വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍
രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാടി പുലര്‍ച്ചെ നാലുമണി വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ പരിപാടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെ ഡാൻസും പുറത്തുവന്നിട്ടുണ്ട്.
മനോഹരമായ പാശ്ചാത്യരീതിയിലുള്ള നൃത്തമാണ് ഇരുവരും ചേർന്ന് നടത്തിയത്. ഫെബ്രുവരി 24ന് നടന്ന സംഗീത് പരിപാടിയില്‍ രശ്മികയുടെയും വിജയയുടെയും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ഗംഭീര പരിപാടിയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ആരെയും ആകർഷിക്കുന്ന തിളക്കമാർന്ന വസ്ത്രങ്ങൾ ഒരുക്കിയത് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ ഫാല്‍ഗുനി-ഷെയ്ന്‍ പീക്കോക്കാണ്. ഇവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് രശ്മികയും വിജയും വേദിയിലെത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ കയ്യടിയോടെ താരങ്ങളെ വരവേറ്റു.
രശ്മിക ഓഫ് വൈറ്റ് നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചത്. കറുത്ത നിറത്തിലുള്ള നീണ്ട ഷര്‍വാണിയായിരുന്നു വിജയയുടെ വേഷവിധാനം. ഓഫ് വൈറ്റ് കളറിലുള്ള ലെഹങ്കയില്‍ നേരിയ കല്ല് പതിപ്പിച്ചുള്ള വസ്ത്രത്തില്‍ രശ്മിക കൂടുതൽ സുന്ദരിയായി. ഇരുവരും രാജകീയ ലുക്കിലാണ് സംഗീത് പരിപാടിക്കെത്തിയത്. വിജയ്, അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ, സഹോദരൻ ആനന്ദ്, രശ്മിക, അവളുടെ മാതാപിതാക്കൾ, രശ്മികയുടെ സഹോദരി ഷിമാൻ മന്ദാന എന്നിവരും ചടങ്ങില്‍ നിറഞ്ഞുനിന്നു.
ഫെബ്രുവരി 26നാണ് ഉദയ്പൂരിലെ ഐടിസി മെമെന്‍റോസിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രശ്മികയും വിജയും വിവാഹിതരായത്. വിജയയുടെയും രശ്മികയുടെയും പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള വിവാഹമാണ് ഫെബ്രുവരി 26ന് നടന്നത്. രാവിലെ വിജയയുടെ പൈതൃകത്തിലുള്ള തെലുങ്കു വിവാഹവും, വൈകിട്ട് രശ്മികയുടെ പൈതൃകത്തിലുള്ള കൊടവ വിവാഹവും നടന്നു . ഇരുവീട്ടുകാർക്ക് സ്വീകാര്യമായ ഭക്ഷണരീതിയും കൂടാതെ സ്പെഷ്യൽ ഭക്ഷണവും,വിശിഷ്ട ജാപ്പനീസ് അത്താഴവും ഒരുക്കിയിരുന്നു.
കൂടാതെ വിവാഹത്തോട് അനുബന്ധിച്ച് ഫെബ്രുവരി 23, 24 തീയതികളിൽ വിരോഷ് പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരം എന്നിവയും നടത്തി. സംവിധായകനും നടനുമായ തരുൺ ഭാസ്‌കർ, നടൻ രാഹുൽ രവീന്ദ്രൻ, നടന്മാരായ ഈഷ റെബ്ബ, ആഷിക രംഗനാഥ്, സ്റ്റൈലിസ്റ്റ് ശ്രാവ്യ വർമ്മ, അർജുൻ റെഡ്ഡി, ആനിമൽ ഡയറക്ടർ സന്ദീപ് റെഡ്ഡി വംഗ, നടി കല്യാണി പ്രിയദർശൻ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.