പുൽമേടുകൾ മഞ്ഞക്കുപ്പായമണിഞ്ഞു; മൂന്നാറിൽ കിലുക്കാംപെട്ടി വസന്തം!
മൂന്നാറിലെ നീലക്കുറിഞ്ഞിക്കാലം കഴിഞ്ഞു. ഇനി കുറച്ച് മഞ്ഞപ്പൂക്കളാവാം. ഇന്ന് മൂന്നാറിലെ മലനിരകൾ മഞ്ഞപൂക്കളാൾ സുന്ദരമായി കിടക്കുകയാണ്. കിലുക്കാംപെട്ടി ചെടികളിൽ വിരിഞ്ഞ പൂക്കൾ. നിലക്കുറിഞ്ഞി പോലെ അത്ര ഫെയ്മസല്ലെങ്കിലും ആള് കിടിലനാണ്. മൂന്നാറിലെ യെല്ലപ്പെട്ട് പുൽമേടുകളിലാണ് കിലുക്കാംപെട്ടി പൂക്കൾ പൂത്ത് നിൽക്കുന്നത്.
മൂന്നാറിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് യെല്ലപ്പെട്ടി. മഞ്ഞുമൂടിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലം. വിശാലമായ പുൽമേടിന് നടുവിലൂടെ ഒഴുകുന്ന കൊച്ചരുവിയാണ് യെല്ലപെട്ടിയിലെ പ്രധാന ആകർഷണം. ഈ അരുവിയ്ക്കു ചുറ്റും, കിലുക്കാംപെട്ടി എന്നറിയപ്പെടുന്ന ചെടികൾ മഞ്ഞ പൂക്കളുടെ വിസ്മയമാണ് തീർത്തിരിക്കുന്നത്.
മൂന്നാറിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് യെല്ലപെട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണൻ ദേവൻ ഹിൽസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിലവിൽ ഈ ചെടികൾ പൂവിട്ടുനിൽക്കുന്നത്.
പേരിന് പിന്നിൽ
കിലുക്കാപ്പെട്ടി ചെടി, പൂക്കൾ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നും. എന്താണ് ഇങ്ങനെയൊരു പേരെന്നാവും ആദ്യം ചിന്തിക്കുക. പേരിനു പിന്നിൽ ഒരു കാരണമുണ്ട്. ചെടിയുടെ പച്ച നിറത്തിലുള്ള കായ്കളുണ്ട്. ഇത് ഉണങ്ങുമ്പോൾ തവിട്ടോ കറുപ്പോ നിറമായി മാറുന്നു. ഉണങ്ങിയ ഈ കായ്കൾ കുലുക്കുമ്പോൾ അതിനുള്ളിലെ വിത്തുകൾ ഇളകി കുട്ടികളുടെ കിലുക്കാംപെട്ടി കിലുങ്ങുന്നതുപോലെയുള്ള ശബ്ദം ഉണ്ടാക്കുന്നു.
അതിനാലാണ് 'കിലുക്കാംപെട്ടി ചെടി' എന്ന് പേരുവന്നത്. തിളക്കമുള്ള മഞ്ഞ നിറത്തിൽ കുലകളായാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്. ചിത്രശലഭങ്ങളുടെ ആകൃതിയുള്ള ഈ പൂക്കൾ പൂന്തോട്ടങ്ങൾക്ക് ഏറെ ഭംഗി നൽകുന്നതാണ്.