ഡൽഹിയിൽ 6 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,500ലധികം ശ്വാസകോശ അർബുദ കേസുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ശ്വാസകോശ അർബുദ കേസുകളുടെ കണക്ക് പുറത്ത്. ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിൽ വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കണക്ക് പുറത്തുവന്നത്.
2020 ജനുവരി ഒന്ന് മുതൽ 2026 ജൂലൈ 31 വരെ എയിംസ്, രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രി, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎസ്സിഐ) എന്നിവിടങ്ങളിലായി 6,581 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിവരാവകാശ നിയമപ്രകാരം വാർത്താ ഏജൻസിയായ പിടിഐ നടത്തിയ അന്വേഷണത്തിലാണ് കണക്കുകൾ പുറത്തുവന്നത്.
അതേസമയം, ഡൽഹിയിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളെജായ സഫ്ദർജങ് ആശുപത്രി കേസുകളുടെ എണ്ണം നൽകിയില്ല. എന്നാൽ 393 മരണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് ആശുപത്രികളിലുമായി 913 പേരാണ് മരിച്ചത്. ശരാശരി മൂന്ന് ദിവസത്തിൽ ഒരു മരണം എന്ന കണക്കിലാണിത്.
എയിംസിൽ ഏറ്റവും കൂടുതൽ കേസുകൾ
എയിംസിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2020 ജനുവരി മുതൽ 2026 മാർച്ച് വരെ 4,860 കേസുകളും 158 മരണങ്ങളും ഇവിടെ രേഖപ്പെടുത്തി.
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരി മുതൽ 2026 ജൂലൈ വരെ 1,613 കേസുകളും 354 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2021ൽ രണ്ട് കുട്ടികൾക്കും ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. ആറര വർഷത്തിനിടെ 351 സ്ത്രീകൾക്കും രോഗം കണ്ടെത്തി.
ആർഎംഎൽ ആശുപത്രിയിൽ 108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 47 പേർ സ്ത്രീകളാണ്. എട്ട് മരണങ്ങളും രേഖപ്പെടുത്തി.
ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളും ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു.
ഏറെ കുപ്രസിദ്ധമാണ് ശൈത്യകാലത്തെ ഡൽഹിയിലെ വായുമലിനീകരണം. ഡൽഹി ഗ്യാസ് ചേമ്പറായി മാറിയെന്ന് സുപ്രീം കോടതി തന്നെ പലതവണ പരാമർശം നടത്തിയിരുന്നു. ഡൽഹി പോലുള്ള നഗരങ്ങളിൽ ദീർഘകാലം മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കീഴിലെ അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി വായുമലിനീകരണം മനുഷ്യരിൽ അർബുദം ഉണ്ടാക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.