80 ലക്ഷം സമ്പാദിച്ചു, ഇനി മതി; സർക്കാർ ജോലി രാജിവയ്ക്കാൻ യുവതി
ഏറ്റവും സുരക്ഷിതമായ ജോലിയായാണ് നമ്മൾ ഗവൺമെന്‍റ് ജോലിയെ കാണുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് തനിക്ക് ലഭിച്ച സർക്കാർ ജോലി രാജിവയ്ക്കാനുള്ള തീരുമാനത്തിലാണ് ഒരു യുവതി. 31 കാരിയുടെ തുറന്നു പറച്ചിലാണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
പൊതുമേഖല സ്ഥാപനത്തിൽ ഏഴ് വർഷമായി ജോലി നോക്കുകയാണ് യുവതി. ഇതിനോടകം 80 ലക്ഷം രൂപ സമ്പാദിക്കാനും ഇവർക്കായി. എന്നാൽ കടുത്ത ജോലി സമ്മർദ്ദമാണ് താൻ അനുഭവിക്കുന്നത് എന്നാണ് യുവതി പറയുന്നത്. വാരാന്ത്യങ്ങളിലും ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. കൂടാതെ അവധിദിനങ്ങളിൽ പോലും അസൈൻമെന്‍റുകളുണ്ടാകും. കടുത്ത ജോലി സമ്മർദ്ദം തന്‍റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് യുവതി പറയുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ജോലി രാജിവച്ചാലോ എന്ന് ചിന്തിക്കുകയാണെന്നും യുവതി പറയുന്നു.
പുതിയ ഡിപ്പാർട്ട്മെന്‍റിലേക്ക് മാറിയതോടെ ഞാൻ വാരാന്ത്യത്തിലും അവധിദിവസവും ജോലി ചെയ്യുകയാണ്. ഓഫിസിലെ ജോലി സമയത്തിനു ശേഷം ചിലപ്പോൾ രാത്രികളിലും ജോലി ചെയ്യേണ്ടതായി വരും. സിക്ക് ലീവ് എടുത്താൽ പോലും ചോദ്യങ്ങൾ നേരിടുകയാണ്. 9-10 മണിക്കൂർ ജോലി ചെയ്താലും ഇത്രയും പോര എന്നാണ് പറയുന്നത്. കൃത്യമായ ബ്രേക്ക് കിട്ടിയത് എന്നാണ് എന്നുപോലും ഞാൻ മറന്നുപോയി. 25-30 വർഷം ഇതേപോലെ ജീവിക്കുക എന്നത് തന്നെ പേടിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു. സാമ്പത്തികമായി താൻ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അതിനാൽ ജോലി രാജിവച്ച് ചെറിയ സിറ്റിയിൽ പോയി സമാധാനത്തോടെ ജീവിക്കാനാണ് താൻ ആലോചിക്കുന്നതെന്നും ഇവർ പറയുന്നു. കൈയിലുള്ള പണം ഇൻവെസ്റ്റ് ചെയ്യാനും ട്രേഡിങ് നടത്താനും ആലോചിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. നിർദേശങ്ങൾ ചോദിച്ചുകൊണ്ടാണ് യുവതി റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. താൻ ഇതേ അവസ്ഥയിൽ ഇരുന്നിട്ടുള്ള ആളാണെന്നും ഓടി ഒളിച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഒരാൾ ഉപദേശിച്ചു. ജോലി പെട്ടെന്ന് രാജിവയ്ക്കണ്ടെന്നും നീണ്ട ബ്രേക്ക് എടുക്കാനുമാണ് ഒരാൾ നിർദേശിച്ചത്. ട്രാൻസ്ഫർ ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നീണ്ട ബ്രേക്കെടുക്കുമ്പോൾ മനസ് ശാന്തമാകുമെന്നും അപ്പോൾ തീരുമാനമെടുക്കാൻ എളുപ്പമാകുമെന്നും കമന്‍റുകളുണ്ട്.