ക്ലീൻ എന്‍റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്.
കൊച്ചി: സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിൽ നടനും നിർമാതാവുമായ വിജയ് ബാബു സ്സിച്ചോൺ കർമവും നിർമാതാവ് എൻ.എം. ബാദ്ഷാ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ആരംഭം കുറിച്ചു.
എപ്പിക്ക് ഫിലിംസ് & എന്‍റെർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെയും എൻ.എ. മോഷൻ പിക്ച്ചേർസിന്‍റെയും ബാനറിൽ നരേഷ്കുമാർ, നസീർ അഹമ്മദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ലിജു നടേരി.
കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, വയലൻസ് ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി. ആംഗ്ലോ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ആചാരാനുഷ്ടാനങ്ങളും ജീവിതരീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്‍റ്ർടെയ്നറായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
സാജിദ് യാഹ്യയും പുതുമുഖം സിദ്ധാർഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവിനെയും പോളിയെയും അവതരിപ്പിക്കുന്നത്.
ഒക്റ്റോബർ ആദ്യവാരം കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങ് പോണ്ടിച്ചേരി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയാക്കും.