വിജയ് സേതുപതി, ത‍്യാഗരാജ കുമാരരാജ

 
Entertainment

7 വർഷത്തിന് ശേഷം ത‍്യാഗരാജ കുമാരരാജയും സേതുപതിയും ഒന്നിക്കുന്ന ചിത്രം; 'പോക്കറ്റ് നോവൽ' റിലീസ് തീയതി പുറത്ത്

പോക്കറ്റ് നോവൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും മലയാളി താരം മാളവിക മോഹനനുമാണ് പ്രധാന വേഷത്തിലെത്തുന്നത്

Entertainment Desk

ഓരോ തവണ സിനിമ കാണാൻ തിയെറ്ററിലെത്തുമ്പോഴും വ‍്യത‍്യസ്തതയുള്ള സിനിമാനുഭവം പ്രേക്ഷകന് നൽകി ഞെട്ടിക്കുന്ന സംവിധായകനാണ് ത‍്യാഗരാജ കുമാരരാജ. അദ്ദേഹത്തിന്‍റെ ആരണ‍്യകാണ്ഡം, സൂപ്പർ ഡീലക്സ് എന്നീ ചിത്രങ്ങൾ അതിനുദാഹരണം മാത്രം.

ഇപ്പോഴിതാ 7 വർഷത്തിനു ശേഷം പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് സംവിധായകൻ. പോക്കറ്റ് നോവൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും മലയാളി താരം മാളവിക മോഹനനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ 2027 ജനുവരി 14ന് ചിത്രം തിയെറ്ററിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിലൂടെ‍യാണ് അണിയറ പ്രവർത്തകർ ഇക്കാര‍്യം അറിയിച്ചത്. ജി.വി. പ്രകാശ് സംഗീതം കൈകാര‍്യം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലായി പുറത്തിറങ്ങും. സേതുപതിക്കും മാളവികയ്ക്കും പുറമെ രാജ് ബി ഷെട്ടിയും കിഷോർ കുമാറും ചിത്രത്തിലുണ്ട്. ത‍്യാഗരാജയും സേതുപതിയും വീണ്ടും ഒന്നിക്കുന്നതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. രാജ് ബി. ഷെട്ടിയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും പോക്കറ്റ് നോവൽ. ആൻഡ്രൂ ലൂയിസ് കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം, ബത്ത എന്ന ചിത്രമാണ് വിജയ് സേതുപതിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.