും നടിയുമായ തനിഷ മുഖർജി. ഇപ്പോൾ സ്ത്രീകളും വിവാഹിതരായ പുരുഷൻമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് തനിഷ തന്‍റെ അഭിപ്രായം പങ്കിട്ടിരിക്കുന്നത്. വിവാഹിതരായ പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളെ ഫെമിനിസ്റ്റുകൾ എന്ന് വിളിക്കാനാകില്ലെന്നാണ് 48കാരിയായ തനിഷയുടെ അഭിപ്രായം.
വിവാഹിതനായ പുരുഷനുമായി ബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾ അദ്ദേഹത്തിന്‍റെ ഭാര്യയെ അനാദരിക്കുകയാണെന്ന് തനിഷ പറയുന്നു. വിവാഹിതരായ പുരുഷന്മാരെ പിന്തുടരുന്ന സ്ത്രീകൾ കുട്ടികൾക്ക് മാതൃകയാകാൻ പാടില്ല. ഇത്തരത്തിലുള്ള സ്ത്രീകൾ സ്ത്രീകൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും തനിഷ അഭിപ്രായപ്പെട്ടു. എക്സിലെ പോസ്റ്റിലൂടെയാണ് തനിഷ തന്‍റെ നിലപാട് പങ്കുവച്ചത്. തനിഷയുടെ പരാമർശങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.
കഴിഞ്ഞ വർഷം മേയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴും തനിഷ ഫെമിനിസത്തെക്കുറിച്ചുള്ള തന്‍റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കുന്ന ശക്തമായ സംസ്കാരമുണ്ടെന്നും അവർ പറഞ്ഞിരുന്നു.
2003-ൽ പുറത്തിറങ്ങിയ 'ഷ്...' (Sssshhh) എന്ന ചിത്രത്തിലൂടെയാണ് തനിഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. തുടർന്ന് 'സർക്കാർ', 'നീൽ എൻ നിക്കി' എന്നീ ചിത്രങ്ങളിലും, തമിഴ് ഹിറ്റ് ചിത്രം 'ഉന്നാലെ ഉന്നാലെ'യിലും തനിഷ അഭിനയിച്ചു. 2013ൽ 'ബിഗ് ബോസ് 7'-ൽ ഫസ്റ്റ് റണ്ണർ-അപ്പ് ആയതോടെയാണ് തനിഷ വലിയ ജനശ്രദ്ധ നേടിയത്. പിന്നീട് 'ഫിയർ ഫാക്റ്റർ: ഖത്രോൺ കെ ഖിലാഡി 7'ൽ പങ്കെടുത്ത അവർ 'ജലക് ദിഖ്‌ലാ ജാ 11'-ലും മത്സരാർത്ഥിയായി എത്തി. തുടർന്ന് 'ഗാംഗ്സ് ഓഫ് ഹസീപുർ' എന്ന കോമഡി ഷോയിൽ വിധികർത്താവായും പ്രത്യക്ഷപ്പെട്ടു. 2024ൽ പുറത്തിറങ്ങിയ 'ലവ് യു ശങ്കർ' എന്ന ചിത്രത്തിലാണ് തനിഷ അവസാനമായി അഭിനയിച്ചത്.