ഭക്ഷണശീലം നിയന്ത്രിച്ചാൽ വൻകുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാം.
Freepik.com
ഡോ. ബൈജു സേനാധിപൻ
ആധുനിക ജീവിതശൈലിയുടെ ഭാഗമായി കേരളീയ സമൂഹത്തിൽ അതിവേഗം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് വൻകുടൽ ക്യാൻസർ അഥവാ കൊളോറെക്റ്റൽ ക്യാൻസർ. ലോകത്താകമാനം ക്യാൻസർ ബാധിതരിലും ക്യാൻസർ മരണങ്ങളിലും പ്രധാന സ്ഥാനത്തുള്ള ഈ രോഗം ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം വ്യാപകമായി കണ്ടുവന്നിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ നാട്ടിലും ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുകയാണ്. അൻപത് വയസിന് മുകളിലുള്ളവരിൽ കൂടുതലായി കണ്ടിരുന്ന ഈ അർബുദം ഇന്ന് മുപ്പതുകളിലും നാൽപ്പതുകളിലും പ്രായമുള്ളവരിലും കണ്ടെത്തുന്നത് ആരോഗ്യരംഗത്ത് ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
ജനിതക ഘടകങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും ഉൾപ്പെടെ നിരവധി കാരണങ്ങൾ ഈ വർധനവിന് പിന്നിലുണ്ടെങ്കിലും ഭക്ഷണക്രമത്തിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. പരമ്പരാഗതമായി നാം പിന്തുടർന്നിരുന്ന നാരുകൾ ധാരാളമുള്ള ഭക്ഷണരീതികളിൽനിന്ന് മാറി കൊഴുപ്പും പഞ്ചസാരയും സംസ്കരിച്ച ചേരുവകളും കൂടുതലുള്ള ഭക്ഷണങ്ങളിലേക്ക് മാറിയത് കുടലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു. നാം കഴിക്കുന്ന ഓരോ ഭക്ഷണവും ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും കുടലിലെ കോശങ്ങളുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നുണ്ട്. അതിനാൽ വൻകുടൽ ക്യാൻസറിനു സാധ്യത വർധിപ്പിക്കുന്ന ഭക്ഷണശീലങ്ങൾ തിരിച്ചറിയുകയും അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനമാണ്.
വൻകുടൽ ക്യാൻസറും ഭക്ഷണശീലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയിട്ടുള്ള നിരവധി ശാസ്ത്രീയ പഠനങ്ങളിൽ റെഡ് മീറ്റിന്‍റെ അമിതമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബീഫ്, മട്ടൻ, പോർക്ക് തുടങ്ങിയവയാണ് റെഡ് മീറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന ഹീം അയൺ (Heme iron) കുടലിൽ ചില രാസപ്രവർത്തനങ്ങൾക്ക് കാരണമാകുകയും കുടലിന്‍റെ ആന്തരിക ആവരണത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്യാം.
ചുവന്ന മാംസത്തിന്‍റെ അളവിനൊപ്പം അത് പാകം ചെയ്യുന്ന രീതിയും ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്ന ഘടകമാണ്. ഉയർന്ന താപനിലയിൽ മാംസം പാകം ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഗ്രിൽ ചെയ്യുമ്പോഴും ബാർബിക്യു തയാറാക്കുമ്പോഴും നേരിട്ട് തീയിൽ ചുട്ടെടുക്കുമ്പോഴും, ഹെറ്ററോസൈക്ലിക് അമീനുകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ തുടങ്ങിയ രാസസംയുക്തങ്ങൾ രൂപപ്പെടാം. ഇവയ്ക്ക് കോശങ്ങളുടെ ജനിതകഘടനയെ ബാധിക്കാൻ ശേഷിയുണ്ട്. ഇത്തരം രാസവസ്തുക്കളുമായുള്ള നിരന്തരമായ സമ്പർക്കം അർബുദ സാധ്യത വർധിപ്പിക്കാം. അതിനാൽ ചുവന്ന മാംസത്തിന്‍റെ അമിതമായ ഉപയോഗം ഒഴിവാക്കുകയും ഭക്ഷണത്തിൽ അതിന്‍റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. മാംസം കഴിക്കുന്നവർ അത് ശരിയായ രീതിയിൽ പാകം