ഫ്രാൻസിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; പകരുന്നത് കന്നുകാലികൾ വഴി

 
Health

ഫ്രാൻസിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; പകരുന്നത് കന്നുകാലികൾ വഴി

ഈ വൈറസ് ബാധയേറ്റ മൃഗങ്ങളില്‍ പാല്‍ ഉത്പാദനം 75% വരെ കുറഞ്ഞതായി കണ്ടെത്തി.

MV Desk

പാരിസ്: വളര്‍ത്തുമൃഗങ്ങളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ ബാധിച്ച ആദ്യ സംഭവം ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മരണമടഞ്ഞ ഒരു രോഗിയില്‍ ഈ വൈറസ് മരണകാരണമായോ അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിച്ചോ എന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

മരിച്ചയാൾ ഗുരുതരമായ ഒരു രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് യൂറോപ്യന്‍ സെന്‍റര്‍ ഫൊര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) അറിയിച്ചു. അണുബാധയേറ്റിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് ഉണ്ടായതെന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്.

വസന്തകാലത്തും വേനല്‍ക്കാലത്തും കിഴക്കന്‍ ഫ്രാന്‍സിലെ മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നുവെന്നും, അവിടെനിന്നായിരിക്കാം രോഗിക്ക് വൈറസ് ബാധയേറ്റതെന്നുമാണ് കരുതുന്നതെന്ന് ഫ്രാന്‍സിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് നിലവില്‍ യാതൊരു ഭീഷണിയുമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസിഡിസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, പൊതുജനാരോഗ്യത്തിന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഫ്രഞ്ച് അധികൃതരുമായും യൂറോപ്യന്‍ പങ്കാളികളുമായും ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

ഏങ്ങനെയാണ് പകരുന്നത് ?

കടിക്കുന്ന തരം ചെറുകീടങ്ങള്‍ വഴിയാണ് ഷാമോണ്ട വൈറസ് പകരുന്നത്. ഇത് പ്രധാനമായും കന്നുകാലികളിലാണ് കണ്ടുവരുന്നത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫൊര്‍ അനിമല്‍ ഹെല്‍ത്ത് നല്‍കുന്ന വിവരമനുസരിച്ച്, കുതിരകള്‍, ആടുകള്‍ എന്നിവയിലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്.

1960കളുടെ മധ്യത്തില്‍ നൈജീരിയയിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. തെക്കന്‍ ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, കിഴക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളിലെ രോഗബാധിതരായ കന്നുകാലികളില്‍ നടത്തിയ ജനിതക പരിശോധനകളിലൂടെ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന്, ജൂലൈ അവസാനത്തോടെ യൂറോപ്പിലും ഇതിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഓസ്ട്രിയ, ബെല്‍ജിയം, അയര്‍ലന്‍ഡ്, ഇറ്റലി, ലിച്ചെന്‍സ്‌റ്റൈന്‍, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്‌പെയിന്‍, കൂടാതെ ബ്രിട്ടീഷ് ക്രൗണ്‍ ഡിപ്പന്‍ഡന്‍സിയായ ജേഴ്‌സി എന്നിവിടങ്ങളിലും ഈ വൈറസ് കണ്ടെത്തിയതായി ഫ്രാന്‍സിലെ മൃഗാരോഗ്യ നിരീക്ഷണ വിഭാഗത്തിന്റെ പ്രതിവാര ബുള്ളറ്റിന്‍ പറയുന്നു. ഫ്രാന്‍സിലെ ഒമ്പത് ക്ഷീരഫാമുകളില്‍ നടത്തിയ ഒരു പഠനത്തില്‍, ഈ വൈറസ് ബാധയേറ്റ മൃഗങ്ങളില്‍ പാല്‍ ഉത്പാദനം 75% വരെ കുറഞ്ഞതായി കണ്ടെത്തി.