ഗാന്ധിഭവനിലെ പിതൃമന്ദിരം ഉദ്ഘാടന വേളയിൽ അന്തേവാസികളായ അച്ഛന്മാരോട് ക്ഷേമാന്വേഷണങ്ങൾ നടത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും.
കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ വയോധികരായ പുരുഷ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 20 കോടി രൂപ ചെലവിൽ നിർമിച്ചുനൽകിയ 'പിതൃമന്ദിരം' മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം തടവ് നൽകുന്ന നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും, അന്തേവാസികൾക്കുള്ള വാർഷിക ധനസഹായം ഒന്നരക്കോടിയായി ഉയർത്തുമെന്നും ഭിന്നശേഷി കുട്ടികൾക്കായി സ്കൂൾ കെട്ടിടം നിർമിക്കുമെന്നും എം.എ യൂസഫലിയും ചടങ്ങിൽ പ്രഖ്യാപിച്ചു.
കൊല്ലം:പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചുനൽകിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആളാണ് എം.എ. യൂസഫലിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു. മാതൃകാപരമായ പുണ്യപ്രവർത്തനമാണിതെന്നും, ആശ്രയമറ്റെന്ന് കരുതിയ നിരവധി മനുഷ്യർക്ക് തണലേകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വകുപ്പ് ഉണ്ടാക്കാൻ ആദ്യം തീരുമാനമെടുത്ത സർക്കാരാണ് യുഡിഎഫിന്റേത്. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം വരെ തടവ് നൽകുന്ന നിയമം പാസാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇത് പാസായാൽ മുതിർന്ന ആളുകൾക്ക് വലിയ പരിരക്ഷ ഉറപ്പാക്കുന്നതാകും. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും മാതാപിതാക്കളെ ചേർത്തുപിടിക്കുന്ന മക്കളെയാണ് കേരളത്തിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവർ ഒറ്റയ്ക്കാണെന്ന തോന്നൽ ആർക്കും ഉണ്ടാകരുത്. ഇവർക്കുള്ള സംരക്ഷണത്തിന് പ്രത്യേക നയങ്ങൾ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കൾ ഉപേക്ഷിക്കുന്ന പ്രായമായവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന താല്പര്യത്തിലാണ്, മാതൃഭവനത്തിന് പിന്നാലെ പിതൃമന്ദിരം കൂടി യാഥാർഥ്യമാക്കിയതെന്ന് എം.എ. യൂസഫലി പറഞ്ഞു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന രീതി വിദ്യാസമ്പന്നരായ കേരളം മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിഭവനിലെ അന്തേവാസികളുടെ നിത്യച്ചെലവിനും ഭക്ഷണത്തിനും മരുന്നുകൾക്കുമായി നൽകി വന്നിരുന്ന ഒരു കോടി രൂപയുടെ സഹായം ഒന്നരക്കോടിയായി വർധിപ്പിച്ചു നൽകുമെന്ന് എം.എ. യൂസഫലി ചടങ്ങിൽ പ്രഖ്യാപിച്ചു. ഗാന്ധിഭവനിലെ ഭിന്നശേഷി കുട്ടികളുടെ സ്കൂൾ പുനർനിർമാണം താൻ ഏറ്റെടുക്കുമെന്നും ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതികുമാർ ചാമക്കാല എംഎൽഎ, മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പ്രസംഗിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദയും ചടങ്ങിൽ സംബന്ധിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ പിതൃമന്ദിരം
20 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരത്തിൽ അന്തേവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാൽപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണത്തിൽ നാല് നിലകളിലായി നിർമാണം പൂർത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികൾക്ക് തണലാകും.
ഡോർമിറ്ററി സൗകര്യം, പ്രാർഥനാ മുറികൾ, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്സിങ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയായിരിക്കുന്നത്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ വഹിക്കാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിങ് സൗകര്യം എന്നിവ പ്രത്യേകതയാണ്. മന്ദിരത്തിന്റെ ആദ്യനിലയിൽ പ്രാർഥനാമുറികളും വിശാലമായ ഹാളും ഓഫിസ് മുറിയും ഉൾക്കൊള്ളുന്നു. ഇവിടെ വായനാമുറി ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സമയ പരിചരണത്തിനായി നഴ്സിങ് സൗകര്യവുമുണ്ട്.
കിടപ്പുരോഗികൾക്ക് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിൽ അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്. വീൽചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും ഈ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാർമസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുന്നു. 150 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്.
2016-ൽ ഗാന്ധിഭവൻ സന്ദർശനവേളയിലാണ് അന്തേവാസികളുടെ പ്രയാസങ്ങൾ മനസിലാക്കിയ എം.എ. യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് 2022 നവംബറിൽ ഗാന്ധിഭവനിൽ അമ്മമാർക്കായി 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി കൈമാറി. അമ്മമാർക്കുള്ള മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ഇവിടുത്തെ പുരുഷ അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പുതിയ മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. കെട്ടിടങ്ങൾ നിർമിച്ചതിനു പുറമേ ഗാന്ധിഭവനിലെ അച്ഛനമ്മമാരുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ വ്യക്തമാക്കി.