ഇങ്ങനെയുണ്ടോ കോപ്പിയടി, നാണക്കേട്: ഷാരുഖ് ഖാന്‍റെ കിങ് പോസ്റ്ററിനെതിരേ വിമർശനം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്‍റെ കിങ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ പോസ്റ്ററിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുകയാണ്. ധുരന്ധർ സിനിമ പോസ്റ്ററിന്‍റെ കോപ്പിയടിയാണ് ഇത് എന്നാണ് ആരോപണം.
തീയിലൂടെ നടന്നുവരുന്ന ഷാരുഖ് ഖാനെയാണ് പോസ്റ്ററിൽ കാണുന്നത്. വായിൽ റോസാപൂ കടിച്ചുപിടിച്ച് കൈയിൽ തോക്കുമായാണ് വരുന്നത്. ധുരന്ധറിലെ രൺവീർ സിങ്ങിന്‍റെ പോസ്റ്ററിന്‍റെ കോൺസെപ്റ്റാണ് കിങ്ങിൽ പകർത്തിയിരിക്കുന്നത് എന്നാണ് ആരോപണം. എഐ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ ചിത്രമാണ് ഇത് എന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. നിങ്ങൾക്ക് ധുരന്ധർ പോസ്റ്ററിന്‍റെ തീയും ഫ്രെയിമും പകർത്താൻ ശ്രമിക്കാം. പക്ഷേ ഒരിക്കലും ധുരന്ധറാവാൻ കഴിയില്ല. - എന്നാണ് മറ്റൊരാൾ കുറിച്ചത്.
എന്നാൽ ഇവിടം കൊണ്ട് അവസാനിച്ചില്ല. ചിത്രത്തിന്‍റെ കഥ തന്നെ കോപ്പിയടി ആണ് എന്നാണ് മറ്റൊരു ആരോപണം. പ്രശസ്ത ഹോളിവുഡ് ചിത്രമായ ലിയോൺ: ദി പ്രൊഫഷണൽ എന്ന സിനിമയുടെ കോപ്പിയടിയാണ് ചിത്രം എന്നാണ് ആരോപണം. കിങ്ങിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരേയും ആരോപണം ഉയർന്നിരുന്നു. ബ്രാഡ് പിറ്റിന്‍റെ എഫ്1ന്‍റെ പോസ്റ്ററാണ് കോപ്പിയടിച്ചത് എന്നായിരുന്നു ആരോപണം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് എത്തുന്നത്.