ബുദ്ധന് മുന്നിൽ നിന്ന് സെൽഫീ എടുക്കരുത്, പ്രാവിന് തീറ്റ കൊടുക്കരുത്; വിചിത്രമായ നിയമങ്ങൾ
ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ നിയമങ്ങളാണ് നില നിൽക്കുന്നത്. വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി മനസിലാക്കി വച്ചില്ലെങ്കിൽ പിഴയടക്കാനേ സമയം കാണൂ... വിവിധ രാജ്യങ്ങളിലെ വിചിത്രമായ നിയമങ്ങളെക്കുറിച്ച് അറിയാം.
ബുദ്ധന് മുൻപിൽ നിന്ന് സെൽഫീ വേണ്ട
ശ്രീലങ്കയിൽ ചെന്ന് ഒരിക്കലും ബുദ്ധ പ്രതിമയ്ക്ക് മുൻപിൽ നിന്ന് സെൽഫീ എടുക്കരുത്. കാരണം അത് ബഹുമാനമില്ലായ്മയായാണ് അവർ കണക്കാക്കുന്നത്. മൂന്നു വർഷത്തിനിടെ ബുദ്ധന് മുൻപിൽ നിന്ന് സെൽഫീയെടുത്ത നൂറു കണക്കിന് വിദേശികളെയാണ് ലങ്ക നാടു കടത്തിയിരിക്കുന്നത്. മാത്രമല്ല വിശുദ്ധമായ ശിൽപങ്ങളിൽ മോശമായി സ്പർശിക്കുന്നതും ലങ്കയിൽ അനുവദിച്ചു തരില്ല. 2014ൽ കൈയിൽ ബുദ്ധ രൂപം ടാറ്റൂ ചെയ്തെത്തിയ ബ്രിട്ടിഷ് വിനോദസഞ്ചാരിയെ ലങ്ക നാടു കടത്തിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
ഗ്രീസിൽ ഹൈ ഹീൽസ് വേണ്ട
ഗ്രീസിൽ അവധിക്കാലം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഹൈ ഹീൽസ് ഒഴിവാക്കിക്കോളൂ. കാരണം ഗ്രീസിലെ പല സംരക്ഷിത പ്രദേശങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും ഹൈ ഹീൽസ് നിരോധിച്ചിരിക്കുകയാണ്. ചെരിപ്പിന്‍റെ കൂർത്ത മുനകൾ ആയിരക്കണക്കിന് വർഷങ്ങളായി സംരക്ഷഇച്ചു പോരുന്ന ശിലകളിൽ കേടുപാടു വരുത്തുമെന്ന ഭയമാണ് ഇതിനു കാരണം. 2009ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.
സിംഗപ്പൂരിൽ ച്യൂയിങ്ഗം വേണ്ട
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സഞ്ചാര നിയമങ്ങളിൽ ഒന്നായാണ് സിംഗപ്പൂരിലെ ച്യൂയിംഗ് ഗം നിരോധനത്തെ കണക്കാക്കുന്നത്.1992 മുതൽ നിരോധനം നിലവിലുണ്ട്. ട്രെയിനിലെ വാതിലുകളിലും കെട്ടിടങ്ങളിലുമെല്ലാം ച്യൂയിംഗ് ഗം ചവച്ചു തുപ്പുന്നത് പതിവായതോടെയാണ് ഈ നിയമം നടപ്പിലാക്കിയത്.
വെനീസിൽ പ്രാവിന് തീറ്റ കൊടുക്കരുത്
വെനീസിലെ പിയാസ സാൻ മാർക്കോയിലെ പ്രാവുകൾക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളിൽ അധികവും. പക്ഷേ അവിടത്തെ പ്രാവുകൾക്ക് തീറ്റ കൊടുത്താൽ കളി മാറും. പുരാതന കെട്ടിടങ്ങളും മറ്റും പ്രാവിൻ കാഷ്ഠം വീണ് നാശമാകാൻ തുടങ്ങിയതോടെ 2008ലാണ് സന്ദർശകർ പ്രാവിന് തീറ്റ കൊടുക്കരുതെന്ന് നിയമം വന്നത്.
പെട്രോൾ തീർന്നാലും പിഴ
പെട്രോൾ തീർന്ന് വണ്ടി നിന്നു പോകുന്നത് നമുക്ക് ഒരു സാധാരണ സംഭവമായിരിക്കും. പക്ഷേ ജർമനിയിലെ ഓട്ടോബനിൽ അങ്ങനെ വല്ലതും ഉണ്ടായാൽ കാത്തിരിക്കുന്നത് വലിയ പിഴയായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈ സ്പീഡ് റോഡ് ശ്യംഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായാണ് ഈ നിയമം.
കടൽ തീരത്തെ മണൽ എടുക്കരുത്
ഇറ്റലിയിലെ സാർഡീനിയയിലുള്ള ബീച്ചുകളിൽ നിന്ന് മണൽ വാരുന്നത് നിയമവിരുദ്ധമാണ്. 2019ൽ ഫ്രഞ്ച് വിനോദസഞ്ചാരികളിൽ സ്വന്തം കാറിൽ 40 കിലോ മണലുമായി കടക്കാൻ ശ്രമിച്ചിരുന്നു. അതോടെയാണ് ഈ നിയമം ചർച്ച ചെയ്യപ്പെട്ടത്. സാർഡീനിയയിലെ അതി ലോലമായ തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമം.
വെള്ളം തെറിപ്പിക്കരുത്
മഴക്കാലത്ത് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അതിവേഗത്തിൽ വാഹനമോടിച്ച് വെള്ളം തെറിപ്പിച്ചാൽ ജപ്പാൻ പിഴ ഈടാക്കും. കാൽ നടയാത്രക്കാർക്കു മേൽ വെള്ളം തെറിപ്പിക്കുന്നത് ഇവിടെ കുറ്റകരമാണ്.