രൺവീർ അല്ലാബാദിയ
ബോളിവുഡ് നടന്മാരെക്കാൾ കൂടുതൽ കണ്ടന്‍റ് ക്രിയേറ്റേർമാർക്ക് സമ്പാദിക്കാനാകുമെന്ന് യൂട‍്യൂബർ രൺവീർ അല്ലാബാദിയ. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് രൺവീർ ഇക്കാര‍്യം പറഞ്ഞത്. ബോളിവുഡിൽ വലിയ നേട്ടം കൈവരിക്കുകയെന്നത് ഇപ്പോഴും വലിയ പ്രയാസമാണെന്നാണ് യൂട‍്യൂബർ പറയുന്നത്.
ഉയർന്ന സ്ഥാനത്തുള്ള ഒരു കൂട്ടം താരങ്ങൾ മാത്രമെ പണം സമ്പാദിക്കുന്നുള്ളൂയെന്നും മുഖ‍്യധാര സെലിബ്രിറ്റികളാകാൻ സാധ‍്യതയില്ലാത്തവർക്ക് കണ്ടന്‍റ് ക്രിയേഷൻ ധാരാളം അവസരങ്ങൾ നൽകുന്നുവെന്നാണ് രൺവീറിന്‍റെ വാദം.
കണ്ടന്‍റ് ക്രിയേഷനെക്കാൾ വലിയ തുക സിനിമയിൽ നിന്നും ലഭിക്കുമെന്ന് ആളുകൾ കരുതുന്നു. എന്നാൽ ഇത് നേരെ തിരിച്ചാണ്. ബോളിവുഡിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള 30 പേർ മാത്രമെ പണം സമ്പാദിക്കുന്നുള്ളൂ.
എന്നാൽ കണ്ടന്‍റ് ക്രിയേഷനിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായി എന്തെങ്കിലും ഉണ്ടാക്കാൻ സാധിക്കും. ഒരു നടൻ ചെയ്യേണ്ട രീതിയിൽ പ്രശസ്തനാകാതെ തന്നെ. രൺവീർ പറഞ്ഞു. രൺവീറിന്‍റെ എക്സ് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.