ലിജു കൃഷ്ണ
സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരായ ബലാത്സംഗ കേസിൽ ഇടപെട്ടത് വ്യക്തിപരമായ താത്പര്യങ്ങൾക്കൊണ്ടല്ലെന്ന് ഡബ്ല്യുസിസി. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടന വിഷയത്തിൽ ഇടപെട്ടതെന്നും ഡബ്ല്യുസിസി പറയുന്നു.
ലിജു ഡബ്ല്യുസിസിയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവും അപകീർത്തികരവുമാണെന്നും സംഘടന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒരു കേസിലെ വിധി എന്തുതന്നെയായാലും, അതിജീവിതയുടെ പരാതി ഉയർത്തിയ തൊഴിൽപരവും സ്ഥാപനപരവുമായ ഉത്തരവാദിത്തങ്ങളെ അത് ഇല്ലാതാക്കുന്നില്ല. ലൈംഗികാതിക്രമ കേസുകളിലെ ശിക്ഷാനിരക്ക് ഏകദേശം 20 മുതൽ 25 ശതമാനം വരെയാണ്. അതിനർത്ഥം ശിക്ഷിക്കപ്പെടാത്ത ബാക്കി കേസുകളെല്ലാം വ്യാജപരാതികളാണെന്നല്ലെന്നും ഡബ്ല്യുസിസി പറയുന്നു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
WCC എന്തുകൊണ്ടാണ് ഈ കേസിൽ ഇടപെട്ടത്? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
2022 മാർച്ച് 1-ന് ഒരു അതിജീവിതയിൽ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) ശ്രീ. ലിജു കൃഷ്ണനുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഇടപെട്ടത്.
പരാതി ലഭിച്ചതിനെത്തുടർന്ന് WCC അതിന്റെ നിശ്ചിത നടപടിക്രമങ്ങൾ പാലിക്കുകയും വിഷയം പരിശോധിക്കുകയും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. ഈ വിഷയത്തിൽ സിനിമാ മേഖലയിലെ വിവിധ സംഘടനകൾക്ക് അതിജീവിത നേരിട്ട് കത്തുകളിലൂടെ ഉന്നയിച്ച കാര്യങ്ങൾക്കും അവർ നടത്തിയ ഇടപെടലുകൾക്കുമാണ് WCC പിന്തുണ നൽകിയത്. ഇതിനു വിരുദ്ധമായി പ്രചരിപ്പിക്കപ്പെടുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്.
ഒരു കാര്യം പ്രത്യേകം വ്യക്തമാക്കട്ടെ. വിമൻ ഇൻ സിനിമാ കളക്ടീവ് ഒരു വ്യക്തിയുടെ താൽപര്യത്തിനോ നിർദേശത്തിനോ അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല. ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സംഘടനയുടെ ഇടപെടലുകൾ. രേഖാമൂലം ലഭിക്കുന്ന പരാതികൾ പരിശോധിക്കുകയും, ആവശ്യമായ വ്യക്തതയും വിവരങ്ങളും ശേഖരിക്കുകയും, കൂട്ടായ ചർച്ചകളിലൂടെയും നിശ്ചിത നടപടിക്രമങ്ങളിലൂടെയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അതിജീവിതകൾക്ക് പിന്തുണ നൽകുന്നതും ഈ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
ഈ കേസിൽ വിചാരണക്കോടതിയുടെ വിധി വന്നിട്ടുണ്ട്. എന്നാൽ ഒരു വിചാരണക്കോടതി വിധി നിയമപരമായ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്. നിയമം അനുവദിക്കുന്ന അപ്പീൽ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് അതിജീവിതയ്ക്ക് അവകാശമുണ്ട്. നീതി തേടുന്നതിനുള്ള നിയമപരമായ വഴികൾ അവിടെ അവസാനിക്കുന്നില്ല.
കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (CHRI) ചൂണ്ടിക്കാണിക്കുന്നതുപോലെ, ലൈംഗികാതിക്രമ കേസുകളിലെ ശിക്ഷാനിരക്ക് ഏകദേശം 20 മുതൽ 25 ശതമാനം വരെയാണ്. അതിനർത്ഥം ശിക്ഷിക്കപ്പെടാത്ത ബാക്കി കേസുകളെല്ലാം വ്യാജപരാതികളാണെന്നല്ല. തെളിവുകളുടെ അപര്യാപ്തതയും പരാതി നൽകുന്നവർക്ക് നേരിടേണ്ടിവരുന്ന കടുത്ത സാമൂഹികവും വ്യക്തിപരവുമായ സമ്മർദങ്ങളും ഇത്തരം കേസുകളിൽ നീതി ലഭിക്കുന്നതിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.
