ഹേമ മാലിനി, ദീപിക പദുക്കോൺ
അറുപത് വര്‍ഷമായി ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരിയായി തിളങ്ങുന്ന ഹേമ മാലിനിയുടെ ജീവിതം ഒരിക്കല്‍ വെള്ളിത്തിരയിലെത്തിയാല്‍, ആ ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യയായ താരം ആരായിരിക്കും ? ആരാധകരുടെ ഈ ചോദ്യത്തിന് ഒടുവില്‍ ഹേമ മാലിനി തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. അവരുടെ മനസിലെ ആദ്യ പേര് മറ്റാരുമല്ല, ബോളിവുഡിന്റെ സൂപ്പര്‍താരം ദീപിക പദുക്കോണ്‍.
മുംബൈയില്‍ നടന്ന തന്റെ അറുപത് വര്‍ഷത്തെ സിനിമാ ജീവിതാഘോഷ ചടങ്ങിലായിരുന്നു ഹേമയുടെ തുറന്നുപറച്ചില്‍. ബയോപിക്കില്‍ ദീപികയെ കാണാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, 'അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യാം. ദീപിക സുന്ദരിയും അത്യന്തം കഴിവുള്ള അഭിനേത്രിയുമാണ്,' എന്നായിരുന്നു ഹേമയുടെ മറുപടി. താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഹേമ മാലിനിയുടെയും ദീപികയുടെയും ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2017ല്‍ പുറത്തിറങ്ങിയ 'ഹേമ മാലിനി; ബിയോണ്ട് ദി ഡ്രീം ഗേള്‍' എന്ന ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യാന്‍ ഹേമ തെരഞ്ഞെടുത്തതും ദീപികയെയായിരുന്നു. അതിലുപരി, ദീപികയുടെ അരങ്ങേറ്റ ചിത്രമായ 'ഓം ശാന്തി ഓമിലെ' ശാന്തിപ്രിയ എന്ന കഥാപാത്രത്തിന്റെ ലുക്കിനും അവതരണത്തിനും ഹേമ മാലിനിയുടെ 'ഡ്രീം ഗേള്‍' ഇമേജില്‍ നിന്ന് ശക്തമായ പ്രചോദനമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
അന്നത്തെ ഡ്രീം ഗേളും ഇന്നത്തെ ഗ്ലാമര്‍ ക്വീനും ഒരേ ഫ്രെയിമില്‍ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയാണ് ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ബയോപിക് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഹേമയുടെ ആഗ്രഹം യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കാസ്റ്റിങ്ങുകളിലൊന്നായി അത് മാറുമെന്ന് ഉറപ്പ്.