ചേതന ചക്രവർത്തി
ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്ന വിവാദ പ്രസ്താവനയുമായി റിലേഷൻഷിപ്പ് പരിശീലക ചേതന ചക്രവർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച വിഡിയോയിലാണ് ചേതന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങൾ ദയവു ചെയ്ത് ഇന്ത്യയിലെ പുരുഷന്മാരെ വിവാഹം കഴിക്കുകയോ അവരുമായി ഡേറ്റിങ്ങിൽ ഏർപ്പെടുകയോ അരുതെന്നും അതിലും ഭേദം ഒറ്റയ്ക്കു ജീവിക്കുന്നതാണെന്നുമാണ് ചേതന പറയുന്നത്. ഭോപ്പാലിൽ നടി ട്വിഷ ശർമ ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ട സംഭവവും സ്റ്റാൻഡ് അപ് കോമഡിയിൽ 360 രൂപയുടെ ചിക്കൻ ബിരിയാണി മുതലാക്കാൻ ശ്രമിച്ചതുമടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചേതനയുടെ അഭിപ്രായപ്രകടനം.
മാനസിക പ്രശ്നമുള്ളവരെപ്പോലെ പെരുമാറുന്ന ഭർതൃമാതാവ്, ഉപദ്രവിക്കുന്ന ഭർത്താക്കന്മാർ, 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയതിന്‍റെ പേരിൽ സ്ത്രീയുടെ ശരീരത്തിന്മേൽ തനിക്ക് അവകാശമുണ്ടെന്ന് കരുതുന്ന നട്ടെല്ലില്ലാത്ത ആൺകുട്ടികൾ... ഇവർക്കിടയിൽ ജീവിക്കുന്നതിലും എത്രയോ ഭേദമാണ് സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്നതെന്നാണ് ചേതന പറയുന്നത്.
പണം ചെലവാക്കിയതിന്‍റെ പേരിൽ സ്ത്രീ ലൈംഗികതയ്ക്ക് ബാധ്യസ്ഥയാണെന്ന് കരുതുന്ന, കൺസെന്‍റ് എന്ന വാക്കിന്‍റെ അർഥം പോലും അറിയാത്ത ആണുങ്ങൾ സ്ത്രീകളെ അർഹിക്കുന്നില്ലെന്നും അവർ പറയുന്നു. 15 വർഷമായി റിലേഷൻഷിപ്പ് കോച്ച് ആയി തുടരുകയാണ് താനെന്നും ഇതു വരെ അറിഞ്ഞ ജീവിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും ചേതന പറയുന്നു.
പ്രതിവർഷം അയ്യായിരത്തിൽ പരം സ്ത്രീധന മരണങ്ങളും ലക്ഷക്കണക്കിന് പീഡനക്കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നവ അതിലും ഇരട്ടിയാണെന്നും ചേതന പറയുന്നു. ചേതനയുടെ വിഡിയോക്കുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.