ഖുശ്ബു പഠാണി
സ്വയരക്ഷയ്ക്കായി സ്ത്രീകൾ എയർ പിസ്റ്റൾ വാങ്ങണമെന്ന് നിർദേശിച്ച് നടി ദിഷ പഠാണിയുടെ സഹോദരിയും മുൻ സൈനിക ഉദ്യോഗസ്ഥയുമായ ഖുശ്ബു പഠാണി. ബിഹാറിലെ ജാമുയ് ജില്ലയിൽ സ്കൂൾ വിദ്യാർഥി ലൈംഗിക അതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ടാണ് ഖുശ്ബുവിന്‍റെ പ്രതികരണം. എയർ പിസ്റ്റൽ പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഖുശ്ബു കാണിച്ചു തരുന്നുണ്ട്.
60,000- 70,000 വില വരുന്ന .177 കാലിബർ എയർ പിസ്റ്റളിന്‍റെ പ്രവർത്തന രീതിയാണ് ഖുശ്ബു വിശദീകരിക്കുന്നത്. മറ്റുള്ളവരുടെ സഹായം തേടുന്നതിനേക്കാൾ നല്ലത് എയർ പിസ്റ്റൾ ഉപയോഗിക്കുന്നതാണെന്നും അവർ വ്യക്തമാക്കുന്നു. നിങ്ങൾക്ക് ഇത് വാങ്ങാം. ഇത് കൈയിൽ കരുതി സ്വയം സംരക്ഷിക്കൂ. മറ്റുള്ളവരെ ആശ്രയിക്കരുത്. അല്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്നത് ഒരിക്കലും അവസാനിക്കില്ല. എന്നാണ് ഖുശ്ബു പറയുന്നത്. അടുത്തുള്ള ഷൂട്ടിങ് റെയ്ഞ്ചിൽ പോയി ഷൂട്ടിങ് പരിശീലനം നേടാനും ഖുശ്ബു പറയുന്നുണ്ട്.
സ്വയരക്ഷയ്ക്കായി മാത്രമാണ് ഇത് ഉപയോഗിക്കേണ്ടതെന്നും അതിനാൽ ഉത്തരവാദിത്വത്തോടെ വേണം ഉപയോഗിക്കാൻ എന്നും ഖുശ്ബു വ്യക്തമാക്കുന്നുണ്ട്. എയർ പിസ്റ്റളിൽ തിര നിറയ്ക്കുന്നത് ഷൂട്ട് ചെയ്യുന്നതുമെല്ലാം ഖുശ്ബു വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് വിഡിയോയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഐഫോൺ വാങ്ങുന്ന പണം കൊണ്ട് എയർ പിസ്റ്റൾ വാങ്ങാം എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകൾ.