രൺബീർ കപൂർ, യഷ്

 
Entertainment

'രാമായണ'ത്തിന്‍റെ പ്രദർശനം നിർത്തിവയ്ക്കണം, സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; എതിർപ്പുമായി വിഎച്ച്പി

ചിത്രത്തിൽ വസ്തുതകൾ വളച്ചൊടിച്ചുവെന്നും രാവണനെ മഹത്വവത്കരിച്ചുവെന്നുമാണ് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്‌രംഗ് ലാൽ ബാഗ്ര അടക്കമുള്ള നേതാക്കളുടെ ആരോപണം

Aswin AM

ന‍്യൂഡൽഹി: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് രാമായണ. ബോളിവുഡ് താരം രൺബീർ കപൂർ ഭഗവാൻ രാമനെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിൽ ബോക്സ് ഓഫിസിൽ നിന്നും കളക്ഷൻ നേടിയിരുന്നു.

ഈ അവസരത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവയ്ക്കണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഎച്ച്പി ആവശ‍്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ വസ്തുതകൾ വളച്ചൊടിച്ചുവെന്നും രാവണനെ മഹത്വവത്കരിച്ചുവെന്നുമാണ് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്‌രംഗ് ലാൽ ബാഗ്ര അടക്കമുള്ള നേതാക്കളുടെ ആരോപണം. ഹിന്ദു സമൂഹത്തിന്‍റെ വികാരങ്ങൾ വച്ച് കളിക്കാനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്ന് ബജ്‌രംഗ് ലാൽ ബാഗ്ര പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അഹല‍്യയുടെ മോചനം, നിഷാദരാജ് ഗുഹയുമായുള്ള രാമന്‍റെ സൗഹൃദം, കേവടന്‍റെ ഭക്തി അടക്കമുള്ള സംഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് നേതാക്കൾ പറയുന്നത്.