ബ്രാഡ് പിറ്റ്
ആകെ 11 ചിത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം കൾട്ട് സ്റ്റാറ്റസ് പദവി നേടണമെങ്കിൽ അയാളുടെ പേര് ക്വന്‍റിൻ ടറന്‍റിനോ എന്നായിരിക്കണം. ഇങ്ങ് മോളിവുഡിലടക്കം ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള സംവിധായകനാണ് ടറന്‍റിനോ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ തിരക്കഥയിൽ ബ്രാഡ് പിറ്റ് നായകനായി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
ടറന്‍റിനോയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ ഐക്കണിക് കഥാപാത്രമായ ക്ലിഫ് ബൂത്തിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ക്ലിഫ് ബൂത്ത് എന്ന കഥാപാത്രം അവതരിപ്പിച്ചതിന് ബ്രാഡ് പിറ്റിന് ഓസ്കർ അവാർഡ് നേടികൊടുത്ത ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
ദി ഫർദർ മിസ്- അഡ്വഞ്ചേഴ്സ് ഓഫ് ക്ലിഫ് ബൂത്ത് എന്നാണ് ഡേവിഡ് ഫിഞ്ചർ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ദി ക‍്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ എന്ന ചിത്രത്തിന് ശേഷം ബ്രാഡ് പിറ്റും ഡേവിഡ് ഫിഞ്ചറും ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം സെവൻ, ഫൈറ്റ് ക്ലബ്ബ് അടക്കമുള്ള മാസ്റ്റർപീസുകളാണ് ലഭിച്ചിരിക്കുന്നതെന്നതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം 8 വർഷത്തിന് ശേഷം 1977ലെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ബാറിൽ ജോലി ചെയ്യുന്ന ആഡംബര ജീവിത ശൈലി പിന്തുടരുന്ന ക്ലിഫിനെയാണ് ട്രെയിലറിൽ കാണുന്നത്.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ ബ്രാഡ് പിറ്റ്
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച റിക്ക് ഡാൾട്ടൻ എന്ന കഥാപാത്രത്തെ പറ്റിയും രസകരമായ പരാമർശം ട്രെയിലറിലുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലേതു പോലെ മികച്ച ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.