എൽ നിനോ നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കും, സൂക്ഷിക്കണം

 
Lifestyle

എൽ നിനോ നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കും, സൂക്ഷിക്കണം

ഏറെ നാൾ നീണ്ട് നിൽക്കുന്ന ചൂട് കാലമാണ് നമ്മെ കാത്തിരിക്കുന്നത്

Manju Soman

എൽ നിനോ ഭീഷണിയിലാണ് ലോകം. കാലാവസ്ഥ മാറ്റം ഇന്ത്യയെ ചുട്ടുപൊള്ളിക്കുകയാണ്. രാജ്യത്തിന്‍റെ പല ഭാഗത്തും ഇതുവരെ റെക്കോർഡ് ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല മഴയിലും വലിയ കുറവു വന്നു. എൽ നിനോയെ കാലാവസ്ഥ മാറ്റം എന്ന രീതിയിൽ മാത്രം കാണാനാവില്ല. ഇത് നമ്മുടെ ആരോഗ്യത്തേയും മോശമായി ബാധിക്കും.

കാലാവസ്ഥയും ആരോഗ്യവും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ചൂട് കൂടുകയും മഴ പ്രവചനാതീതമാവുകയും ചെയ്താൽ പല രോഗങ്ങളും കൂടും. വേനൽകാലങ്ങളിൽ വരുന്ന രോഗങ്ങൾ രൂക്ഷമാകും. കൂടാതെ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളും കൂടുതൽ ഗുരുതരമാകും. ഏറെ നാൾ നീണ്ട് നിൽക്കുന്ന ചൂട് കാലമാണ് നമ്മെ കാത്തിരിക്കുന്നത്. വേനൽ പലർക്കും ചെറിയ ബുദ്ധിമുട്ടാവാറുണ്ട്. എന്നാൽ എൽ നിനോ മൂലമുണ്ടാകുന്ന ചൂട് അപകടകരം കൂടിയാണ്. നിർജലീകരണം, സൂര്യാഘാതം, ചൂട് മൂലമുണ്ടാകുന്ന ക്ഷീണം, തുടങ്ങിയവ വർധിക്കും. മാത്രമല്ല ഹൃദ്രോഗം, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം എന്നിവയും രൂക്ഷമാവാനും ഇത് കാരണമാകും.

ഹൃദ്രോഗം പോലുള്ള ഗുരുതര രോഗമുള്ളവർക്ക് ചൂടുകാലം ഏറെ ദുഷ്കരമായിരിക്കും. ഉയർന്ന താപനിലയിൽ ശരീരത്തെ തണുപ്പിക്കാൻ ഹൃദയത്തിന് കൂടുതൽ പണിയെടുക്കേണ്ടതായി വരും. ഉയർന്ന ചൂടും വായു മലിനീകരണം കൂടിയാവുമ്പോൾ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ശ്വാസതടസമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ കാലാവസ്ഥാ മാറ്റം ഗുരുതര രോഗമുള്ളവർക്കും പ്രായമായവർക്കും അപകടകരമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

മഴക്കാല രോഗങ്ങളായ ഡെങ്കു, മലേറിയ എന്നിവ വർധിക്കാനും കാലാവസ്ഥാ മാറ്റം കാരണമാകും. മഴയിൽ വ്യത്യാസമുണ്ടാകുന്നത് പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതിലൂടെ കൊതുക് പെറ്റുപെരുകുകയും ഡെങ്കു മലേറിയ പോലുള്ള രോഗങ്ങൾ വർധിക്കാനും കാരണമാകും. ശുദ്ധമായ ജലം ലഭിക്കുന്നതിലും എൽ നിനോ ഭീഷണിയാവും. ചില സ്ഥലങ്ങളിൽ വരൾച്ചയെ തുടർന്ന് ശുദ്ധമായ ജലം കിട്ടാതിരിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന കനത്ത മഴ വെള്ളത്തെ മോശമാക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി