ചോറ് നിർത്തി ചപ്പാത്തിയാക്കിയോ? ദിവസം എത്ര ചപ്പാത്തി വരെ കഴിക്കാം

 
Lifestyle

ചോറ് നിർത്തി ചപ്പാത്തിയാക്കിയോ? ദിവസം എത്ര ചപ്പാത്തി വരെ കഴിക്കാം

ഇടത്തരം വലിപ്പമുള്ള ഒരു ഗോതമ്പ് ചപ്പാത്തിയിൽ നിന്ന് നിങ്ങൾക്ക് 70 മുതൽ 80 വരെ കലോറി ലഭിക്കും

Manju Soman

ശരീരഭാരം കുറക്കാനുള്ള ഡയറ്റിന്‍റെ ഭാഗമായി ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയിരിക്കുകയാണോ? അങ്ങനെയുള്ള കടുത്ത തീരുമാനം എടുത്തതുകൊണ്ട് കാര്യമില്ല. ദിവസം എത്ര ചപ്പാത്തി കഴിക്കുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളുടെ ശരീരഭാരത്തിൽ കുറവ് വരിക.

ചപ്പാത്തിയിലെ കലോറി

കാർബോഹൈഡ്രേറ്റ് എന്ന് പറഞ്ഞ് ചപ്പാത്തിയെ ലേബൽ ചെയ്യുന്നത് ശരിയല്ല. ചപ്പാത്തി നിങ്ങൾക്ക് ഊർജവും കുറച്ച് പ്രോട്ടീനും ഫൈബറും നൽകുന്നുണ്ട്. കൂടാതെ വിശപ്പ് നിയന്ത്രിക്കാനും ഇത് സഹായകമാണ്.

ഇടത്തരം വലിപ്പമുള്ള ഒരു ഗോതമ്പ് ചപ്പാത്തിയിൽ നിന്ന് നിങ്ങൾക്ക് 70 മുതൽ 80 വരെ കലോറി ലഭിക്കും. എണ്ണ ഉപയോഗിക്കാതെയുണ്ടാക്കുന്ന ചപ്പാത്തിയുടെ കലോറി കുറച്ചുകൂടി കുറയും. ചപ്പാത്തിയ്ക്കൊപ്പം പ്രോട്ടീനും മറ്റ് ന്യൂട്രിയൻസുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഡയറ്റ് ബാലൻസ് ചെയ്യാൻ സഹായിക്കും.

ദിവസം എത്ര ചപ്പാത്തി കഴിക്കാം

നിങ്ങളുടെ ശരീരഭാരത്തിനും ദിവസേനയുള്ള ശാരീരിക അധ്വാനത്തിനും അനുസരിച്ചാണ് എത്ര ചപ്പാത്തി കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഇരുന്ന് ജോലി ചെയ്യുകയും കാര്യമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടാത്തവരുമാണെങ്കിൽ നിങ്ങൾക്ക് മൂന്ന് മുതൽ നാല ചപ്പാത്തി മതിയാകും. കുറച്ച് ശാരീരിക അധ്വാനം ചെയ്യുന്നവരാണെങ്കിൽ നാല് മുതൽ അഞ്ച് വരെ ചപ്പാത്തി കഴിക്കണം. ശാരീരിക അധ്വാനം ചെയ്യുന്നവരോ കഠിനമായ വർക്കൗട്ട് ചെയ്യുന്നവരോ ആണെങ്കിൽ അവരുടെ ഊർജത്തിന് അനുസരിച്ച ആറോ അതിൽ കൂടുതലോ ചപ്പാത്തി കഴിക്കണം.

ചപ്പാത്തി മാത്രം മതിയോ

ചപ്പാത്തിയുടെ എണ്ണം എന്നതിനേക്കാൾ അത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്. പ്രോട്ടീനും പച്ചക്കറികളും ചേർത്തുവേണം ചപ്പാത്തി കഴിക്കാൻ. ദിവസം 3-4 ചപ്പാത്തി കഴിക്കേണ്ടിവരുന്ന സമയത്ത് ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലുമായി ഉൾപ്പെടുത്തുന്നതാവും നല്ലത്. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ലാത്തതിനാൽ ആ സമയത്ത് കുറച്ച് ചപ്പാത്തി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു

"ട്രംപിന്‍റെ തനിനിറം പുറത്തായി", ആക്രമണത്തിൽ നിശിത വിമർശനവുമായി റഷ്യ

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു