അമെരിക്കയുടെ മോളിക്യൂലാർ ഷെഫ് ഗ്രാന്‍റ് അച്ചാറ്റ്സ്
johan books
അമെരിക്കയിലെ ഏറ്റവും മികച്ച ഒരു റസ്റ്റോറന്‍റാണ് അലീനിയ. ഷിക്കാഗോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഷെഫ് ഗ്രാന്‍റ് അച്ചാറ്റ്സിന്‍റെ അസാധാരണ വിഭവങ്ങളാണ് ഇവിടെ ജനപ്രിയമാകുന്നത്. ഇതിൽ ഏറ്റവും ജനകീയമായത് ഹീലിയം ബലൂൺ! ഞെട്ടണ്ട.. ഭക്ഷ്യ യോഗ്യമായ ഹീലിയം ബലൂൺ തന്നെ.
വരുന്ന ഉപഭോക്താക്കൾക്ക് ഹീലിയം ബലൂണുകൾ വിളമ്പുകയും അതു കഴിക്കുന്നതിനു മുമ്പ് ഹീലിയം വലിച്ചെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അലീന റെസ്റ്റോറന്‍റിനെ ലോകത്തെ മറ്റേതൊരു റെസ്റ്റൊറന്‍റിനെക്കാളും വ്യത്യസ്തമാക്കുന്നു.
അച്ചാറ്റ്സും സംഘവും ഭക്ഷ്യ യോഗ്യമായ ഹീലിയം ബലൂൺ നിർമാണത്തിൽ
ബലൂണുകൾ വിളമ്പുകയും അത് കഴിക്കുന്നതിന് മുമ്പ് ഹീലിയം വലിച്ചെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഷെഫ് അച്ചാറ്റ്സുമായി അദ്ദേഹത്തിന്റെ ബലൂണുകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, അവ എങ്ങനെ നിർമ്മിക്കുന്നുവെന്ന് കണ്ടു, ഒന്ന് പരീക്ഷിച്ചുനോക്കാൻ കഴിഞ്ഞു.
ഭക്ഷ്യ യോഗ്യമായ ബലൂൺ നിർമാണത്തിന് ആദ്യം പരിശ്രമിച്ചത് 2003ൽ സ്പെയിനിലെ ഷെഫ് ഫെറാൻ അഡ്രിയ ആയിരുന്നു. അവർ അവതരിപ്പിച്ച ബലൂണിൽ ആദ്യം ഒരു ഗോളവും അത് വായിൽ പൊട്ടിത്തെറിക്കുമ്പോൾ ഒലീവ് എണ്ണയുടെ ഒരു കുമിളയും ഉണ്ടാകുന്ന രീതിയിലായിരുന്നു. എന്നാൽ അത് അത്ര ജനകീയമായില്ല.
പിന്നീടാണ് അമെരിക്കയുടെ സ്വന്തം ഷെഫ് ഗ്രാന്‍റ് അച്ചാറ്റ്സിന്‍റെ ഗവേഷണം. പച്ച ആപ്പിൾ ടാഫി ഉപയോഗിച്ച് അദ്ദേഹം നിർമിച്ച ഹീലിയം ബലൂണുകൾ വളരെ വേഗം ജനശ്രദ്ധ പിടിച്ചു പറ്റി. ഇത്രയും നാൾ പാചകത്തിന് കത്തിയും പാത്രങ്ങളും മറ്റും കണ്ട നമുക്കിടയിലേയ്ക്ക് അച്ചാറ്റ്സ് മറ്റൊന്നു കൂടി അവതരിപ്പിക്കുന്നു, തെർമോ മീറ്റർ! അതുപയോഗിച്ച് കൃത്യമായ താപ നില അളന്ന് വേണം ഭക്ഷ്യയോഗ്യമായ ഹീലിയം ബലൂണുകൾ നിർമിക്കാൻ!ഗ്രാന്‍റ് അച്ചാറ്റ്സും സുഹൃത്ത് ഷെഫ് മൈക്ക് ബാഗേലും വർഷങ്ങളോളം നടത്തിയ പരീക്ഷണത്തിന്‍റെ ഫലമാണ് ഭക്ഷ്യ യോഗ്യമായ ഹീലിയം ബലൂണുകൾ.
ജലാറ്റിൻ പൗഡറും പഞ്ചസാരയും കോൺ സ്റ്റാർച്ചും ക്യാരറ്റ് ജ്യൂസുമൊക്കെയാണ് ഭക്ഷ്യയോഗ്യമായ ഹീലിയം ബലൂൺ നിർമാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കൾ. എന്താ ...ഒരു കൈ നോക്കിയാലോ?