തനുശ്രീ ദത്ത | നാനാ പടേക്കർ

 
Entertainment

"ചെകുത്താനാണ് അയാൾ, മരണ ശേഷവും എന്നെ ഉപദ്രവിക്കുന്നു, ദൈവം പോലും അയാൾക്ക് മാപ്പ് നൽകില്ല"; നാനാ പടേക്കർക്കെതിരേ തനുശ്രീ ദത്ത

തനുശ്രീക്കെതിരേ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്

Namitha Mohanan

ബോളിവുഡ് നടൻ നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ അധിക്ഷേപ പരാമർശവുമായി നടി തനുശ്രീ ദത്ത. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ 'ഈവിൾ ഡെഡ്' എന്നാണ് നാനാ പടേക്കറുടെ മരണത്തെ തനുശ്രീ പരാമർശിച്ചത്. തന്‍റെ സ്വകാര്യ പരിപാടികളുടെ പ്രചാരണത്തിന് അദ്ദേഹത്തിന്‍റെ മരണം തടസമാകുമോ എന്ന് ആശങ്കയും പങ്കുവച്ചിരുന്നു.

ഇത് വലിയ അമർഷത്തിനും വിമർശനത്തിനും വഴിവച്ചു. സിനിമാ ലോകത്തുള്ളവരടക്കം നിരവധി പേർ തനുശ്രീക്കെതിരേ രംഗത്തെത്തി. സംഭവം വിവാദമായതോടെ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും തനുശ്രീ പറഞ്ഞു.

"എന്നെ സംബന്ധിച്ച് അദ്ദേഹം ഈവിൾ ഡെഡ് തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ കടന്നുപോയ വഴികളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും വലുതാണ്. ഒരാൾ മരിച്ചുവെന്ന കരുതി അയാൾ ചെയ്ത തെറ്റുകളൊന്നും ഇല്ലാതാവില്ല. ഇരകളായവരുടെ വേദന മാറില്ല. ഈ ലോകത്ത് പലർക്കും പല അനുഭവങ്ങളുണ്ടാകും, എന്റേത് എനിക്കേ അറിയൂ. ഞാൻ മിണ്ടാതിരിക്കാൻ പോകുന്നില്ല.

ചിലർ മാപ്പു കൊടുക്കാൻ പറയുന്നു. പക്ഷേ ദൈവം പോലും അയാൾക്ക് മാപ്പു കൊടുക്കില്ല. മരിച്ച ശേഷവും അയാൾ എന്നെ ദ്രോഹിക്കുകയാണ്. അയാൾ ഒരിക്കലും കുറ്റം ഏറ്റുപറയില്ല. എത്രപേരുടെ ജീവിതം നശിപ്പിച്ചെന്നു പറയില്ല. മീ ടു നീക്കത്തിലൂടെ ഒരു പൊൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു.

2024ൽ എന്‍റെ വണ്ടിയുടെ ബ്രേക്ക് മുറിച്ചു മാറ്റി, ഗുണ്ടകൾ പിന്തുടർന്നു. ഇയാൾ വളരെ ദ്രോഹിച്ചിട്ടുണ്ട്. ഇതൊന്നും നിങ്ങളോട് വിശദീകരിക്കേണ്ട ആവശ്യമില്ല. എന്‍റെ വീഡിയോ ഉപയോഗിച്ച് ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളുമൊക്കെ കണ്ടന്‍റുണ്ടാക്കുകയാണ്. 2018നുശേഷം എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഇയാൾ കാരണം ദുസ്സഹമായി. ഇയാൾ യഥാർഥത്തിൽ ചെകുത്താൻ തന്നെയാണ്. അഞ്ച് വർഷം പോരാടി, ഒരാൾ മാത്രമല്ല, പല ആളുകൾ എന്‍റെ പിന്നാലെ ഉണ്ടായിരുന്നു. ഞാൻ കാളി ക്ഷേത്രത്തിൽ പോയി എന്‍റെ വിഷമങ്ങൾ മാറാൻ പ്രാർഥിച്ചു. ഇപ്പോഴത് മാറി.

‘ഹോൺ ഓക്കെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ സംഭവം ഉണ്ടാകുന്നത്. അതോടെ മാനസികമായി തകർന്നുപോയി.ആ സമയത്ത് ബോളിവുഡിലെ മുൻനിര നായികയായിരുന്നു ഞാൻ. സിനിമാ സെറ്റിൽ പോകാൻ തന്നെ പേടിയായിരുന്നു. അയാൾ ക്രൂരനായ രാക്ഷസനായിരുന്നു. പൊലീസോ നീതിവ്യവസ്ഥയോ എനിക്ക് നീതി തന്നില്ല. എന്‍റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ ഉറപ്പായും ആത്മഹത്യ ചെയ്തേനെ." എന്നുമാണ് തനുശ്രീ പ്രതികരിച്ചത്.

2018ൽ തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2008ൽ ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല. അതേ തുടർന്ന് 2019ൽ നാനാ പടേക്കറിന് പൊലീസ് ക്ലീൻ ചിറ്റ് നൽകി. കുറ്റവാളിയല്ലെന്ന് തെളിഞ്ഞതിനു ശേഷവും അദ്ദേഹത്തിനെതിരേ വിദ്വേഷ പ്രചാരണ നടത്തുന്നത് മോശമാണെന്നാണ് വിമർശനമുയരുന്നത്. ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ, എഐസിഡബ്ല്യുഎ എന്നീ സംഘടനകളും പരാമർശത്തെ അപലപിച്ചിട്ടുണ്ട്.