രക്തജന്യ രോഗ ചികിത്സയ്ക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ച ബ്ലീഡിങ് ആൻഡ് ത്രോംബോസിസ് ക്ലിനിക്കിന്‍റെ ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളെജ് പീഡിയാട്രിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാർ നിർവഹിക്കുന്നു.

 
Health

രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിങ് ആൻഡ് ത്രോംബോസിസ് ക്ലിനിക്

രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകാം

Kozhikode Bureau

കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതും മൂലമുണ്ടാകുന്ന സങ്കീർണമായ തകരാറുകൾക്കും, ഏകീകൃതവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിന് കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിങ് ആൻഡ് ത്രോംബോസിസ് ക്ലിനിക് ആരംഭിച്ചു.

രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീർണ രോഗങ്ങൾക്ക് കൃത്യമായതും കേന്ദ്രീകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ധ ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ഈ മേഖലയിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതിനാലാണ് ആസ്റ്റർ മിംസിൽ അത്യാധുനിക ബ്ലീഡിങ് ആൻഡ് ത്രോംബോസിസ് ക്ലിനിക് ആരംഭിച്ചതെന്ന് അധികൃതർ.

തുടർച്ചയായ രക്തസ്രാവം മൂലം വിഷമിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ശസ്ത്രക്രിയകൾക്ക് മുൻപുള്ള നിർണായക പരിശോധനകളും രോഗനിർണയവും കൃത്യമായ ചികിത്സയും പുതിയ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ തൃശൂർ ഗവ. മെഡിക്കൽ കോളെജ് പീഡിയാട്രിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാർ വ്യക്തമാക്കി.

രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒരേസമയം നിയന്ത്രിക്കേണ്ടി വരുന്നത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ വെല്ലുവിളികളിലൊന്നാണെന്ന് ക്ലിനിക് മേധാവിയും കൺസൾട്ടന്‍റുമായ ഡോ. കെ.വി. കാർത്തിക പറഞ്ഞു. അത്യാധുനിക ലബോറട്ടറി സാങ്കേതികവിദ്യയുടെയും വിദഗ്ധ ഡോക്റ്റർമാരുടെയും കരുത്തിൽ ഹീമോഫീലിയ, പ്ലേറ്റ്‌ലെറ്റ് ഫംഗ്ഷൻ ഡിസോർഡേഴ്സ്, വോൺ വില്ലേബ്രാൻഡ് ഡിസീസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്ക് കൃത്യമായ രോഗനിർണയവും, വ്യക്തിഗത ചികിത്സകളും നൽകാൻ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്നും ഡോക്റ്റർ കൂട്ടിചേർത്തു.

കോയാഗുലേഷൻ പ്രൊഫൈൽ, ഫാക്ടർ അസ്സേ, ത്രോംബോഫീലിയ വർക്കപ്പ് തുടങ്ങിയ അത്യാധുനിക ലാബ് പരിശോധനാ സംവിധാനങ്ങളും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തസ്രാവ വൈകല്യങ്ങളെക്കുറിച്ച് ഡോ. കാർത്തിക നയിച്ച സെമിനാറും ബേസിക് കോയാഗുലേഷൻ ടെസ്റ്റുകൾ, ഫാക്റ്റർ അസ്സേ പരിശോധനകളുടെ തത്സമയ പ്രദർശനവും സംഘടിപ്പിച്ചു.

കഴിഞ്ഞ 25 വർഷമായി ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത്യാധുനിക ചികിത്സാ മുന്നേറ്റങ്ങളും ഉറപ്പാക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിന് സാധിച്ചിട്ടുണ്ടെന്നും പ്രാദേശികതലത്തിൽ ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമാണ് ഇത്തരം പുതിയ ചുവടുവെപ്പുകളെന്നും, ആദ്യഘട്ടത്തിൽ ക്ലിനിക്കിന്‍റെ പ്രവർത്തനം ആഴ്ചയിൽ ഒരുദിവസമായിരിക്കുമെന്നും ആസ്റ്റർ മിംസ് സിഎംഎസ് ഡോ. എബ്രഹാം മാമൻ പറഞ്ഞു. ചടങ്ങിൽ എജിഎം ഓപ്പറേഷൻസ് ഷീന നമ്പ്യാർ, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മനോജൻ തെക്കേടത്, ഡോ. സുദീപ് വാണിയത്ത്, ഡോ. കേശവൻ എം.ആർ തുടങ്ങിയവർ പങ്കെടുത്തു.