വളരെ ധൈര്യത്തോടെയാണ് അതിജീവിത ഈ കേസിൽ മുന്നോട്ടുവന്നത്. അവരുടെ മൊഴിയെ തള്ളിക്കളയുകയും WCCയുടെ ഇടപെടലുകളെ വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്നതാണെന്ന് ആരോപിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് അതിജീവിതയുടെ അനുഭവങ്ങളെയും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെയും അവഗണിക്കുന്നതാണ്.
തന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റുള്ളവരുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു അതിജീവിതയുടെ ശബ്ദത്തെയും ധൈര്യത്തെയും ദുർബലപ്പെടുത്താൻ ശ്രമിക്കരുത്. ഇത്തരം പ്രസ്താവനകൾ ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും അന്തസിനെയും നീതിക്കുവേണ്ടി മുന്നോട്ടുപോകാനുള്ള കരുത്തിനെയും ബാധിക്കുന്നതാണ്.
ഒരു കേസിലെ വിധി എന്തുതന്നെയായാലും, അതിജീവിതയുടെ പരാതി ഉയർത്തിയ തൊഴിൽപരവും സ്ഥാപനപരവുമായ ഉത്തരവാദിത്തങ്ങളെ അത് ഇല്ലാതാക്കുന്നില്ല. ഈ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും ഓർമിപ്പിക്കേണ്ടതുണ്ട്. ഈ സിനിമയുടെ നിർമാണസ്ഥാപനമായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ആഭ്യന്തര പരാതി പരിഹാര സമിതി (Internal Committee – IC) ഉണ്ടായിരുന്നില്ലെന്ന വിഷയം ഇന്നും പ്രസക്തമാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ നിയമപ്രകാരം ഇത്തരം സമിതികൾ ഉണ്ടായിരിക്കുകയും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഒരു തൊഴിലിടത്തിൽ ഫലപ്രദമായ ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടായിരുന്നെങ്കിൽ, പരാതി പരിഹരിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനം അതിജീവിതയ്ക്ക് ലഭ്യമാകുമായിരുന്നു. അത്തരം സംവിധാനങ്ങളുടെ അഭാവം സ്ത്രീകളെ കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിലേക്കും പലപ്പോഴും പൊലീസ് പരാതിയുൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു.
ബലാത്സംഗക്കേസുകളിലെ വിചാരണകൾ നീണ്ടുപോകുന്നതും കുറ്റം ചെയ്തവർക്കുള്ള ശിക്ഷയെക്കുറിച്ച് ഉറപ്പില്ലാത്ത സാഹചര്യം നിലനിൽക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷാഭയമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് CHRI ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ നീതിന്യായ സംവിധാനത്തിന്റെ വേഗതയും തൊഴിലിടങ്ങളിലെ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങളും ഒരുപോലെ പ്രധാനമാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണ്.
WCC രൂപീകരിക്കപ്പെട്ടതുതന്നെ മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള കൂട്ടായ പോരാട്ടത്തിന്റെ ഭാഗമായാണ്. പരാതി ഉന്നയിക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുക എന്ന നിലപാടിൽ നിന്ന് ഞങ്ങൾ പിന്നോട്ടുപോകില്ല.
കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി WCCയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവും അപകീർത്തികരവുമാണ്. സംഘടനയുടെ പ്രവർത്തനങ്ങളെ ഒരു വ്യക്തിയുടെ മാത്രം തീരുമാനങ്ങളായി ചിത്രീകരിക്കാനും അതിന്റെ കൂട്ടായ നിലപാടുകളെ വ്യക്തിപരമായ താൽപര്യങ്ങളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
WCC ഒരു വ്യക്തിയല്ല. അതൊരു കൂട്ടായ്മയാണ്. അതിന്റെ നിലപാടുകളും ഇടപെടലുകളും പോരാട്ടങ്ങളും കൂട്ടായ തീരുമാനങ്ങളുടെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ്.
അതിജീവിതകൾക്ക് പിന്തുണ നൽകുക എന്നത് ഒരു വ്യക്തിക്കെതിരായ നിലപാടല്ല; മറിച്ച് നീതിയിലും ലിംഗസമത്വത്തിലും സുരക്ഷിതമായ തൊഴിലിടങ്ങളിലുമുള്ള ഞങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ ഭാഗമാണ്.