ചെയ്ത് മിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ഹോട്ട് ഡോഗ്, ബേക്കൺ, സോസേജ്, സലാമി തുടങ്ങിയവയും ഉപ്പിട്ട്, പുകകൊള്ളിച്ച്, മറ്റു രീതികളിൽ സംസ്കരിച്ച് ദീർഘകാലം സൂക്ഷിക്കുന്ന ഇറച്ചി വിഭവങ്ങളും പ്രോസസ്ഡ് മീറ്റ് വിഭാഗത്തിൽപ്പെടുന്നു. ഭക്ഷണത്തിന്‍റെ നിറവും രുചിയും നിലനിർത്തുന്നതിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി ഇത്തരം ഉത്പന്നങ്ങളിൽ നൈട്രൈറ്റുകൾ, നൈട്രേറ്റുകൾ തുടങ്ങിയ സംരക്ഷക ഘടകങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിലെത്തുമ്പോൾ ചില സാഹചര്യങ്ങളിൽ നൈട്രോസമൈനുകൾ ഉൾപ്പെടെയുള്ള സംയുക്തങ്ങൾ രൂപപ്പെടാം. ഇവയിൽ ചിലതിന് അർബുദമുണ്ടാക്കാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്‍റർനാഷണൽ ഏജൻസി ഫൊർ റിസർച്ച് ഓൺ ക്യാൻസർ, സംസ്കരിച്ച മാംസത്തെ ഗ്രൂപ്പ് വൺ കാർസിനോജൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് മനുഷ്യരിൽ ക്യാൻസറിന് കാരണമാകുന്നതിന് മതിയായ തെളിവുകളുള്ള വസ്തുക്കളുടെ കൂട്ടത്തിൽ. പുകയിലയും ആസ്ബസ്റ്റോസുമൊക്കെ ഈ വിഭാഗത്തിലുള്ളവയാണ്. ഇതെല്ലാം ഒരേ അളവിൽ അപകടകരമാണെന്നല്ല അതിനർഥം; മറിച്ച് ഇവയ്ക്കെല്ലാം ക്യാൻസറുമായുള്ള ബന്ധത്തിന് ശക്തമായ തെളിവുകളുണ്ടെന്നാണ് വ്യക്തമാക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും ഭക്ഷണത്തിൽ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും പകരം പുതുതായി തയാറാക്കിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു നാരുകൾ ധാരാളമുള്ള ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവയുടെ ഉപയോഗം. ഇന്നത്തെ ഭക്ഷണരീതിയിൽ മൈദയും സംസ്കരിച്ച ധാന്യങ്ങളും ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡും വർധിച്ചതോടെ ഭക്ഷണത്തിലെ നാരുകളുടെ അളവ് ഗണ്യമായി കുറഞ്ഞു. വൻകുടലിന്‍റെ സുഗമമായ പ്രവർത്തനത്തിലും ആരോഗ്യസംരക്ഷണത്തിലും ഫൈബറിനു നിർണായക സ്ഥാനമുണ്ട്.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലത്തിന്‍റെ അളവ് വർധിപ്പിക്കുകയും അതിനെ മൃദുവാക്കുകയും ചെയ്യുന്നു. ഇതിലൂടെ മലവിസർജനം സുഗമമാകുകയും ദഹനാവശിഷ്ടങ്ങൾ കുടലിലൂടെ നീങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. കുടലിനുള്ളിലെ ചില ദോഷകരമായ വസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കാനും നാരുകൾ സഹായകമാണ്.
നാരുകൾ കുറഞ്ഞ മൈദവിഭവങ്ങൾ, പൊറോട്ട, റിഫൈൻഡ് ധാന്യങ്ങൾ എന്നിവ അമിതമായി കഴിക്കുകയും പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുകയും ചെയ്യുന്നത് മലബന്ധം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. എന്നാൽ, മലബന്ധം മാത്രം വൻകുടൽ ക്യാൻസറിന് നേരിട്ടുള്ള കാരണമാണെന്ന് പറയാനാവില്ല.
നാരുകൾ കുടലിലെ ഗുണകരമായ ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ഈ ബാക്റ്റീരിയകൾ നാരുകളെ വിഘടിപ്പിക്കുമ്പോൾ ബ്യൂട്ടിറേറ്റ് പോലുള്ള ഹ്രസ്വശൃംഖല ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. കുടലിലെ കോശങ്ങൾക്ക് ഊർജം നൽകുന്നതിനും കുടലിന്‍റെ ആന്തരിക ആവരണത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും ഇവ പ്രധാനമാണ്. അതുകൊണ്ടുതന്നെ മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രയോജനകരമാണ്.
