ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.

 

Freepik.com

Health

മഴക്കാലമാണ്; ദാഹമില്ലെങ്കിലും വെള്ളം കുടിക്കാം

മഴക്കാലത്ത് ദാഹം കുറയുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് ഡോ. വിനോദ് സേവ്യർ മുന്നറിയിപ്പ് നൽകുന്നു; നിർജലീകരണവും വൃക്കപ്രശ്നങ്ങളും ഒഴിവാക്കാൻ ജലാംശം നിർണായകം

MV Desk

ഡോ. വിനോദ് സേവ്യർ

വേനലിന്‍റെ കൊടുംചൂടിന് വിരാമമിട്ട് മഴക്കാലം എത്തിക്കഴിഞ്ഞു. ചൂടിൽ നിന്ന് രക്ഷപെടാൻ ധാരാളം വെള്ളം കുടിച്ചിരുന്ന നമ്മളിൽ പലരും, തണുപ്പുള്ള ഈ കാലാവസ്ഥയിൽ വെള്ളംകുടി കാര്യമായി കുറയ്ക്കാറുണ്ട്. അന്തരീക്ഷം തണുക്കുന്നതും വിയർപ്പ് കുറയുന്നതും കാരണം മഴക്കാലത്ത് ദാഹം തോന്നാതിരിക്കുക തികച്ചും സ്വാഭാവികമാണ്. എന്നാൽ, ദാഹം തോന്നുന്നില്ലെന്ന കാരണത്താൽ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കും.

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിന്‍റെയും സുഗമമായ പ്രവർത്തനത്തിന് ജലാംശം അനിവാര്യമാണ്. ശരീര ഊഷ്മാവ് നിലനിർത്താനും, ദഹനപ്രക്രിയ വേഗത്തിലാക്കാനും, അവയവങ്ങളുടെ സുരക്ഷയ്ക്കും വെള്ളം അത്യാവശ്യമാണ്. വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മൂത്രത്തിലൂടെ ഉപാപചയ മാലിന്യങ്ങൾ പുറന്തള്ളാൻ അത് സഹായിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ദാഹം കുറയുമ്പോൾ നമ്മൾ ഈ 'ഹൈഡ്രേഷൻ' ചക്രം ലംഘിക്കുകയാണ് ചെയ്യുന്നത്.

മഴക്കാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

  • രോഗപ്രതിരോധം: മഴക്കാലം പകർച്ചവ്യാധികളുടെയും അണുബാധകളുടെയും സമയമാണ്. കൃത്യമായി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനം സുഗമമായി നിലനിർത്താൻ സഹായിക്കുന്നു.

  • ഊർജസ്വലത: ജലാംശം കുറയുമ്പോൾ ശരീരം പെട്ടെന്ന് ക്ഷീണിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉന്മേഷം നിലനിർത്താൻ സഹായിക്കും.

  • ദഹനപ്രക്രിയ: മഴക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണ്. വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യും.

  • ചർമത്തിന്‍റെ ആരോഗ്യം: അന്തരീക്ഷത്തിലെ ഈർപ്പം കാരണം ചർമത്തിൽ അണുബാധകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉള്ളിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകുന്നത് ചർമത്തെ ആരോഗ്യത്തോടെ നിലനിർത്തും.

ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ശരീരം പെട്ടെന്ന് നിർജ്ജലീകരണത്തിലേക്ക് നീങ്ങും. ഇത് കടുത്ത തലവേദന, തലകറക്കം, അമിതമായ ക്ഷീണം എന്നിവ കൂടാതെ ചർമം വരളുന്നതിനും കാരണമാകും. കൂടാതെ, മൂത്രത്തിൽ അണുബാധ, വൃക്കകളിൽ കല്ല് എന്നിവ വരാനുള്ള സാധ്യത മഴക്കാലത്ത് വളരെ കൂടുതലാണ്. പ്രതിരോധശേഷി കുറയുന്നതിനും കാരണമായേക്കാം.

മഴക്കാലത്ത് ഹൈഡ്രേറ്റഡ് ആയിരിക്കാൻ ചില വഴികൾ

ഫോണിൽ റിമൈൻഡർ വയ്ക്കാം: ദാഹം തോന്നാത്തതുകൊണ്ട് വെള്ളം കുടിക്കാൻ മറന്നുപോകുന്നത് സ്വാഭാവികമാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ഫോണിൽ അലാം വയ്ക്കുകയോ വാട്ടർ റിമൈൻഡർ ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്യാം.

ചൂടുവെള്ളം കുടിക്കുക: തിളപ്പിച്ചാറ്റിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് തൊണ്ടയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും: ജലാംശം കൂടിയ നാരങ്ങ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയവ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്.

അമിതമായാൽ വെള്ളവും

പ്രായമായവരിൽ ദാഹം തിരിച്ചറിയാനുള്ള ശേഷി ചിലപ്പോൾ കുറവായിരിക്കും. അതിനാൽ മഴക്കാലത്ത് ദാഹം തോന്നിയില്ലെങ്കിലും മുതിർന്നവർ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് വീട്ടിലുള്ളവർ പ്രത്യേകം ഉറപ്പാക്കണം.

അമിതമായി വെള്ളം കുടിക്കുന്നതും ഒരിക്കലും നന്നല്ല. പ്രത്യേകിച്ച് മറ്റ് അസുഖങ്ങളുള്ളവർ ഡോക്റ്ററുടെ നിർദേശപ്രകാരം മാത്രം വെള്ളത്തിന്‍റെ അളവ് നിജപ്പെടുത്തേണ്ടതാണ്. എന്തും അമിതമാകുന്നത് ദോഷം ചെയ്യുമെന്നതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കുക.

ഓരോരുത്തരുടെയും ശരീരഭാരം, പ്രവർത്തനം, കാലാവസ്ഥ സമ്പർക്കം, മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് ശരീരത്തിന്‍റെ ദ്രാവക ആവശ്യകതകൾ വ്യത്യാസപ്പെടുന്നുണ്ട്. ഇതെല്ലം കണക്കിലെടുത്ത് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് എല്ലാ കാലാവസ്ഥകളിലും ശീലമാക്കാം.

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. ആരോഗ്യകരമായ ഒരു മഴക്കാലം ആസ്വദിക്കാൻ, ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ മടി കാണിക്കരുത്.

ഡോ. വിനോദ് സേവ്യർ

കൺസൾട്ടന്‍റ്, ഇന്‍റേണൽ മെഡിസിൻ

ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുന്നു, മദ്യ കമ്പനികളെ സഹായിക്കാനാണ് നീക്കം; വിമർശനവുമായി പിണറായി വിജയൻ

കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ

സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് ക്ഷീരകർഷകൻ

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്

സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വിൽപ്പന; കൊച്ചിയിൽ 2 പേർ അറസ്റ്റിൽ