2027 ജനുവരി ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ല

 
Lifestyle

വിസാ ചട്ടങ്ങളിൽ മാറ്റം; 2027 ജനുവരി ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ല

മലേഷ്യയിൽ ജോലി അന്വേഷിക്കുന്നതിനായി വിസയില്ലാത്ത പ്രവേശന സൗകര്യം ദുരുപയോഗം ചെയ്യുന്നതായി ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ തീരുമാനം

Sarath Nath MS

ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസയില്ലാത്ത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കുമെന്ന് മലേഷ്യ. ഇതോടെ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ യാത്രയ്ക്ക് മുൻപ് നിർബന്ധമായും സാധുവായ വിസ നേടേണ്ടിവരും. മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് നവംബർ 17ന് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ വ്യവസ്ഥ പ്രകാരം ഡിസംബർ ഒന്ന് മുതൽ ഇന്ത്യൻ പൗരന്മാർക്ക് 'മൈ വിസ' ഓൺലൈൻ പോർട്ടൽ വഴി വിസയ്ക്ക് അപേക്ഷിക്കാം. നിലവിൽ വിനോദസഞ്ചാരം, ബിസിനസ്, സാമൂഹിക സന്ദർശനം, ട്രാൻസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയിൽ തങ്ങാൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ട്. ഈ സൗകര്യം 2026 ഡിസംബർ 31 വരെ തുടരും.

മലേഷ്യയിൽ ജോലി അന്വേഷിക്കുന്നതിനായി വിസയില്ലാത്ത പ്രവേശന സൗകര്യം ദുരുപയോഗം ചെയ്യുന്നതായി ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. വിനോദസഞ്ചാരത്തിനായി എത്തുന്നവർ തൊഴിൽ തേടുന്നത് ചട്ടലംഘനമാണെന്നും വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴുന്നവർക്ക് നിയമനടപടി, തടങ്കൽ, തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

മലേഷ്യയിലെ പുതിയ വിസാ ചട്ടങ്ങൾ

വിസാ അപേക്ഷയിലെ 'New Application', 'Pending Payment' എന്നീ സ്റ്റാറ്റസുകളിൽ ഏഴ് പ്രവൃത്തിദിവസത്തിലധികം തുടരുന്ന അപേക്ഷകൾ സ്വമേധയാ കാലഹരണപ്പെടും. ഒക്റ്റോബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. അപേക്ഷ കാലഹരണപ്പെട്ടാൽ പുതുക്കിയ അപേക്ഷാ ഫോമിൽ വീണ്ടും അപേക്ഷിക്കണം.

വിസാ അപേക്ഷ നിരസിച്ചാലും അംഗീകരിച്ചാലും അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. മലേഷ്യയുടെ വിസാ നയത്തിൽ മാറ്റമുണ്ടായാലോ യാത്രാ പദ്ധതികൾ മാറ്റിയാലോ ഫീസ് റീഫണ്ട് ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, മലേഷ്യയിലെ താമസകാലയളവ് മുഴുവൻ പരിഗണിക്കപ്പെടുന്ന യാത്രാ മെഡിക്കൽ ഇൻഷുറൻസ് എടുക്കാനും വിദേശ സഞ്ചാരികളോട് ഇമിഗ്രേഷൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയ്ക്കും മറ്റ് ആരോഗ്യ സേവനങ്ങൾക്കുമായി വരുന്ന ചെലവുകൾ വിദേശികൾ തന്നെ വഹിക്കേണ്ടിവരും.