ഇന്നത്തെ തലമുറയുടെ ഭക്ഷണക്രമത്തിൽ പാക്കറ്റുകളിൽ ലഭിക്കുന്ന റെഡി ടു ഈറ്റ് വിഭവങ്ങൾക്കും അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്. ദീർഘകാലം സൂക്ഷിക്കാനും രുചിയും ഘടനയും ആകർഷകമാക്കാനും ഇത്തരം ഭക്ഷണങ്ങളിൽ വിവിധതരം അഡിറ്റീവുകൾ, എമൽസിഫയറുകൾ, കൃത്രിമ സുഗന്ധങ്ങൾ, സംരക്ഷക ഘടകങ്ങൾ എന്നിവ ഉപയോഗിക്കാറുണ്ട്. ഇവയിൽ പലതും അനുവദനീയമായ അളവിൽ ഉപയോഗിക്കുമ്പോൾ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം മൊത്തത്തിലുള്ള ഭക്ഷണത്തിന്‍റെ ഗുണനിലവാരം കുറയ്ക്കാൻ ഇടയാക്കുന്നു.
ഇത്തരം ഭക്ഷണങ്ങളിൽ സാധാരണയായി നാരുകളുടെ അളവ് കുറവായിരിക്കും. ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുമായിരിക്കും. ഇത് കുടലിലെ സൂക്ഷ്മാണുക്കളുടെ സ്വാഭാവിക സന്തുലിതാവസ്ഥയായ ഗട്ട് മൈക്രോബയോമിനെ ബാധിക്കാം. കുടലിലെ ഗുണകരമായ ബാക്റ്റീരിയകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതും ദോഷകരമായ ബാക്റ്റീരിയകളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുന്നതും കുടലിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്‍റെ അമിതമായ ഉപയോഗവും വൻകുടൽ ക്യാൻസർ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാ കൃത്രിമ ചേരുവകളും നേരിട്ട് ക്യാൻസറിന് കാരണമാകുന്നു എന്ന് പൊതുവായി പറയാനാവില്ല. ഭക്ഷണത്തിലെ നാരുകളുടെ കുറവ്, അമിതവണ്ണം, മൊത്തത്തിലുള്ള പോഷകക്കുറവ്, ദീർഘകാലത്തെ അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളും ഇതിൽ പ്രധാനമാണ്. അതിനാൽ പാക്കറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, സ്വാഭാവികവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങളിലേക്ക് മടങ്ങുകയാണ് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടത്.
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും ശീതളപാനീയങ്ങളും ഇന്നത്തെ ജീവിതശൈലിയിൽ സാധാരണമായിക്കഴിഞ്ഞു. കോളകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുടെ പതിവായ അമിത ഉപയോഗം ശരീരഭാരം വർധിക്കുന്നതിന് പ്രധാന കാരണമാകാം. ഇത്തരം ഭക്ഷണം നേരിട്ട് വൻകുടൽ ക്യാൻസർ സൃഷ്ടിക്കുന്നു എന്ന് പറയുന്നതിലുപരി, അവ അമിതവണ്ണത്തിനും ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾക്കും വഴിയൊരുക്കുന്നതിലൂടെയാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നത്.
ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധത്തിനു കാരണമാകാം. ഇതോടെ രക്തത്തിലെ ഇൻസുലിന്‍റെ അളവ് ഉയരുകയും ഇൻസുലിൻ ലൈക്ക് ഗ്രോത്ത് ഫാക്റ്റർ ഉൾപ്പെടെയുള്ള വളർച്ചാ ഘടകങ്ങളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അമിതവണ്ണം വൻകുടൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട അപകടസാധ്യതാ ഘടകങ്ങളിലൊന്നാണ്. അതിനാൽ മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ നിയന്ത്രിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നിവ ക്യാൻസർ പ്രതിരോധത്തിന്‍റെ ഭാഗമായി കാണണം. വെള്ളം, പഞ്ചസാര ചേർക്കാത്ത പാനീയങ്ങൾ, പഴങ്ങൾ എന്നിവയ്ക്ക് ഭക്ഷണക്രമത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് ആരോഗ്യകരമായ ശീലങ്ങളിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പാണ്.
മദ്യപാനവും വൻകുടൽ ക്യാൻസറും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. മദ്യത്തിന്‍റെ അമിതമായ ഉപയോഗം കരളിനെ മാത്രമല്ല, ദഹനവ്യവസ്ഥയെയും കുടലിലെ കോശങ്ങളെയും ബാധിക്കുന്നുണ്ട്. ശരീരത്തിലെത്തുന്ന മദ്യം അസറ്റാൽഡിഹൈഡ് എന്ന വിഷാംശമുള്ള സംയുക്തമായി വിഘടിക്കുന്നു. ഈ സംയുക്തത്തിന് ഡിഎൻഎയ്ക്ക് തകരാറുണ്ടാക്കാനും കോശങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ തടസപ്പെടുത്താനും കഴിയും. ഡിഎൻഎയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാലക്രമേണ അർബുദത്തിന്‍റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാം.
