ഡോ. വി.പി ഗംഗാധരനും ഡോ. കെ. ചിത്രതാരയും
വിവാഹ വാർഷികങ്ങൾ പലരും പലരീതിയിൽ ആഘോഷിക്കുന്നവരുണ്ട്. ആളുകളെ വിളിച്ച് കൂട്ടി വലിയ ആഘോഷമാക്കുന്നവരും സ്നേഹഭവനങ്ങളിൽ ചെന്ന് ആരുമില്ലാവരോടൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം കൊടുത്തും ആഘോഷിക്കുന്നവരുമുണ്ട്.
ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി വിവാഹ വാർഷിക ആഘോഷിച്ച ദമ്പതികളുടെ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. കാൻസർ ചികിത്സാ രംഗത്തെ വിദഗ്ദരായ ഡോ. വി.പി ഗംഗാധരനും ഡോ. കെ. ചിത്രതാരയുമാണ് ഇവിടുത്തെ താരങ്ങൾ. ഇവർ വിവാഹ വാർഷികം ആഘോഷിച്ചത് കാൻസർ പ്രതിരോധ വാക്സിൻ കരുതലായി നൽകിക്കൊണ്ടായിരുന്നു.
ഏപ്രിൽ 30 നായിരുന്നു ഇവരുടെ വിവാഹ വാർഷികം. ദേശീയ കാൻസർ പ്രതിരോധ വാക്സിൻ പ്രചരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുണ്ടാണ് ഇവർ എച്ച്പിബി വാക്സിൻ സ്പോൺസർ ചെയ്തത്. മാത്രമല്ല ഇത്തരത്തിൽ എച്ച്പിബി വാക്സിൻ സ്പോൺസർ ചെയ്യാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്റ്റർമാർ മുൻകൈ എടുത്ത് ഈ ഉദ്യമത്തിൽ പങ്കു ചേരുന്നുമുണ്ട്.15 മുതൽ 20 വയസുവരെ പ്രായമുള്ള യുവതികൾക്കാണ് ദമ്പതികൾ ഈ വാക്സിൻ നൽകുന്നത്.
"ഇന്ത്യയിൽ ഗർഭാശയഗള അർബുദം (Cervical Cancer) തടയുന്നതിനായി എച്ച്പിവി (HPV - Human Papillomavirus) വാക്സിനേഷൻ വ്യാപകമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ഈ വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള രാജ്യവ്യാപകമായ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനത്തും സ്‌ക്കൂളുകളിൽ പ്ലസ് ടു വിദ്യാർഥികൾക്ക് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിയുണ്ട്.
ലോകത്തിലെ മൊത്തം ഗർഭാശയഗള അർബുദ മരണങ്ങളിൽ 25% ഇന്ത്യയിലാണ് സംഭവിക്കുന്നത്, അതിനാൽ ഈ വാക്സിൻ വളരെ നിർണായകമാണ്.
9 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 0, 6 മാസങ്ങളിൽ രണ്ട് ഡോസുകളാണ് സാധാരണയായി നിർദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളിൽ സിംഗിൾ ഡോസും ഫലപ്രദമാണെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു"-ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഡോ. കെ. ചിത്രതാര വ്യക്തമാക്കുന്നു.