തുടയിലും കൈയിലുമെല്ലാം ലാത്തിയടിയേറ്റതിന്‍റെ പാടുകൾ, ഡെമോക്രാറ്റിക് ഫിറ്റ് ചെക്കുമായി നടി

 
Entertainment

തുടയിലും കൈയിലുമെല്ലാം ലാത്തിയടിയേറ്റതിന്‍റെ പാടുകൾ, ഡെമോക്രാറ്റിക് ഫിറ്റ് ചെക്കുമായി നടി

ഇൻസ്റ്റഗ്രാം റീലിലൂടെയാണ് താരം ലാത്തിയടിയേറ്റതിന്‍റെ വിഡിയോ പങ്കുവച്ചത്

Manju Soman

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിൽ ആമിർ ഖാന്‍റെ അനന്തരവളും നടിയുമായ സെയ്ൻ മേരി ഖാൻ പങ്കെടുത്തിരുന്നു. ബോളിവുഡ് നടൻ ഇമ്രാൻ ഖാനൊപ്പമാണ് നടി പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതും വാർത്തയായിരുന്നു. ഇപ്പോൾ പ്രതിഷേധത്തിനിടെ മർദനമേറ്റെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സെയ്ൻ മേരി ഖാൻ.

ഇൻസ്റ്റഗ്രാം റീലിലൂടെയാണ് താരം ലാത്തിയടിയേറ്റതിന്‍റെ വിഡിയോ പങ്കുവച്ചത്. തുടയിലും കൈയിലും വിരലുകളിലുമെല്ലാം അടിയേറ്റ് ചുവന്നും കരിനീലിച്ചും കിടക്കുന്നതാണ് വിഡിയോയിലുള്ളത്. ശരീരത്തിലെ അടിയേറ്റതിന്‍റെ പാടുകൾ കാണിച്ചുകൊണ്ടുള്ള ഡെമോക്രാറ്റിക് ഫിറ്റ് ചെക്കാണ് സയ്ൻ ചെയ്തത്. ഞങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ല എന്നാണ് സയ്ൻ വിഡിയോയിൽ പറയുന്നുണ്ട്.

ബോളിവുഡ് താരം ഇമ്രാൻ ഖാൻ, സുഹൃത്ത് ലേഖ വാഷിങ്ടൺ എന്നിവർക്കൊപ്പമാണ് സയ്ൻ പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ പൊലീസ് തങ്ങളെ കസ്റ്റഡിയിൽ എടുത്തതിന്‍റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകൻ മൻസൂർ ഖാന്‍റെ മകളാണ് സയ്ൻ.