മദ്യപാനം ശരീരത്തിലെ ഫോളേറ്റ് ഉൾപ്പെടെയുള്ള ചില പോഷകങ്ങളുടെ ആഗിരണത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും ബാധിക്കാം. കോശങ്ങളുടെ സാധാരണ വളർച്ചയ്ക്കും ഡിഎൻഎയുടെ അറ്റകുറ്റപ്പണികൾക്കും ഫോളേറ്റ് പ്രധാനമാണ്. ഇതിന്‍റെ കുറവ് ഉൾപ്പെടെയുള്ള പോഷകസംബന്ധമായ പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യത്തിന്‍റെ ഉപയോഗത്തിന്‍റെ അളവും കാലയളവും വർധിക്കുന്നതിനനുസരിച്ച് വൻകുടൽ ക്യാൻസറിനുള്ള സാധ്യതയും വർധിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ മദ്യപാനം ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുന്നത് ക്യാൻസർ പ്രതിരോധത്തിനും പൊതുവായ ആരോഗ്യസംരക്ഷണത്തിനും പ്രധാനമാണ്.
വൻകുടൽ ക്യാൻസറിന്‍റെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ മാർഗങ്ങളിലൊന്ന് നമ്മുടെ ദൈനംദിന ഭക്ഷണശീലങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ്. സംസ്കരിച്ച മാംസങ്ങളുടെയും അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും അമിത ഉപയോഗം കുറച്ച് സ്വാഭാവികവും നാരുകൾ ധാരാളമുള്ളതുമായ ഭക്ഷണങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. ദിവസേനയുള്ള ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർവർഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ സ്ഥാനം നൽകണം. പാൽ, തൈര് തുടങ്ങി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ ഉൾപ്പെടുത്തുന്നതും വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്കൊപ്പം ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, പുകവലി ഒഴിവാക്കൽ, മദ്യപാനം നിയന്ത്രിക്കൽ എന്നിവയും രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. എന്നാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കും വൻകുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത പൂർണമായി ഇല്ലാതാകുന്നില്ല. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിനൊപ്പം നേരത്തെയുള്ള രോഗനിർണയത്തിനും പ്രാധാന്യം നൽകണം.
വൻകുടൽ ക്യാൻസർ പലപ്പോഴും പ്രാരംഭഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. മലത്തിൽ രക്തം കാണുക, മലവിസർജന ശീലങ്ങളിൽ ദീർഘകാല മാറ്റങ്ങൾ ഉണ്ടാകുക, കാരണമില്ലാത്ത ശരീരഭാരം കുറയുക, വിളർച്ച, തുടർച്ചയായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യപരിശോധന തേടണം. രോഗലക്ഷണങ്ങളില്ലാത്തവരിൽ പോലും പ്രായവും വ്യക്തിഗത അപകടസാധ്യതയും അനുസരിച്ച് സ്ക്രീനിംഗ് പരിശോധനകൾ ആവശ്യമായി വരാം. സാധാരണ അപകടസാധ്യതയുള്ളവരിൽ പല മാർഗനിർദേശങ്ങളും 45 വയസുമുതൽ സ്ക്രീനിംഗ് പരിഗണിക്കുന്നുണ്ട്. കുടുംബത്തിൽ വൻകുടൽ ക്യാൻസറിന്‍റെ ചരിത്രമുള്ളവരും മറ്റ് ഉയർന്ന അപകടസാധ്യതയുള്ളവരും നേരത്തേ പരിശോധന ആരംഭിക്കേണ്ടിവരാം. കൊളോണോസ്കോപ്പി ഉൾപ്പെടെയുള്ള പരിശോധനകളുടെ ആവശ്യകതയും ഇടവേളയും ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കണം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, സജീവമായ ജീവിതശൈലി, സമയബന്ധിതമായ പരിശോധനകൾ എന്നിവ ഒന്നിച്ചുചേരുമ്പോഴാണ് വൻകുടൽ ക്യാൻസറിന്‍റെ അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തേ കണ്ടെത്താനും സാധിക്കുന്നത്. നമ്മുടെ തീൻമേശയിൽനിന്ന് ആരംഭിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാല ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കും.