വിജയ് ദേവരകൊണ്ട

 
Entertainment

"നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഞാനെന്ത് ചെയ്യണം, സിനിമ നിർത്തണോ? ആളുകൾ മനപ്പൂർവം വെറുപ്പ് സൃഷ്ടിക്കുന്നു"; വിജയ് ദേവരകൊണ്ട

"50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്"

Namitha Mohanan

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രണബാലി'. ഒക്റ്റോബർ 16 നാണ് ചിത്രം തിയെറ്ററിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ചിനിടെ തനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് വിജയ് നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.

തനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഉയരുന്ന നെഗറ്റീവുകൾ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമല്ലെന്നും മറിച്ച് പണം നൽകി ചെയ്യിക്കുന്ന 'പെയ്ഡ് ഹേറ്റ്' ആണെന്നുമാണ് നടൻ പറയുന്നത്.

"വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത്. എന്‍റെ നേട്ടങ്ങൾ വെറുതെയാണെന്ന് ചിലർക്ക് തോന്നിയാൽ ഞാൻ അഭിനയം നിർത്തണമെന്നാണോ? എന്‍റെ തുറന്നുപറച്ചിലുകൾ അഹങ്കാരമായി തോന്നിയാൽ ക്യാമറയ്ക്ക് പിന്നിലും ഞാൻ അഭിനയിക്കണോ? ‌‌എന്‍റെ ഈ യാത്ര ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, ഞാനെന്താ വീട്ടിലിരിക്കണോ?.

എന്‍റെ ആത്മവിശ്വാസം കണ്ട് പലർക്കും അസൂയയും ബുദ്ധിമുട്ടും ഉണ്ടാവുന്നു. ഞാൻ മാറില്ല, അവരാണ് മാറേണ്ടത്. ചില പ്രത്യേക സംഘങ്ങളാണ് നെഗറ്റീവ് പ്രചാരണങ്ങൾക്ക് പിന്നിൽ. ഇതിനെ 'വെറുപ്പ്' എന്ന് വിളിക്കാൻ പോലും കഴിയില്ല.

കാരണം, ഇതിൽ 90 ശതമാനവും നെഗറ്റീവുകളും കൃത്രിമമായി നിർമിക്കപ്പെടുന്നവയാണ്. 50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്. ഒരേ തരത്തിലുള്ള വാർത്തകളും റീലുകളും തുടർച്ചയായി വരുന്നത് ഇതുകൊണ്ടാണ്. ഇതിനെ എനിക്ക് വെറുപ്പെന്ന് വിളിക്കാൻ കഴിയില്ല. ഇത് മനഃപൂർവം ചെയ്യുന്നതാണ്. ചെറിയൊരു കൂട്ടം ആളുകൾ, ഓരോരുത്തരും 20 മുതൽ 50 വരെ അക്കൗണ്ടുകൾ ഉപയോഗിച്ച്, ഒരേ ഉള്ളടക്കം ആവർത്തിച്ച് പങ്കുവയ്ക്കുന്നു.

നിങ്ങളുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ, 'രണബാലി'ക്ക് പകരം 'ജയിലർ 2' ആണ് കാണേണ്ടതെന്ന് പറയുന്ന 50 റീലുകൾ തുടർച്ചയായി വരുകയാണ്. 50 വ്യത്യസ്ത ആളുകൾ സ്വതന്ത്രമായി ഒരേ അഭിപ്രായത്തിലെത്തി ഒരേ റീൽ ഉണ്ടാക്കുന്നതാണെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? എന്നാലത് സ്വാഭാവികമല്ല. നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിവേണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ. അല്ലാതെ അതൊരാളെ താഴ്ത്തിക്കെട്ടാനാവരുത്", വിജയ് പറഞ്ഞു.