കിഡ്നി ക്യാൻസർ: ചികിത്സ കഴിഞ്ഞാലും ജാഗ്രത വേണം!
ഡോ. രാംനാഥ് ഷേണായ്
കൺസൾട്ടന്‍റ് ഹെമറ്റോ ഓങ്കോളജി
ആസ്റ്റർ മിംസ് കാസർഗോഡ്
അർബുദ നിർണയവും അതിനെത്തുടർന്നുള്ള ചികിത്സയും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടങ്ങളാണ്. വൃക്കകളെ ബാധിക്കുന്ന അർബുദം (Kidney Cancer) ഇന്ന് ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ്. ശസ്ത്രക്രിയയിലൂടെയോ മറ്റ് ആധുനിക ചികിത്സകളിലൂടെയോ രോഗം ഭേദമായതിനുശേഷവും രോഗി പൂർണമായും സുരക്ഷിതനാണെന്ന് പറയാനാവില്ല. കാരണം, അർബുദം വീണ്ടും വരാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇവിടെയാണ് 'ഫോളോ-അപ്പ് ഇമേജിങ്' അഥവാ ചികിത്സയ്ക്ക് ശേഷമുള്ള സ്കാനിങ് പരിശോധനകളുടെ പ്രാധാന്യം പ്രസക്തമാകുന്നത്. ചികിത്സ വിജയകരമായി പൂർത്തിയാക്കിയാലും കൃത്യമായ ഇടവേളകളിൽ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തേണ്ടത് ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
തുടക്കത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ
കിഡ്നി ക്യാൻസർ പ്രാരംഭഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതും, മുൻപ് ചികിത്സ കഴിഞ്ഞവർ ഈ ലക്ഷണങ്ങളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുമാണ്:
മൂത്രത്തിൽ രക്തത്തിന്‍റെ സാന്നിധ്യം: മൂത്രം ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിൽ കാണപ്പെടുന്നത് (Hematuria).
വിട്ടുമാറാത്ത നടുവേദന: പുറംഭാഗത്തോ വാരിയെല്ലുകൾക്ക് താഴെയോ ആയി വിട്ടുമാറാത്ത വേദന അനുഭവപ്പെടുക.
വയറ്റിൽ മുഴ: വയറിന്‍റെ വശങ്ങളിലോ പുറത്തോ തടിപ്പോ മുഴയോ അനുഭവപ്പെടുന്നത്.
കാരണമില്ലാതെ ശരീരഭാരം കുറയുക: കൃത്യമായ കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ.
വിട്ടുമാറാത്ത ക്ഷീണവും വിളർച്ചയും: വിശപ്പില്ലായ്മയും നിരന്തരമായ ക്ഷീണവും അനുഭവപ്പെടുക.
Dr. Ramnath Shenoy K
Consultant - Medical & Haemato-Oncology Aster MIMS Kasaragod
സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും കാരണങ്ങളും
വൃക്കയിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് അർബുദത്തിന് കാരണമാകുന്നത്. ഇതിലേക്ക് നയിക്കുന്ന പ്രധാന സാധ്യതാ ഘടകങ്ങൾ ഇവയാണ്:
പുകവലി: പുകവലിക്കുന്നവരിൽ വൃക്കയിലെ അർബുദം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്.
അമിതവണ്ണം: ശരീരഭാരം കൂടുന്നത് ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും രോഗസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന രക്തസമ്മർദം: ബി.പി കൃത്യമായി നിയന്ത്രിക്കാത്തവരിലും രോഗസാധ്യത കൂടുതലായി കണ്ടുവരുന്നു.
ഡയാലിസിസ് ചികിത്സ: ദീർഘകാലമായി ഡയാലിസിസ് ചെയ്യുന്നവരിൽ വൃക്കയിൽ അർബുദം വരാൻ സാധ്യത കൂടുതലാണ്.
രാസവസ്തുക്കളുമായുള്ള സമ്പർക്കം: ആസ്ബറ്റോസ്, കാഡ്മിയം തുടങ്ങിയ മാരക രാസവസ്തുക്കളുമായി നിരന്തരം ജോലിസ്ഥലങ്ങളിൽ സമ്പർക്കം പുലർത്തുന്നവർ.
നേരത്തെയുള്ള കണ്ടെത്തലിന്‍റെയും ഫോളോ-അപ്പ് പരിശോധനകളുടെയും പ്രാധാന്യം
കിഡ്നി കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. അതുപോലെതന്നെ പ്രധാനമാണ് ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും. ഇതിനായി സി.ടി സ്കാൻ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകൾ കൃത്യമായി ചെയ്യണം. രോഗം വീണ്ടും വരുന്നത് തടയാൻ ചികിത്സയ്ക്ക് ശേഷം അതേ സ്ഥലത്തോ അല്ലെങ്കിൽ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ (ശ്വാസകോശം, എല്ലുകൾ) വീണ്ടും വരാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ സ്കാനിംഗിലൂടെ ഇത് തുടക്കത്തിലേ കണ്ടെത്താം.
ആരോഗ്യകരമായ ജീവിതശൈലിയും
അർബുദ ചികിത്സ കഴിഞ്ഞവർ ഡോക്റ്റർ നിശ്ചയിച്ചിട്ടുള്ള ഫോളോ-അപ്പ് തീയതികൾ ഒരു കാരണവശാലും മുടക്കരുത്. പൂർണ ആരോഗ്യം തോന്നിയാലും, ശരീരത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും കൃത്യമായ സ്കാനിംഗ് പരിശോധനകൾ കൃത്യസമയത്ത് തന്നെ തുടരേണ്ടതാണ്.
ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് രോഗാവസ്ഥകളെ അകറ്റി നിർത്താൻ സഹായിക്കും:
പുകവലി പൂർണമായും ഒഴിവാക്കുക: ഇത് രോഗം വീണ്ടും വരാനുള്ള സാധ്യത വൻതോതിൽ കുറയ്ക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുക: സന്തുലിതവും പോഷകസമൃദ്ധവുമായ ആഹാരരീതിയിലൂടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക.
വ്യായാമം ശീലമാക്കുക: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടുക.
ധാരാളം വെള്ളം കുടിക്കുക: വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ് (എന്നാൽ ഒരു വൃക്ക മാത്രമുള്ളവരോ മറ്റ് വൃക്കരോഗമുള്ളവരോ ഡോക്ടറുടെ നിർദ്ദേശാനുസരണം വെള്ളത്തിന്‍റെ അളവ് ക്രമീകരിക്കുക).
രക്തസമ്മർദം നിയന്ത്രണത്തിലാക്കുക: ബി.പി ഉള്ളവർ കൃത്യമായി മരുന്നുകൾ കഴിച്ച് നിയന്ത്രിച്ചു നിർത്തണം.