"കല്യാണത്തിന് രാത്രി 10 മണി വരെയേ ഭക്ഷണം വിളമ്പൂ"; വരനെ കാത്തിരുന്ന് മടുത്തുവെന്ന് പാചകക്കാർ
ശ്രീനഗർ: വിവാഹ വിരുന്നുകളിൽ രാത്രി 10 മണിക്കു ശേഷം ഭക്ഷണം വിളമ്പേണ്ടതില്ലെന്ന് തീരുമാനിച്ച് കശ്മീരിലെ പാചക്കാരുടെ അസോസിയേഷൻ. കശ്മീരിലെ പരമ്പരാഗത പാചകക്കാരായ വാസകളുടെ യോഗത്തിലാണ് തീരുമാനം. കല്യാണം അടക്കമുള്ള ചടങ്ങുകളിൽ ദീർഘസമയം ജോലി ചെയ്യേണ്ടി വരുന്നത് മനുഷ്യത്വ രഹിതമാണെന്നും സമ്മേളനം വിലയിരുത്തി.
കുറേ കാലമായി പാചകക്കാർ ഈ പ്രശ്നം നിശബ്ദമായി സഹിക്കുകയായിണെന്ന് വാസ അസോസിയേഷൻ പ്രസിഡന്റ് ഗുലാം നബി വാസ പറയുന്നു. വിരുന്നുകൾക്കു വേണ്ട വിഭവങ്ങൾ പാചകം ചെയ്യാൻ തന്നെ മണിക്കൂറുകൾ വേണ്ടി വരും. പലപ്പോഴും രാത്രി മുഴുവൻ ഉണർന്നിരുന്നായിരിക്കും ജോലി ചെയ്യുക. അതിനു ശേഷം ഉച്ചയ്ക്ക് ഒരു മണി മുതൽ ആറു മണി വരെ ഉച്ചഭക്ഷണം വിളമ്പേണ്ടി വരും. തൊട്ടു പിന്നാലെ തന്നെ അത്താഴം വിളമ്പിത്തുടങ്ങും.
അതു പാതിരാത്രി വരെ നീളുമെന്ന് ഗുലാം നബി പറയുന്നു. വധുവിന്റെ വീട്ടിലാണ് പാചകം ചെയ്യുന്നതെങ്കിൽ വരൻ വരുന്നതിനായി ദീർഘസമയം കാത്തിരിക്കേണ്ടി വരും. മിക്കവാറും പാതിരാത്രിയിലായിരിക്കും വരനും സംഘവും എത്തുക. പുലർച്ചെ 1 മണി ആയിട്ടും വരനെത്താഞ്ഞതിനെത്തുടർന്ന് നിക്കാഹ് നടത്താതെ മൗലവി മടങ്ങിപ്പോയിട്ടു പോലുമുണ്ട്. ഞങ്ങളും മനുഷ്യരാണ്. അതു കൊണ്ടാണ് രാത്രി 10 മണി വരെ എന്നൊരു സമയം നിശ്ചയിക്കുന്നതെന്ന് ഗുലാം നബി പറയുന്നു.