സമാന്ത റൂത്ത് പ്രഭു
വെള്ളിത്തിരയില്‍ ഗ്ലാമറും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ സമാന്ത റൂത്ത് പ്രഭുവിന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും മനോഹരമായ ഒരു അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്. മാതൃത്വത്തിലേക്കുള്ള ആ അധ്യായത്തെ കുറിച്ച് ഇപ്പോൾ ആദ്യമായി മനസ് തുറന്നിരിക്കുകയാണ് താരം.
2025 ഡിസംബറിലാണ് സംവിധായകന്‍ രാജ് നിഡിമോരുവുമായി സമാന്തയുടെ രണ്ടാം വിവാഹം നടന്നത്. കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ പോകുന്ന സന്തോഷവാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. അതിനുശേഷം താരത്തിന്‍റെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
'ഈ നിമിഷത്തിനായി ഞാന്‍ ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. അമ്മയാകുക എന്നത് എപ്പോഴും എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു'- സമാന്തയുടെ വാക്കുകള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സമാന്തയുടെ തുറന്നുപറച്ചില്‍. ഗര്‍ഭകാലം ജീവിതത്തെ പുതിയ അര്‍ഥത്തോടെയും ഊര്‍ജത്തോടെയും കാണാന്‍ പഠിപ്പിച്ചുവെന്ന് സമാന്ത പറയുന്നു. അഭിനയത്തിലും ജീവിതത്തിലും എന്നും പൂര്‍ണത തേടുന്ന താന്‍, അമ്മയെന്ന പുതിയ ഉത്തരവാദിത്വവും അതേ ആത്മാര്‍ഥതയോടെയാണ് ഏറ്റെടുക്കുന്നതെന്നും താരം വ്യക്തമാക്കി. 'ഇത് എനിക്ക് പുതിയ അനുഭവമാണ്. അതേസമയം അതിയായ ആവേശവും സന്തോഷവും നല്‍കുന്ന ഒരു യാത്രയുമാണ്. എന്‍റെ മുഴുവന്‍ മനസോടെയും ഞാന്‍ ഈ ഘട്ടത്തെ സ്വീകരിക്കും,' എന്നായിരുന്നു സമാന്തയുടെ വാക്കുകള്‍.
ആരോഗ്യപ്രശ്‌നങ്ങളും വ്യക്തിജീവിതത്തിലെ വെല്ലുവിളികളും കരിയറിലെ ഉയര്‍ച്ച-താഴ്ചകളും ധൈര്യത്തോടെ അതിജീവിച്ച സമാന്തയ്ക്ക് മാതൃത്വം മറ്റൊരു വലിയ സ്വപ്നസാക്ഷാത്കാരമായാണ് മാറിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഇപ്പോള്‍ ഈ താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്താനിരിക്കുന്ന കുഞ്ഞിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.
സിനിമയിലെ തിളക്കമേറിയ നായികയില്‍ നിന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷമായ 'അമ്മ'യിലേക്കുള്ള സമാന്തയുടെ ഈ യാത്ര ആരാധകര്‍ക്ക് പ്രചോദനവും സന്തോഷവും നിറയ്ക്കുന്നതാണ്. പുതിയൊരു ജീവിതത്തെ നെഞ്ചേറ്റാന്‍ ഒരുങ്ങുന്ന താരത്തിന്‍റെ മുഖത്തെ സന്തോഷവും ആത്മവിശ്വാസവും ഇപ്പോള്‍ ആരാധകരുടെയും സോഷ്യല്‍ മീഡിയയുടെയും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്.